കോട്ടയം: ക്ലാസിനെ മാറ്റി, പ്രായംകൊണ്ട് താരങ്ങളെ വേർതിരിച്ച് നടത്തിയ ആദ്യ സംസ്ഥാന സ്കൂൾ കായികമേളക്ക് കൊടിയിറങ്ങിയപ്പോൾ തലയെടുപ്പ് ജൂനിയർ താരങ്ങൾക്ക്. പ്രായാടിസ്ഥാനത്തിൽ നടന്ന മത്സരത്തിൽ ജൂനിയർ വിഭാഗം മത്സരങ്ങൾ കനത്ത പോരിടങ്ങളായി. ചേട്ടന്മാരെക്കാൾ മികച്ച പ്രകടനവുമായി അവർ കളംവാണു. മേളയിൽ മൊത്തം പിറന്ന 15 റെക്കോഡുകളിൽ ജൂനിയർ വിഭാഗം മേൽക്കൈ സ്വന്തമാക്കുകയും ചെയ്തു. ഒരു പിടി ഭാവിതാരങ്ങളുടെ പിറവിക്കും പാലായുടെ മണ്ണ് സാക്ഷ്യംവഹിച്ചു.
ജൂനിയർ പെൺകുട്ടികളുടെ ലോങ്ജംപിൽ എറണാകുളം മാതിരപ്പിള്ളിയിലെ സാന്ദ്ര ബാബുവിെൻറ പ്രകടനമായിരുന്നു ശ്രദ്ധേയം. 6.07 മീറ്ററോടെ ദേശീയ റെക്കോഡ് മറികടന്നതിനൊപ്പം മീറ്റ് റെക്കോഡും സ്വന്തമാക്കിയ സാന്ദ്ര ഭാവികേരളത്തിെൻറ പ്രതീക്ഷയാണ്. ജൂനിയർ വിഭാഗത്തിൽ ആറു മീറ്ററിലധികം ചാടുന്ന താരങ്ങൾ രാജ്യത്തുതന്നെ കുറവാണെന്നത് ഇൗ നേട്ടത്തിന് മധുരം വർധിപ്പിക്കുന്നു. മുൻ രാജ്യാന്തര പരിശീലകൻ ടി.പി. ഒൗസേപ്പ് ഇൗ താരത്തെ ഇനിയും മിനുക്കിയെടുക്കുമെന്ന് പ്രതീക്ഷിക്കാം. ജൂനിയർ മധ്യദൂരയിനങ്ങളിൽ ട്രാക്ക് പിടിച്ചടക്കിയ അഭിഷേക് മാത്യുവും സീനിയറിലെ താരത്തെ പിന്തള്ളി മേളയിലെ വേഗകുമാരിയായ ഇ. ആൻസി സോജനും ഉയർത്തുന്ന പ്രതീക്ഷകൾ ഏറെയാണ്.
പുല്ലൂരാംപാറയെന്ന കരുത്ത്
കോഴിക്കോടിെൻറ മലയോരത്തുനിന്ന് എത്തി വിസ്മയക്കുതിപ്പ് നടത്തിയ പുല്ലൂരാംപാറ സ്കൂൾ പകരുന്ന പാഠങ്ങളും ഏറെയാണ്. തദ്ദേശീയ പരിശീലകനും കുട്ടികളും ചേർന്നാണ് നേട്ടമെന്നത് ഇവരെ വേറിട്ടതാകുന്നു. കോതമംഗലം മാർ ബേസിൽ 75 പോയൻറുമായി നാലാം തവണയും ചാമ്പ്യന്മാരായെങ്കിലും മെഡൽ പട്ടികയിലെ കുറവ് തിരിച്ചടിയായി. മണീട് സ്കൂളിലേക്ക് ഒരുകൂട്ടം കുട്ടികൾ കൂടുമാറിയതാണ് ഇവർ കാരണമായി പറയുന്നത്. പാലക്കാട് കല്ലടിക്കും കോതമംഗലം സെൻറ് ജോർജിനും പറയാനും നഷ്ടക്കണക്കുകൾ തന്നെ.
അതേസമയം, കഴിഞ്ഞതവണ അഞ്ചാം സ്ഥാനവും 40 പോയൻറുമുണ്ടായിരുന്ന പാലക്കാട് മുണ്ടൂർ സ്കൂളിെൻറ പതനം ഏറെ ചർച്ചയായി. ഒരു സ്വർണം മാത്രം നേടിയ ഇവർ 13ാം സ്ഥാനത്തായി. സിന്തറ്റിക് ട്രാക്ക് ഉൾപ്പെടെ സൗകര്യമുള്ള ഉഷ സ്കൂൾ അടക്കം പിന്നാക്കം പോയപ്പോഴാണ് അടിസ്ഥാന സൗകര്യങ്ങളൊന്നും ഇല്ലാത്ത പുല്ലൂരാംപാറ അടക്കമുള്ളവയുടെ കുതിപ്പ്. സായി തിരുവനന്തപുരവും ഏറെ പ്രതീക്ഷകൾ നൽകുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.