തേഞ്ഞിപ്പലം: മരിയ ജെയ്സണിനുശേഷം പോള്‍വാള്‍ട്ട് പിറ്റ് കീഴടക്കാന്‍ രണ്ടു താരങ്ങള്‍. സീനിയര്‍ വിഭാഗത്തില്‍ മികച്ച പ്രകടനവുമായി ദിവ്യ മോഹനും ജൂനിയര്‍ വിഭാഗത്തില്‍ റെക്കോഡ് പ്രകടനവുമായി നിവ്യ ആന്‍റണിയുമാണ് ആധിപത്യത്തിന് മത്സരിക്കുന്ന താരങ്ങള്‍. തന്‍െറ പേരിലായിരുന്ന പെണ്‍കുട്ടികളുടെ ജൂനിയര്‍ റെക്കോഡ് തിരുത്തിക്കുറിച്ചാണ് നിവ്യ മടങ്ങിയത്.
കല്ലടി എച്ച്.എസ്.എസില്‍ പത്താം ക്ളാസ് വിദ്യാര്‍ഥിനിയായ നിവ്യ, കഴിഞ്ഞ വര്‍ഷം കോഴിക്കോടാണ് ജൂനിയര്‍ വിഭാഗത്തില്‍ 3.20 മീറ്റര്‍ താണ്ടി റെക്കോഡ് തന്‍െറ പേരിലാക്കിയത്. ഒരു വര്‍ഷമിപ്പുറം മലപ്പുറത്ത് റെക്കോഡ് വീണ്ടുമുയര്‍ത്തി. ഇക്കുറി 3.45 മീറ്റര്‍ ഉയരമാണ് നിവ്യ ചാടിയത്. ദേശീയ റെക്കോഡിനെ (3.20) വെല്ലുന്ന പ്രകടനമാണ് നിവ്യയില്‍നിന്നുണ്ടായത്. 3.50 മീറ്റര്‍ ഉയരം കടക്കാനുള്ള ശ്രമം വിഫലമായി. റെക്കോഡ് ഉറപ്പിച്ചാണ് നിവ്യ മീറ്റിനത്തെിയത്. ആദ്യ ശ്രമത്തില്‍ 2.70 മീറ്റര്‍ കടന്ന നിവ്യ 3, 3.22, 3.31ഉം വെല്ലിവിളികളില്ലാതെ കടന്നു.
കോതമംഗലം മാര്‍ ബേസില്‍ താരം ബ്ളെസി കുഞ്ഞുമോന്‍ (2.50 മീ.) വെള്ളിയും തൃശൂര്‍ ഗവ. ഫിഷറീസ് സ്കൂള്‍ താരം പി.എസ്. സുഫ്ന ജാസ്മിന്‍ (2.45 മീ.) വെങ്കലവും നേടി. പട്യാലയില്‍ നടന്ന കഴിഞ്ഞ സൗത്ത് ഏഷ്യന്‍ ഗെയിംസിലും നിവ്യ 3.45 മീറ്റര്‍ താണ്ടി സ്വര്‍ണം നേടിയിരുന്നു. 3.32 മീറ്റര്‍ താണ്ടി കോയമ്പത്തൂരില്‍ നടന്ന ദേശീയ ജൂനിയര്‍ മീറ്റിലും സ്വര്‍ണം നേടി. തുര്‍ക്കിയില്‍ നടന്ന ലോക സ്കൂള്‍ മീറ്റില്‍ 3.20 മീറ്റര്‍ ചാടി വെങ്കലവും നിവ്യ സ്വന്തമാക്കിയിരുന്നു.
കണ്ണൂര്‍ കോളയാട് സ്വദേശികളായ എടക്കുടയില്‍ ആന്‍റണി-റെജി ദമ്പതികളുടെ മകളാണ്. പാലാ ജംപ്സ് അക്കാദമിയില്‍ സതീഷ് പോളിന്‍െറ കീഴിലാണ് പരിശീലനം. കഴിഞ്ഞ വര്‍ഷം ദേശീയ സ്കൂള്‍ മീറ്റില്‍ ജൂനിയര്‍ വിഭാഗത്തില്‍ സ്വര്‍ണം നേടിയ ദിവ്യ ഇക്കുറി 3.30 മീറ്റര്‍ ചാടി സീനിയര്‍ വിഭാഗത്തിലെ ആദ്യ മീറ്റില്‍തന്നെ സ്വര്‍ണം കൊയ്തു.
പാലക്കാട് കല്ലടി സ്കൂളിലെ അര്‍ഷ ബാബു (3.10 മീ.) വെള്ളിയും തിരുവനന്തപുരം സായിയിലെ മാളവിക രമേഷ് (2.90) വെങ്കലവും നേടി. എറണാകുളം കോതമംഗലം മാര്‍ബേസില്‍ എച്ച്.എസ്.എസിലെ പ്ളസ് വണ്‍ വിദ്യാര്‍ഥിയായ ദിവ്യ, ചാള്‍സ് ഇ. ഇടപ്പയുടെ ശിക്ഷണത്തിലാണ്. കോയമ്പത്തൂര്‍ ദേശീയ ജൂനിയര്‍ മീറ്റില്‍ നിവ്യക്കു പിന്നില്‍ രണ്ടാമതായാണ് ഫിനിഷ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.