????? ?????? 110 ???????? ?????????????? ??????????? ??????????????? ?????????? ??????? ???????? ????????

അന്തര്‍ സര്‍വകലാശാല മീറ്റ്: നാലു സ്വര്‍ണവുമായി കാലിക്കറ്റിന് തിരിച്ചുവരവ്

കോയമ്പത്തൂര്‍: അഖിലേന്ത്യ അന്തര്‍ സര്‍വകലാശാല അത്ലറ്റിക് മീറ്റിന്‍െറ ആദ്യ ദിവസങ്ങളില്‍ ഒരു മെഡല്‍പോലും നേടാനാവാതെ പിറകില്‍നിന്ന കാലിക്കറ്റ് സര്‍വകലാശാലക്ക് നാലാം നാള്‍ ഗംഭീര തിരിച്ചുവരവ്. കാലിക്കറ്റിന്‍െറ ‘ശനിദശ’ മാറിയ ശനിയാഴ്ച കേരളത്തിന് ലഭിച്ച നാലു സ്വര്‍ണമെഡലുകളും ഇവര്‍ സ്വന്തമാക്കി. രണ്ടു വെങ്കലവും നേട്ടത്തിന് മാറ്റുകൂട്ടിയപ്പോള്‍ പോയന്‍റ് പട്ടികയില്‍ (57) അഞ്ചാം സ്ഥാനത്തേക്ക് കുതിച്ചു. വനിതകളുടെ അഞ്ചു കി.മീ. നടത്തത്തില്‍ കെ.ടി. നീന, 100 മീ. ഹര്‍ഡ്ല്‍സില്‍ എം. സുഗിന, പുരുഷന്മാരുടെ 110 മീ. ഹര്‍ഡ്ല്‍സില്‍ മെയ്മോന്‍ പൗലോസ് എന്നിവരും 4x100 മീറ്റര്‍ വനിത റിലേ ടീമും കാലിക്കറ്റിന്‍െറ ഒന്നാം സ്ഥാനക്കാരായി. 4x100 മീറ്റര്‍ റിലേയില്‍ രണ്ടു വെള്ളിയും എം.ജി സര്‍വകലാശാലക്കാണ്. വനിതകളുടെ 100 മീ. ഹര്‍ഡ്ല്‍സില്‍ രണ്ടും അഞ്ചു കി.മീ. നടത്തത്തിലും 3000 മീറ്റര്‍ സ്റ്റീപ്ള്‍ചേസിലും മൂന്നാം സ്ഥാനവും ഇവര്‍ക്ക് കിട്ടി. മീറ്റ് ഞായറാഴ്ച സമാപിക്കാനിരിക്കെ 116 പോയന്‍റുമായി മാംഗ്ളൂര്‍ സര്‍വകലാശാല മേധാവിത്വം തുടരുകയാണ്. എം.ജിയും (95) നിലവിലെ ജേതാക്കളായ പട്യാല പഞ്ചാബി സര്‍വകലാശാലയുമാണ് (81) രണ്ടും മൂന്നും സ്ഥാനങ്ങളില്‍. വനിത വിഭാഗത്തില്‍ എം.ജി (72) കിരീടം ഉറപ്പിച്ച മട്ടാണ്.

നീന നടത്തം തുടരുന്നു
ദേശീയ സ്കൂള്‍ മീറ്റ് നടത്തത്തില്‍ തുടര്‍ച്ചയായി ആറു സ്വര്‍ണം നേടിയ പാലക്കാട്ടുകാരി കെ.ടി. നീന സര്‍വകലാശാല മീറ്റിലും മികവു തെളിയിച്ചു. ഇന്ത്യന്‍ ക്യാമ്പില്‍ അംഗമായ പഞ്ചാബി താരം കെ.ടി. പ്രിയങ്കയുമായി ഇഞ്ചോടിഞ്ച് പോരാടിയായിരുന്നു ഫിനിഷ്. 23 മിനിറ്റ് 13.30 സെക്കന്‍ഡില്‍ നീന നടത്തം പൂര്‍ത്തിയാക്കുമ്പോള്‍ പ്രിയങ്ക (23.24:20) 20 മീറ്റര്‍ പിറകിലായിരുന്നു. എം.ജിയുടെ മേരി മാര്‍ഗരറ്റിനാണ് (23.25.50) വെങ്കലം. കഴിഞ്ഞ വര്‍ഷം വരെ പറളി എച്ച്.എസ്.എസിലായിരുന്ന നീന ഇപ്പോള്‍ പാലക്കാട് മേഴ്സി കോളജ് ബി.എ ഇക്കണോമിക്സ് വിദ്യാര്‍ഥിനിയാണ്. പാലക്കാട് കമ്പ ചേന്നംപുറം തങ്കയും നിര്‍മലയുമാണ് മാതാപിതാക്കള്‍. പാലാ അല്‍ഫോന്‍സ കോളജ് വിദ്യാര്‍ഥിനിയാണ് മേരി മാര്‍ഗരറ്റ്. പുരുഷന്മാരുടെ ലോങ്ജംപില്‍ സ്വര്‍ണം നേടിയത് മലപ്പുറത്തുകാരനായ സി. സിറാജുദ്ദീനാണെങ്കിലും ഇത് മാംഗ്ളൂരിന്‍െറ അക്കൗണ്ടിലേക്ക് പോയി. ആല്‍വാസ് കോളജ് വിദ്യാര്‍ഥി സിറാജുദ്ദീന്‍ 7.44 മീറ്ററാണ് ചാടിയത്. സഹതാരം സിദ്ധാര്‍ഥ് മോഹന് (7.43) വെള്ളിയും കാലിക്കറ്റിന്‍െറ വൈ. മുഹമ്മദ് അനീസിന് (7.38) വെങ്കലവും ലഭിച്ചു. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലാണ് ഒളിമ്പ്യന്‍ മുഹമ്മദ് അനസിന്‍െറ സഹോദരനായ അനീസ് പഠിക്കുന്നത്. 

ഹര്‍ഡ്ല്‍സില്‍ മെയ്മോനും സുഗിനയും
മീറ്റിലെ ഗ്ളാമര്‍ ഇനങ്ങളിലൊന്നായ സ്പ്രിന്‍റ് ഹര്‍ഡ്ല്‍സില്‍ രണ്ടു സ്വര്‍ണവും കാലിക്കറ്റ് കൈക്കലാക്കി. വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡ്ല്‍സില്‍ എം.ജിയുടെ സ്വര്‍ണപ്രതീക്ഷയായിരുന്ന ഡൈബി സെബാസ്റ്റ്യനെ (14.15) രണ്ടാം സ്ഥാനത്താക്കി തൃശൂര്‍ വിമല കോളജിലെ എം. സുഗിന (14.05) പൊന്നണിഞ്ഞു. കണ്ണൂര്‍ മമ്പറം കീഴത്തൂര്‍ സുമതി നിവാസില്‍ ഗോപിയും സുമതിയുമാണ് സുഗിനയുടെ മാതാപിതാക്കള്‍. പാല അല്‍ഫോന്‍സ കോളജ് വിദ്യാര്‍ഥിനിയാണ് ഡൈബി. പുരുഷ 110 മീറ്റര്‍ ഹര്‍ഡ്ല്‍സ് 14.36 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയാണ് മെയ്മോന്‍ കാലിക്കറ്റിനായി മറ്റൊരു സ്വര്‍ണം കൊണ്ടുവന്നത്. ഇതാദ്യമായി സര്‍വകലാശാല മീറ്റില്‍ മത്സരിക്കുന്ന മെയ്മോന് ഒന്നാം സ്ഥാനത്തോടെ വരവറിയിക്കാന്‍ കഴിഞ്ഞു. എറണാകുളം അങ്കമാലി മൂക്കന്നൂര്‍ പുതുശ്ശേരി പൗലോസിന്‍െറയും സിജിയുടെയും മകനാണീ തൃശൂര്‍ സെന്‍റ് തോമസ് കോളജിന്‍െറ അത്ലറ്റ്. വനിത 3000 മീറ്റര്‍ സ്റ്റീപ്ള്‍ ചേസില്‍ അല്‍ഫോന്‍സയിലെ എയ്ഞ്ചല്‍ ജെയിംസ് എം.ജിക്ക് വെള്ളി നേടിക്കൊടുത്തു.
 
സ്വര്‍ണം: 1-കെ.ടി. നീന (5 കി.മീ. നടത്തം-കാലിക്കറ്റ്), 2-എം. സുഗിന (100 മീ. ഹര്‍ഡ്ല്‍സ്, കാലിക്കറ്റ്) 3-സിറാജുദ്ദീന്‍ (ലോങ്ജംപ്-മംഗളൂരു), 4-നയന ജെയിംസ് (ലോങ്ജംപ് -കേരള)
 

റിലേ പോവാതെ കേരളം
4x100 റിലേ ഫൈനലിനിറങ്ങിയ കേരളത്തിന്‍െറ നാലു ടീമിന് മെഡല്‍ ലഭിച്ചു. വനിതകളില്‍ കാലിക്കറ്റിനാണ് ഒന്നാം സ്ഥാനം. വിമല കോളജിലെ എം. സുഗിന, എം.വി. ജില്‍ന, മേഴ്സിയിലെ പി.എം. അഞ്ജു, എ.എം. അഖില എന്നിവരുടെ സംഘം 46.86 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തു. രണ്ടാം സ്ഥാനക്കാരായ എം.ജിക്കുവേണ്ടി (46.86) ചങ്ങനാശ്ശേരി അസംപ്ഷന്‍ കോളജിലെ സൗമ്യ വര്‍ഗീസ്, കെ. മഞ്ജു, ടി.എസ്. ആര്യ, പാലാ അല്‍ഫോന്‍സയിലെ കെ.എസ്. അഖില എന്നിവരും ബാറ്റണ്‍ കൈമാറി.

പുരുഷ വിഭാഗം റിലേ 41.19 സെക്കന്‍ഡില്‍ പൂര്‍ത്തിയാക്കിയ മദ്രാസ് 2006ല്‍ കാലിക്കറ്റ് ടീം (41.29) സ്ഥാപിച്ച മീറ്റ് റെക്കോഡ് തിരുത്തി. രണ്ടാം സ്ഥാനക്കാരായ എം.ജി (41.20) മത്സരം പൂര്‍ത്തിയാക്കിയതും റെക്കോഡിനെക്കാള്‍ മികച്ച സമയത്ത്. കോതമംഗലം എം.എ കോളജിലെ വി.എസ്. ഡെനില്‍, കെ.എസ്. പ്രണവ്, പാലാ സെന്‍റ് തോമസ് കോളജിലെ ടി.എന്‍. അല്‍ത്താഫ്, ചങ്ങനാശ്ശേരി എസ്.ബി കോളജിലെ അജിത് ഇട്ടി വര്‍ഗീസ് എന്നിവരായിരുന്നു ടീമില്‍. കാലിക്കറ്റിനാണ് (41.31) വെങ്കലം. 200 മീ., 400 മീ. ഹര്‍ഡ്ല്‍സ്, 4x400 റിലേ തുടങ്ങിയ മത്സരങ്ങള്‍ അവസാന ദിനം നടക്കും. റിലേ വനിത വിഭാഗത്തിലും കേരള ടീമുകള്‍ ഫൈനലില്‍ കടന്നു.
Tags:    
News Summary - inter university meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-25 01:48 GMT