രണ്ടു ചാട്ടത്തിൽ രാജ്യത്തിെൻറ ഹൃദയം കീഴടക്കിയ ദീപ കർമാകറിനെ ഒാർമയില്ലേ. പ്രൊഡുനോവ വോൾട്ട് എന്ന മരണച്ചാട്ടവുമായി റിയോ ഒളിമ്പിക്സിലെ ജിംനാസ്റ്റിക് േഫ്ലാറിൽ താരമായിമാറിയ ത്രിപുരക്കാരിയെ. ജിംനാസ്റ്റിക്സിൽ ‘പ്രൊഡുനോവ വോൾട്ട്’ മനോഹരമായി പൂർത്തിയാക്കിയ ലോകത്തെ അഞ്ചാമത്തെ താരമായ ദീപയിലൂടെയാണ് ഇന്ത്യൻ ജിംനാസ്റ്റിക്സിനെ രണ്ടുവർഷം മുമ്പ് ലോകമറിയുന്നത്. ഒളിമ്പിക്സ് ജിംനാസ്റ്റിക്സിൽ പെങ്കടുത്ത ആദ്യ ഇന്ത്യക്കാരിയായി മാറിയ ദീപ കർമാകർ, നാലാം സ്ഥാനത്തെത്തിയാണ് റിയോയിൽനിന്നും നാട്ടിലേക്ക് മടങ്ങിയത്. ഒരുദിവസംകൊണ്ട് അവർ രാജ്യത്തെ പെൺകൊടികളുടെ റോൾേമാഡലായി മാറി. ആ ചാട്ടംകൊണ്ട് പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീക്കും, കായികപുരസ്കാരമായ രാജീവ്ഗാന്ധി ഖേൽരത്നക്കുമെല്ലാം അർഹയായി.
പക്ഷേ, ജിംനാസ്റ്റിക്സ് േഫ്ലാറിൽ ദീപക്ക് പിന്നീട് ദുരിതകാലമായിരുന്നു. പരിക്കുകൾ വലച്ചപ്പോൾ ഏഷ്യൻ ചാമ്പ്യൻഷിപ്പും പിന്നാലെ, നടന്ന കോമൺവെൽത്ത് ഗെയിംസുമെല്ലാം നഷ്ടമായി. കാൽമുട്ടിൽ പരിക്കും ശസ്ത്രക്രിയയും ആയതോടെ ദുഷ്കരമായ ‘പ്രൊഡുനോവ വോൾട്ടുമായി ദീപ വരില്ലെന്ന് വിമർശനമുയർന്നു. അതിസാഹസികത താരത്തിെൻറ കരിയർ തകർത്തെന്നുവരെ എഴുതിക്കൂട്ടി.
പക്ഷേ, ഇതൊന്നും ദീപ കർമാകറും അവരുടെ വിശ്വസ്തനായ കോച്ച് ബിശ്വേശ്വർ നന്ദിയും വിശ്വസിച്ചില്ല. ജിംനാസ്റ്റിക് േഫ്ലാറിൽ എതിരാളിയെ കരണംമറിച്ചിലുകളിലൂടെ നിഷ്പ്രഭമാക്കുന്ന അതേ അനായാസതയിൽ അവർ എല്ലാം കളത്തിനു പുറത്താക്കി. വിശ്രമം കഴിഞ്ഞ് കഠിന പരിശീലനത്തിലൂടെ തിരിച്ചെത്തിയ ദീപ ജൂലൈ എട്ടിന് തുർക്കിയിൽ നടന്ന വേൾഡ് ചലഞ്ച് കപ്പിലെ സ്വർണനേട്ടത്തോെട വിമർശനങ്ങളുടെ വായടപ്പിക്കുന്നു. ഏഷ്യൻ ഗെയിംസിനൊരുങ്ങുന്ന ഇന്ത്യക്കും ഉത്തേജനം നൽകുന്നതാണ് ലോകതാരങ്ങൾ മത്സരിച്ച വേദിയിൽ സ്വർണത്തോടെ തിരിച്ചെത്തിയ ദീപ കർമാകറുടെ പ്രകടനം.
‘‘മത്സരത്തിന് മുമ്പ് ഏറെ വെല്ലുവിളികളുണ്ടായിരുന്നു. ദീർഘകാലത്തെ ഇടവേളക്കുശേഷം ഇറങ്ങുന്നത് തന്നെയായിരുന്നു പ്രധാനം. ഇത് ആത്മവിശ്വാസത്തെ ബാധിക്കുമോയെന്നും ഭയമായി. സ്വർണത്തേക്കാൾ നന്നായി തുടങ്ങുകയായിരുന്നു ലക്ഷ്യം. പക്ഷേ, ഇൗ സ്വർണം വലിയ ആത്മവിശ്വാസമായി’’ -വർഷങ്ങളുടെ ഇടവേളയിലെ മടങ്ങിവരവിനെ കുറിച്ച് ദീപയുടെ വാക്കുകൾ ഇങ്ങനെ.
ലോകത്തെ ഏറ്റവും മികച്ച ജിംനാസ്റ്റിക് താരങ്ങളുമായാവും ഏഷ്യൻ ഗെയിംസിലെ മത്സരമെന്ന ബോധ്യവും അവർക്കുണ്ട്. ‘‘ചൈന, ജപ്പാൻ എന്നിവിടങ്ങളിലെ വേൾഡ് ക്ലാസ് താരങ്ങളാണ് ഏഷ്യൻ ഗെയിംസിൽ മത്സരിക്കുന്നത്. എങ്കിലും ഏറ്റവും നന്നായിത്തന്നെയാണ് ഒരുങ്ങിയത്. മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് ഉറപ്പുണ്ട്. എതിരാളികളുടെ പ്രകടനം എന്തായിരിക്കുമെന്ന് ആശങ്കയില്ല. എെൻറ പ്ലാൻ വിജയകരമായി പൂർത്തിയാക്കുകയാണ് ലക്ഷ്യം’’ -ദീപ കർമാകർ പറഞ്ഞു.
പ്രൊഡുനോവ വോൾട്ട്
ആര്‍ട്ടിസ്റ്റിക് ജിംനാസ്റ്റിക്സില്‍ വോള്‍ട്ട് ഇനത്തിലെ ഒരു രീതിയാണ് പ്രൊഡുനോവ. ഓടിവന്ന് കൈകുത്തി ഉയര്‍ന്ന്, വായുവില്‍ മൂന്നുതവണ കരണംമറിയുന്ന രീതിയാണ് ഇത്. ആദ്യം പരീക്ഷിച്ചത് റഷ്യയുടെ യെലേന പ്രൊഡുനോവയാണ്, 1999ൽ. ‘വോൾട്ട് ഒാഡ് ഡെത്ത്’ എന്നാണ് ഇതിനെ വിളിക്കുന്നത്. മെഡല്‍സാധ്യത കൂടുതലാണ്. അതുപോലെ അപകടവും. അതിനാൽതന്നെ സാധാരണ ഉപയോഗിക്കാറില്ല. ഇൗജിപ്തിെൻറ ഫദ്വ മഹ്മൂദ്, ഉസ്ബകിെൻറ ഒക്സാന ചുസോവിറ്റിന, ഡൊമിനികയുടെ യമിലറ്റ് എന്നിവരാണ് ദീപ കർമാകറിനു മുമ്പ് ഇത്വിജയകരമായി നടപ്പാക്കിയ മറ്റുള്ളവർ.
ഇന്ത്യക്ക് 10 അംഗ സംഘം
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസ് ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്സിൽ ഇന്ത്യയിൽനിന്ന് പത്തംഗ സംഘം. വനിതാ ടീമിൽ ദീപ കർമാകറിനു പുറമെ പ്രണിതി ദാസ്, അരുണ റെഡ്ഡി, മന്ദിര ചൗധരി, പ്രണിതി നായക് എന്നിവരും. പുരുഷ ടീമിൽ രാകേഷ് പത്ര, യോഗേശ്വർ സിങ്, ഗൗരവ് കുമാർ, ആശിഷ് കുമാർ, സിദ്ദാർഥ് വർമ എന്നിവരുമാണ് മത്സരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.