കിങ്സ്റ്റൺ: ആഘോഷമാണ് ജമൈക്കയുടെ സ്വഭാവം. എന്ത് കിട്ടിയാലും അവർ ആഘോഷമാക്കും. ബോബ് മാർലിയെയും ക്രിസ് ഗെയ്ലിനെയും കോർട്നി വാൽഷിനെയുമെല്ലാം ആഘോഷമാക്കിയ കൊച്ചുദ്വീപിന് ശനിയാഴ്ച വേറൊരു സ്വഭാവമായിരുന്നു. ഒന്നര പതിറ്റാണ്ടായി ജമൈക്കക്ക് ആഘോഷങ്ങൾ മാത്രം സമ്മാനിച്ച ഉസൈൻ ബോൾെട്ടന്ന മിന്നൽപിണരിനുവേണ്ടി അവർ ആദ്യമായി കണ്ണീരണിഞ്ഞു. ഒാട്ടത്തിെൻറ ബാലപാഠങ്ങൾ പഠിപ്പിച്ച അതേ മണ്ണിൽ, 30,000 വരുന്ന ആരാധകർക്ക് മുന്നിൽ ജന്മനാട്ടിലെ അവസാന ലാപ്പും ഉസൈൻ ബോൾട്ട് ഒാടിത്തീർത്തു. 2002ൽ 15ാം വയസ്സിൽ അന്താരാഷ്ട്ര കരിയറിലേക്ക് കാലെടുത്തുവെച്ച ജമൈക്കൻ നാഷനൽ സ്റ്റേഡിയത്തിൽ ഒരിക്കൽകൂടി ഒന്നാമനായി ഉസൈൻ ബോൾട്ട് മടക്കയാത്രയായി. ഒാടിത്തുടങ്ങിയ മണ്ണിൽ അവസാന മുത്തമിട്ടും സ്റ്റേഡിയം വലംവെച്ചും മിന്നൽ പോസണിഞ്ഞും സ്വതസിദ്ധ ശൈലിയിൽ വേഗത്തിെൻറ രാജാവ് ആരാധകർക്ക് നന്ദി അറിയിച്ചു.
ആഗസ്റ്റിൽ നടക്കുന്ന ലോക ചാമ്പ്യൻഷിപ്പോടെ വിരമിക്കുന്നതിന് മുന്നോടിയായാണ് ബോൾട്ടിന് യാത്രയയപ്പ് നൽകാൻ റേസേഴ്സ് ഗ്രാൻഡ് പ്രീയിൽ ‘സല്യൂട്ട് ടു എ െലജൻഡ്’ എന്ന വിശേഷണത്തോടെ മത്സരം ഒരുക്കിയത്. ജെവാൻ മിൻസി, റാമോൺ ഗിറ്റൺസ്, ജേസൺ റോജേഴ്സ്, ഡാനിയൽ ബെയ്ലി തുടങ്ങിയവർക്കൊപ്പമായിരുന്നു ഒാട്ടം. രാജകീയ വരവേൽപ്പോടെ ട്രാക്കിലിറങ്ങിയ ബോൾട്ട് 10.03 സെക്കൻഡിൽ ഒാടിത്തീർത്താണ് ജമൈക്കയോട് യാത്ര പറഞ്ഞത്.
കണ്ണീരിനിടയിലും ആഘോഷമാക്കിയാണ് ജമൈക്ക തങ്ങളുടെ വേഗരാജാവിനെ യാത്രയാക്കിയത്. സംഗീതവും കരിമരുന്നും വുവുസേലയും അരങ്ങുതകർത്ത നാഷനൽ സ്റ്റേഡിയത്തിലെ ട്രാക്കിൽ അമിത സമ്മർദത്തോടെയാണ് ഒാടാനിറങ്ങിയതെന്ന് ബോൾട്ട് വിവരിച്ചു. ‘‘ഇത്രയേറെ സമ്മർദത്തോടെ ഇതുവരെ ട്രാക്കിലിറങ്ങിയിട്ടില്ല. ഇങ്ങനെയൊരു യാത്രയയപ്പ് ഞാൻ പ്രതീക്ഷിച്ചില്ല. ദൈവത്തിന് നന്ദി, എല്ലാവർക്കും നന്ദി’’ -വികാരനിർഭരനായി ബോൾട്ട് പറഞ്ഞു. 10.15 സെക്കൻഡിൽ ഒാടിയെത്തിയ ജമൈക്കയുടെ തന്നെ ജെവാൻ മിൻസിയാണ് രണ്ടാം സ്ഥാനം നേടിയത്. ഒളിമ്പിക്സ് മെഡൽ ജേതാക്കളായ ബ്രിട്ടെൻറ മോ ഫറ, കെനിയയുടെ ഡേവിഡ് റുഡിഷ, ജമൈക്കൻ പ്രധാനമന്ത്രി ആൻഡ്രൂ ഹോൾനെസ് തുടങ്ങിയവർ ബോൾട്ടിനെ യാത്രയാക്കാൻ എത്തിയിരുന്നു. എട്ട് ഒളിമ്പിക്സ് സ്വർണവും 11 ലോക ചാമ്പ്യൻഷിപ്പും ഏറ്റുവാങ്ങിയ ബോൾട്ട് വിടവാങ്ങലിന് മുമ്പായി ഇൗ മാസം 28ന് ഒാസ്ട്രാവയിലും ജൂലൈ 21ന് മോണകോയിലും മത്സരിക്കാനിറങ്ങുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.