തിരുവനന്തപുരം: കൗമാരതാരങ്ങൾ ട്രാക്കിലും ഫീൽഡിലും പോരാടിയ 29ാമത് ദക്ഷിണമേഖല ജൂനിയർ അത്ലറ്റിക് മീറ്റ് ഫോട്ടോഫിനിഷിലേക്ക്. ആദ്യദിനം 53 ഫൈനലുകൾ പൂർത്തിയായപ്പോൾ കിരീടം നിലനിർത്താനിറങ്ങിയ കേരളവും പിടിച്ചെടുക്കാനിറങ്ങിയ തമിഴ്നാടും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. 23 സ്വർണവും 13 വെള്ളിയും 11 വെങ്കലവുമടക്കം 338 പോയൻറുമായി കേരളമാണ് മുന്നിൽ. എന്നാൽ, നിലവിലെ ചാമ്പ്യൻമാരുടെ നെഞ്ചിടിപ്പ് കൂട്ടി കഴിഞ്ഞ വർഷത്തെ രണ്ടാം സ്ഥാനക്കാരായ തമിഴ്നാട് 337 പോയൻറുമായി തൊട്ടടുത്തുണ്ട്. 17 സ്വർണവും 16 വെള്ളിയും അത്രതന്നെ വെങ്കലവുമായാണ് തമിഴ്നാടിെൻറ കുതിപ്പ്.
തിങ്കളാഴ്ച റെക്കോഡുകളുടെ പെരുമഴക്കാണ് ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം സാക്ഷ്യംവഹിച്ചത്. 12 മീറ്റ് റെക്കോഡുകൾ തകർന്നുവീണു. കേരളത്തിനായി 20 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ പോൾവാൾട്ടിൽ ആർഷ ബാബു, അണ്ടർ 20 ആൺകുട്ടികളുടെ 400 മീറ്ററിൽ തോമസ് മാത്യു, 10,000 മീറ്ററിൽ ഷെറിൻ ജോസ്, പോൾവാട്ടിൽ കെ.ജി. ജിസൺ എന്നിവരെല്ലാം മീറ്റ് റെക്കോഡോടെ സ്വർണം നേടി.
20 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ തമിഴ്നാടും ആൺകുട്ടികളിൽ കേരളവും നിലവിലെ മീറ്റ് റെക്കോഡുകൾ പഴങ്കഥയാക്കി. തിങ്കളാഴ്ച രാവിലെ വയനാട്ടുകാരൻ ഷെറിൻ ജോസിെൻറ റെക്കോഡോടുകൂടിയാണ് ട്രാക്കുണർന്നത്. 10,000 മീറ്ററിൽ 2011ൽ കർണാടകയുടെ സത്യേന്ദ്രകുമാർ പേട്ടലിെൻറ 32.17 സെക്കൻഡ് 32.10 സെക്കൻഡാക്കിയാണ് ഷെറിൻ കേരളത്തിെൻറ അക്കൗണ്ടിലേക്ക് ആദ്യ സ്വർണമെത്തിച്ചത്. ഈ ഇനത്തിൽ കേരളത്തിെൻറ പി.എസ്. സുബിനാണ് വെള്ളി. പെൺകുട്ടികളുടെ 20 വയസ്സിന് താഴയുള്ളവരുടെ പോൾവാൾട്ടിൽ 3.35 മീറ്റർ ചാടിയാണ് പാലക്കാട് സ്വദേശി അർഷിത ബാബു റെക്കോഡിട്ടത്. 2012ൽ കേരളത്ത ിെൻറ സിഞ്ജു പ്രകാശ് സ്ഥാപിച്ച 3.31 മീറ്റർ റെക്കോർഡ് ഇതോടെ ഓർമയായി. 2011ൽ തമിഴ്നാടിെൻറ എസ്. മെർലിൻ 400 മീറ്ററിൽ സ്ഥാപിച്ച 48.71 സെക്കൻഡ്48.13 സെക്കൻഡാക്കിയാണ് തോമസ് മാത്യു ആറ് വർഷത്തെ റെക്കോഡ് പഴങ്കഥയാക്കിയത്. പോൾ വാൾട്ടിൽ 4.80 മീറ്റർ ചാടിയാണ് കോട്ടയത്തിെൻറ കെ.ജി ജീസൺ മീറ്റ് റെക്കോഡിട്ടത്.
2010 തമിഴ്നാടിെൻറ ജെ. പ്രീത് സ്ഥാപിച്ച 4.70 മീറ്ററാണ് ഇതോടെ പിറ്റിൽ തകർന്നുവീണത്. 4x100 മീറ്റർ റിലേയിൽ ഓംകാർ നാഥ്, നിബിൻ ബൈജു, അതുൽ സേനൻ, മുഹമ്മദ് തൻവീർ എന്നിവരടങ്ങിയ സംഘമാണ് പുതിയ വേഗം കണ്ടെത്തിയത്. അണ്ടർ 18 പെൺ പോൾവാൾട്ടിൽ മീറ്റ് റെക്കോഡും സ്വർണ പ്രതീക്ഷയുമായി എത്തിയ നിവ്യ ആൻറണിക്ക് അടിതെറ്റിയത് കേരളത്തിന് തിരിച്ചടിയായി. 3.40 മീറ്റർ എന്ന സ്വന്തം റെക്കോഡ് 3.45 മീറ്ററാക്കി ഉയർത്താൻ നിവ്യക്ക് കഴിഞ്ഞെങ്കിലും 3.50 മീറ്റർ ചാടിയ സത്യക്ക് മുന്നിൽ അടിതെറ്റുകയായിരുന്നു. എക്സൈസ് കമീഷണർ ഋഷിരാജ് സിങ് മീറ്റ് ഉദ്ഘാടനം ചെയ്തു. മീറ്റിെൻറ അവസാന ദിനമായ ചൊവ്വാഴ്ച 71 ഫൈനലുകളാണ് നടക്കുക.
16 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ 100 മീറ്ററിൽ തെലങ്കാനയുടെ ജെ. ദീപ്തി, 18 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ പോൾവാൾട്ടിൽ കെ. സത്യ, 20 വയസ്സിന് താഴെയുള്ള പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ തമിഴ്നാടിെൻറ ആർ. വിത്യ, ആൺകുട്ടികളുടെ അണ്ടർ 16 വിഭാഗം 100 മീറ്ററിൽ കർണാടകയുടെ വി.എ. ശശികാന്ത്, അണ്ടർ 18 ആൺകുട്ടികളുടെ 400 മീറ്ററിൽ കർണാടകയുടെ നിഹാൽ ജോയൽ, 1500 മീറ്ററിൽ തമിഴ്നാടിെൻറ ബി.ഗൗരവ് യാദവ്, ജാവലിൻ ത്രോയിൽ കർണാടകയുടെ ഡി.പി. മനു എന്നിവരും 29ാമത് മീറ്റിൽ പുതിയ അധ്യായം കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.