വിജയവാഡ: ആചാര്യ നാഗാർജുന സ്റ്റേഡിയത്തിൽ അരങ്ങേറുന്ന 78ാമത് അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിൽ കേരളത്തിൽ നിന്നുള്ള സർവകലാശാലകൾ മെഡൽ വേട്ട തുടങ്ങി. രണ്ടാം ദിനത്തിലെ ഒമ്പത് ഫൈനലുകളിൽ മൂന്നിലും മലയാളി താരങ്ങൾ സ്വർണം നേടിയപ്പോൾ രണ്ട് വെള്ളിയും നാല് വെങ്കലവും കൂടി മലയാളികളുടെ അക്കൗണ്ടിലെത്തി. പെൺകുട്ടികളുടെ ട്രിപ്ൾ ജംപിൽ എം.ജിയുടെ അലീന ജോസ്, 400 മീറ്ററിൽ കാലിക്കറ്റിെൻറ ജിസ്ന മാത്യു, ആൺകുട്ടികളുടെ 400 മീറ്ററിൽ ഡൽഹിയുടെ മലയാളി താരം അമോജ് ജേക്കബ് എന്നിവരാണ് സുവർണ താരങ്ങൾ.
മുന്നിൽ മാംഗ്ലൂർ, പിന്നാലെ എം.ജി
31 പോയൻറുമായി നിലവിലെ ജേതാക്കളായ മാംഗ്ലൂർ ആണ് മുന്നിൽ. 24 പോയേൻറാടെ എം.ജി തൊട്ടുപിറകിലുണ്ട്. കാലിക്കറ്റ് (11) അഞ്ചാമതാണ്. ആൺകുട്ടികളിൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ കേരളത്തിൽ നിന്നുള്ള സർവകലാശാലകൾ ഇല്ല. മാംഗ്ലൂർ (20) ആണ് മുന്നിൽ.
ട്രിപ്ൾ മെഡലുമായി മലയാളിപ്പട
ഉച്ചക്ക് ശേഷം ആദ്യം നടന്ന രണ്ട് ഫൈനലുകളിലും മലയാളി പെൺകുട്ടികളുടെ ആധിപത്യമായിരുന്നു. ട്രിപ്ൾ ജംപിൽ ആദ്യ മൂന്നു സ്ഥാനവും ചാടിയെടുത്തതിന് പിന്നാലെ 400 മീറ്ററിലും സ്വർണവും വെള്ളിയും വെങ്കലവും മലയാളി താരങ്ങളുടെ അക്കൗണ്ടിലെത്തി.
ആറ് മലയാളി താരങ്ങൾ മാറ്റുരച്ച ട്രിപ്ൾ ജംപിൽ 12.97 മീറ്റർ ദൂരത്തേക്ക് പറന്നിറങ്ങിയാണ് പാല അൽഫോൺസ കോളജ് വിദ്യാർഥിയായ എം.ജിയുടെ അലീന ജോസ് സ്വർണം സ്വന്തമാക്കിയത്. 12.72 മീറ്ററുമായി കേരളയുടെ ചെമ്പഴന്തി എസ്.എൻ കോളജ് വിദ്യാർഥി ആൽഫി ലൂക്കോസ് വെള്ളിയും 12.69 മീറ്റർ ദൂരവുമായി കണ്ണൂരിെൻറ തലശ്ശേരി ബ്രണ്ണൻ കോളജിൽ നിന്നുള്ള ആതിര സുരേന്ദ്രൻ വെങ്കലവും നേടി. എട്ടിൽ നാല് താരങ്ങളും കേരളത്തിൽ നിന്നായിരുന്ന 400 മീറ്ററിൽ മികച്ച പോരാട്ടത്തിനൊടുവിലാണ് കാലിക്കറ്റിെൻറ ജിസ്ന മാത്യു സ്വർണമണിഞ്ഞത്. 53.42 സെക്കൻഡിൽ ഓടിയെത്തിയ ചേളന്നൂർ എസ്.എൻ കോളജ് വിദ്യാർഥിക്ക് പിറകിൽ എം.ജിക്കാരായ വി.കെ. വിസ്മയയും (53.67) ജെറിൻ ജോസഫും (54.12) വെള്ളിയും വെങ്കലവുമണിഞ്ഞു.
നാല് റെക്കോഡുകൾ
രണ്ടാം ദിനം ആദ്യം നടന്ന 5000 മീറ്ററിൽ സ്വന്തം റെക്കോഡ് തകർത്താണ് പുണെയിലെ സാവിത്രി ഭായി ഫൂലെയിലെ സഞ്ജീവനി ജാദവ് സ്വർണമണിഞ്ഞത്. 15:51.58 സെക്കൻഡിൽ ഫിനിഷ് ചെയ്ത 2015ലെ സ്വന്തം സമയമാണ് (16:18.01) തിരുത്തിയത്. കാലിക്കറ്റിെൻറ സി. ബബിത ഏഴാമതും എം.ജി യുടെ യു. നീതു എട്ടാമതുമായി.
പുരുഷന്മാരുടെ 400 മീറ്ററിൽ ഡൽഹിയുടെ മലയാളി താരം അമോജ് ജേക്കബ് 46.33 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് 2015ൽ ഡൽഹിയുടെ ലളിത് മാതുരിെൻറ (47.01 സെ) െറക്കോഡ് മറികടന്നത്. എം.ജിയുടെ രാഹുൽ ബേബി വെങ്കലം നേടി. ഡിസ്കസ് ത്രോയിൽ പഞ്ചാബിെൻറ ഗഗൻദീപ് സിങ്ങും 100 മീറ്ററിൽ എലക്യ ദാസനുമാണ് മറ്റ് റെക്കോഡുകാർ.
എലക്യ, ചൈത്രാലി വേഗ താരങ്ങൾ
100 മീറ്ററിൽ റെക്കോഡ് പ്രകടനവുമായി തകർത്തോടിയ എലക്യ ദാസനായിരുന്നു രണ്ടാം ദിനത്തിലെ താരം. 10.49 സെക്കൻഡിൽ കുതിച്ചെത്തി 2007ൽ മദ്രാസിെൻറ വിജയ് കുമാർ സ്ഥാപിച്ച റെക്കോഡ് (10.60 സെ.) മറികടന്നു. വനിതകളിൽ കോലാപുർ ശിവാജിയുടെ ചൈത്രാലി കാളിദാസ് ഗുജാർ 12.08 സെക്കൻഡിലാണ് സ്വർണം നേടിയത്. എം.ജിയുടെ എൻ.എസ്. സിമി (12.16) വെങ്കലം നേടി.
മൂന്നാം ദിനം എട്ട് ഫൈനലുകൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.