തിരുവനന്തപുരം: 22ാമത് ഏഷ്യന്‍ അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ മെഡലണിഞ്ഞ മലയാളി താരങ്ങൾക്ക് കൈനിറയെ പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഒഡിഷയിലെ ഭുവനേശ്വറിൽ നടന്ന ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ ജേതാക്കളാക്കുന്നതിൽ നിർണായക സംഭാവന നൽകിയ മലയാളി താരങ്ങൾക്ക് കാഷ് അവാര്‍ഡ് നല്കാന് മന്ത്രിസഭ യോഗം തീരുമാനിച്ചു.
വ്യക്തിഗത ഇനത്തില്‍ സ്വര്‍ണം നേടിയവര്‍ക്ക് 10 ലക്ഷം രൂപ, വെള്ളി നേടിയവര്‍ക്ക് ഏഴ് ലക്ഷം, വെങ്കലം നേടിയവര്‍ക്ക് അഞ്ച് ലക്ഷം രൂപ എന്നിങ്ങനെ നല്‍കും. ടീമിനത്തില്‍ സ്വര്‍ണം നേടിയവര്‍ക്ക് അഞ്ച് ലക്ഷം, വെള്ളി നേടിയവര്‍ക്ക് 3.5 ലക്ഷം രൂപ, വെങ്കലം നേടിയവര്‍ക്ക് 2.5 ലക്ഷം രൂപ അനുവദിക്കാനും മന്ത്രിസഭ തീരുമാനിച്ചു. മീറ്റില്‍ മികച്ച പ്രകടനം കാഴ്ചവെച്ച പി.യു. ചിത്രക്ക് തുടര്‍പരിശീലനത്തിനും മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനും വേണ്ടിയുള്ള സഹായം സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ അറിയിച്ചു. ഏഷ്യന്‍ അത്ലറ്റിക് മീറ്റില്‍ നേട്ടം കൈവരിച്ച കായികതാരങ്ങള്‍ക്ക് തിരുവനന്തപുരത്ത് സ്വീകരണം നല്‍കും. ഇവരുടെ പരിശീലകരെയും ആദരിക്കും.
ഏഷ്യൻ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ 13 മലയാളികളാണ് മെഡൽ പട്ടികയിൽ ഇടം പിടിച്ചത്. ഇവരിൽ മുഹമ്മദ് അനസ് ഇരട്ട സ്വർണം നേടിയപ്പോൾ, ജിസ്ന ഒരോ സ്വർണവും വെങ്കലവും നേടി.
സ്വർണം: മുഹമ്മദ് അനസ് (400മീ , 4x400 മീറിലേ), പി.യു ചിത്ര (1500മീ), കുഞ്ഞു മുഹമ്മദ്, അമോജ് ജേക്കബ് ( 4x400മീ റിലേ), ജിസ്ന മാത്യൂ( 4x400മീ റിലേ).
വെള്ളി: ടി. ഗോപി (10,000മീ ),അനു ആർ (400മീ ഹർഡ്ൽസ്), വി. നീന (ലോങ്ജംപ്).
വെങ്കലം: ജിൻസൺ ജോൺസൺ(800), എം.പി ജാബിർ (400 മീ ഹർഡ്ൽസ്), നയന ജെയിംസ് (ലോങ്ജംപ്), എൻ.വി ഷീന (ട്രിപ്ൾ ജംപ്), മെർലിൻ ജോസഫ് (4x100 മീ റിലേ), ജിസ്ന മാത്യൂ (400 മീ)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.