ലണ്ടൻ: സ്പ്രിൻറ് ട്രാക്കിൽ അടിതെറ്റിയ ജമൈക്കക്ക് ആശ്വാസമായി സ്പ്രിൻറ് ഹർഡ്ൽസിൽ നിന്നും ആദ്യ സ്വർണം. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഉസൈൻ ബോൾട്ടും യൊഹാൻ ബ്ലെയ്കും എലിൻ തോംപ്സണും നിറംമങ്ങിയതോടെ സമ്മർദത്തിലായ ജമൈക്കക്കായി 110 മീറ്റർ ഹർഡ്ൽസിൽ ഒമർ മക്ലിയോഡാണ് ആദ്യസ്വർണം സമ്മാനിച്ചത്. ലോക, ഒളിമ്പിക്സ് ചാമ്പ്യന്മാർ മത്സരിച്ച ഹർഡ്ൽസിൽ 13.04 സെക്കൻഡിൽ ഒാടിയെത്തിയാണ് മക്ലിയോഡ് ബോൾട്ടിെൻറ നാട്ടിലേക്ക് ആദ്യ സ്വർണമെത്തിച്ചത്.
വനിതകളുടെ 1500 മീറ്ററിൽ റിയോ ഒളിമ്പിക്സ് ചാമ്പ്യനായ കെനിയയുടെ ഫെയ്ത് കിപ്യിഗോൺ സ്വർണറാണിയായി. മുൻ ലോകചാമ്പ്യൻ അമേരിക്കയുടെ ജെന്നിഫർ സിംപ്സൺ വെള്ളിയും, ദക്ഷിണാഫ്രിക്കയുടെ കാസ്റ്റർ സെമന്യ വെങ്കലവും നേടി. എട്ടാം സ്ഥാനത്തായിരുന്ന സെമന്യ അവസാന 50 മീറ്ററിലെ സ്പ്രിൻറ് കുതിപ്പിലൂടെയാണ് മെഡൽ പട്ടികയിൽ ഇടം പിടിച്ചത്. നാല് മിനിറ്റ് 02.59 സെക്കൻഡിലാണ് ഫെയ്ത് കിപ്യിഗോൺ സ്വർണമണിഞ്ഞത്. മലയാളി താരം പി.യു. ചിത്ര മാറ്റുരക്കേണ്ട ഇനമായിരുന്നു ഇത്.
നിലവിലെ ലോകറെക്കോഡിനുടമയും ലോകചാമ്പ്യനുമായ ഇത്യോപ്യയുടെ ജെൻസബ ഡിബാബ 12ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ട്രിപ്ൾ ജംപിൽ യുലിമർ റോജാസിലൂടെ വെനിസ്വേല ചരിത്രത്തിലാദ്യമായി ലോകചാമ്പ്യൻഷിപ്സ്വർണപ്പട്ടികയിൽ ഇടം പിടിച്ചു. 14.91 മീറ്ററാണ് പ്രകടനം. റിയോ ഒളിമ്പിക്സിലെ വെള്ളിമെഡൽ ജേതാവായിരുന്നു റോജ. ഒളിമ്പിക്സ്-ലോകചാമ്പ്യൻ കൊളംബിയയുടെ കാതറിൻ ഇബർഗൻ രണ്ടാമതായി.
നിർമല പുറത്ത്ലോകമീറ്റ് 400 മീറ്റർ സെമിയിൽ കടന്ന ഇന്ത്യൻ താരം നിർമല ഷിയോറൺ 22ാം സ്ഥാനത്ത്. രണ്ടാം ഹീറ്റ്സിൽ മത്സരിച്ച ഇന്ത്യൻ താരം ഏഴാമതായാണ് (53.07 സെ) ഫിനിഷ് ചെയ്തത്. മീറ്റിൽ ഇതുവരെ സെമിയിലെത്തിയ ഏക ഇന്ത്യൻ താരമാണ് നിർമല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.