ജകാർത്ത: മൾട്ടി സ്പോർട്സ് മേളകളിൽ ഇന്ത്യയുടെ സ്വർണഖനിയാണ് ട്രാക്കും ഫീൽഡും. ഏഷ്യൻഗെയിംസിലും കോമൺവെൽത്ത് ഗെയിംസിലും ഇന്ത്യൻ മെഡൽ പട്ടികക്ക് തിളക്കം നൽകുന്ന അത്ലറ്റിക്സ് ജകാർത്തയിലും പതിവിലേറെ തിളങ്ങി. ഗെയിംസിന് ഞായറാഴ്ച കൊടിയിറങ്ങാനിരിക്കെ ഇന്ത്യ നേടിയ 13ൽ ഏഴ് സ്വർണവും ട്രാക്കിലും ഫീൽഡിൽനിന്നുമായി വിളയിച്ചെടുത്തതായിരുന്നു. 10 വെള്ളിയും രണ്ട് വെങ്കലവും കൂടി പിറന്നു.
1951ൽ ന്യൂഡൽഹി വേദിയായ പ്രഥമ ഏഷ്യൻ ഗെയിംസിനുശേഷം ഇന്ത്യൻ അത്ലറ്റിക്സിെൻറ ഏറ്റവും മികച്ച പ്രകടനത്തിനാണ് ജകാർത്ത വേദിയായത്. ഡൽഹിയിൽ 10 സ്വർണവും 12 വെള്ളിയും നേടിയവർ അത്ലറ്റിക്സിൽ രണ്ടാം സ്ഥാനത്തെത്തി. 2002 ബുസാനിൽ ഇന്ത്യ ഏഴ് സ്വർണം നേടിയെങ്കിലും വെള്ളിയുടെ എണ്ണത്തിൽ ആറിലെത്താനേ കഴിഞ്ഞുള്ളൂ. ഇക്കുറി സ്വർണത്തേക്കാൾ മികച്ചുനിന്നത് വെള്ളിയായി.
ആഫ്രിക്കയോട് പോരാടി
ഏഷ്യൻ രാജ്യങ്ങളുടെ പോരാട്ടമാണെങ്കിലും ജകാർത്തയിൽ കണ്ടത് ഒരു ആഫ്രാ-ഏഷ്യൻ ഗെയിംസായിരുന്നു. ബഹ്റൈെൻറയും ഖത്തറിെൻറയും കുപ്പായത്തിൽ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കരുത്തരായ അത്ലറ്റുകൾ ട്രാക്കിലിറങ്ങി. കായികബലത്തിൽ ഏറെ മുന്നിലുള്ള ഇവരോടുകൂടി ഏറ്റുമുട്ടിയായിരുന്നു ട്രാക്കിനങ്ങളിൽ ഇന്ത്യയുടെ വെന്നിക്കൊടി. നൈജീരിയ, സുഡാൻ, ഇൗജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള ഒരുപിടി പേർ ബഹ്റൈനും ഖത്തറിനുമായി പൊന്നണിഞ്ഞു. ഇവർക്കുപുറമെ ചൈനയായിരുന്നു പ്രധാന വെല്ലുവിളി. ശ്രദ്ധേയമായ ഏതാനും ഇനങ്ങളിൽ മേധാവിത്വം സ്ഥാപിച്ച ചൈന 12 സ്വർണവുമായി 33 മെഡലുകൾ അത്ലറ്റിക്സിൽനിന്ന് വാരി. വനിതകളിൽ സ്പ്രിൻറ് ഡബ്ൾ നേടിയ നൈജീരിയയിൽനിന്നുള്ള എഡിഡിയോങ് ഒഡിയോങ്ങായിരുന്നു ബഹ്റൈെൻറ തുറുപ്പുശീട്ട്. റിലേ ഉൾപ്പെടെ മൂന്ന് സ്വർണത്തിൽ ഇവർ പങ്കാളിയായി.
ഇന്ത്യയുടെ കേരള എൻജിൻ
അത്ലറ്റിക്സിൽ 22 പുരുഷതാരങ്ങളുപ്പ 28 വനിതകളും ഉൾപ്പെടെ 50 അംഗവുമായാണ് ഇന്ത്യ ജകാർത്തയിലെത്തിയത്. 570 അംഗ സംഘത്തിലെ ഏറ്റവും വലിയ ടീം പങ്കാളിത്തവുമായിരുന്നു ഇത്. അതുപോലെ റിസൾട്ടും മോശമാക്കിയില്ല. ട്രാക്കിലും ഫീൽഡിലും മേധാവിത്വം തെളിയിച്ച് ഏഴ് സ്വർണവും 10 വെള്ളിയും വാരി. ടീമിലുണ്ടായിരുന്ന മലയാളി അത്ലറ്റുകളും കാര്യമായ സംഭാവന ചെയ്തു. ജിൻസണിെൻറയും (1500 മീ), വിസ്മയയുടെയും (4x400 റിലേ) സ്വർണം ശ്രദ്ധേയം. മൂന്ന് വെള്ളിയിലും നിർണായക സാന്നിധ്യമായി മുഹമ്മദ് അനസുണ്ടായിരുന്നു ( 400, 4x400 റിലേ, മിക്സഡ് റിലേ). ജിൻസൺ 800 മീറ്ററിലും, വി. നീന ലോങ്ജംപിലും വെള്ളിയണിഞ്ഞു. 1500 മീറ്റർ വനിതകളിൽ പി.യു. ചിത്ര വെങ്കലത്തോടെ അഭിമാനമായി.
ജാവലിൻ ത്രോയിലെ ദേശീയ റെക്കോഡ് പ്രകടനവുമായി നീരജ് ചോപ്ര, ഹെപ്റ്റാത്ലണിലെ ചരിത്രസ്വർണവുമായി സ്വപ്ന ബർമൻ, 48 വർഷത്തിനുശേഷം ട്രിപ്ൾജംപിൽ സ്വർണവുമായി അർപിന്ദർ സിങ്, അദ്ഭുതകുതിപ്പുമായി വിസ്മയിപ്പിച്ച മൻജിത് സിങ് (800), 800ലെ വെള്ളിയുമായി ഹിമ ദാസ്, 100ലും 200ലും വെള്ളിയണിഞ്ഞ ദ്യുതചന്ദ് എന്നിവരും ജകാർത്തയിലെ ട്രാക്കിലെ പുളകമണിയിച്ച് ത്രിവർണം പറത്തിയവരാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.