തിരുവനന്തപുരം: ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ തിമിർത്തുപെയ്യാൻ വെമ്പൽകൊള്ളുന്ന മഴമേഘങ്ങളെ സാക്ഷിയാക്കി 29ാമത് ദക്ഷിണ മേഖല ജൂനിയർ അത്ലറ്റിക്സ് മീറ്റിന് തിങ്കളാഴ്ച ട്രാക്ക് ഉണരും. ട്രാക്കിലും പിറ്റിലും പുതിയ വേഗവും ഉയരവും കണ്ടെത്താൻ അഞ്ചു സംസ്ഥാനങ്ങളിൽനിന്നും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിൽനിന്നുമായി 872 കായികതാരങ്ങളാണ് മാറ്റുരക്കുക. ഹാട്രിക് കിരീടം ലക്ഷ്യമാക്കി ഇറങ്ങുന്ന കേരളംതന്നെയാണ് ഇത്തവണയും ‘ഹോട്ട് സീറ്റിൽ’.
റെക്കോഡ് പങ്കാളിത്തമാണ് കേരള ക്യാമ്പിലുള്ളത്. കഴിഞ്ഞ വർഷം തെലങ്കാനയിലെ കരിംനഗറിൽ നടന്ന ദക്ഷിണമേഖല മീറ്റിൽ 155 ആയിരുന്നു അംഗസംഖ്യയെങ്കിൽ ഇത്തവണ 218 പേരുമായാണ് സംസ്ഥാന അത്ലറ്റിക് അസോസിയേഷൻ എത്തുന്നത്. തമിഴ്നാട് -198, കർണാടക -159, തെലങ്കാന-106, ആന്ധ്രപ്രദേശ് -83, പുതുച്ചേരി -68, ലക്ഷദ്വീപ് -40 എന്നിങ്ങനെയാണ് എതിരാളികളുടെ അംഗബലം. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന മീറ്റിൽ 20 മീറ്റ് റെക്കോഡുകൾ പിറന്നതിെൻറ ആവേശത്തിലാണ് പരിശീലകർ.
മുൻ വർഷങ്ങളെപ്പോലെ ഇത്തവണയും പാലക്കാടൻ, എറണാകുളം കരുത്താണ് ആതിഥേയരുടെ ശക്തി. എന്നാൽ, മഴയുടെ ഭീഷണി പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്ക താരങ്ങൾക്കും പരിശീലകർക്കും ഇല്ലാതില്ല. മേളയുടെ ആദ്യദിനമായ തിങ്കളാഴ്ച ട്രാക്കിലും ഫീൽഡിലുമായി 57 ഫൈനലുകളാണ് നടക്കുക. വിവിധ വിഭാഗങ്ങളിൽ എ.സി. നിവ്യ ആൻറണി (പോൾവാൾട്ട്),അലക്സ് പി. തങ്കച്ചൻ, പി.എ. അതുല്യ (ഡിസ്കസ്ത്രോ),പി.ഒ. സയന (ഹർഡ്ൽസ്), ആദർശ് ഗോപി,അഭിനന്ദ് സുന്ദരേശൻ (1500മീ) എന്നിവരാണ് ആദ്യദിനത്തിൽ കേരളത്തിെൻറ പ്രതീക്ഷകൾ. രാവിലെ 8.30ന് മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്യും. എക്സൈസ് കമീഷണർ ഋഷിരാജ് സിങ് മുഖ്യാതിഥിയാകും. മേള ചൊവ്വാഴ്ച സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.