ജകാർത്ത: നിനച്ചിരിക്കാതെ കേരളത്തെ ആകെ ഉലച്ചുകളഞ്ഞ പ്രളയത്തിെൻറ അലയൊലികൾ അങ്ങകലെ 18ാം ഏഷ്യൻ ഗെയിംസ് അരങ്ങേറുന്ന ഇന്തോനേഷ്യയിലും. ഗെയിംസ് സംഘത്തിൽ ഉൾപ്പെട്ട 40ലധികം മലയാളികളാണ് തങ്ങളുടെ നാടും നാട്ടാരും വൻ ദുരന്തത്തെ അതിജീവിച്ച് കരകയറിക്കൊണ്ടിരിക്കുേമ്പാൾ തങ്ങളുടെ മത്സരങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിക്കേണ്ട അതിദുഷ്കരമായ അവസ്ഥയിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്.
ഇതിൽ പലർക്കും തങ്ങളുടെ കുടുംബത്തിെൻറ അവസ്ഥ എന്താണെന്നുപോലും വ്യക്തമല്ല. ഇന്ത്യയുടെ അത്ലറ്റിക്സ്, വോളിബാൾ, ബാസ്കറ്റ്ബാൾ, ഹോക്കി, നീന്തൽ എന്നീ ഇനങ്ങളിൽ മലയാളി സാന്നിധ്യമുണ്ട്. 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ ദേശീയ റെക്കോഡോടെ അഞ്ചാം സ്ഥാനം സ്വന്തമാക്കിയ സജൻ പ്രകാശ് നീന്തൽ കുളത്തിലിറങ്ങിയത് തെൻറ കുടുംബത്തെ പറ്റി ഒരുവിവരവും അറിയാൻ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിലായിരുന്നു.
സജെൻറ അമ്മ തമിഴ്നാട്ടിലാണെങ്കിലും ഇടുക്കിയിലെ മണിയാറൻകുടി ഗ്രാമവാസികളായ അമ്മയുടെ ബന്ധുക്കൾ പുറംലോകവുമായി ഒരു ബന്ധവുമില്ലാതെ പ്രളയത്തിൽ കുടുങ്ങിക്കിടക്കുന്ന അവസ്ഥയിലാണ്. സജെൻറ അമ്മയുമായി ഫോണിൽ ബന്ധപ്പെട്ട മാധ്യമപ്രവർത്തകനാണ് ഇക്കാര്യം താരത്തെ അറിയിച്ചത്.
കുടുംബം സുരക്ഷിതമാണെന്ന് വ്യക്തമാക്കിയ ഇന്ത്യയുടെ പുരുഷ ഹോക്കി ടീം ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ് തെൻറ മനസ്സ് ദുരന്തബാധിതരായവരോടൊപ്പമാണെന്നും പറഞ്ഞു.
കേരളം ഇത്രയും വലിയ ദുരന്തത്തെ ഇതുവരെ അഭിമുഖീകരിക്കേണ്ടി വന്നിട്ടില്ലെന്നും ഇന്ത്യയിലെ ജനങ്ങൾ ഒരുമിച്ച് കേരളത്തെ സഹായിക്കാനായി രംഗത്തിറങ്ങേണ്ട സമയമാണിതെന്നും ശ്രീജേഷ് ആഹ്വാനംചെയ്തു. തെൻറ കുടുംബം സുരക്ഷിതരാണെങ്കിലും ബന്ധുക്കളെയും കൂട്ടുകാരെയും പ്രളയം ദുരിതത്തിലാക്കിയതായും കാര്യങ്ങൾ ഇത്രയും ഭീകരമാവുമെന്നും ഒട്ടും പ്രതീക്ഷിച്ചില്ലെന്നും 400 മീറ്ററിലെ ദേശീയ റെക്കോഡ് ജേതാവും മെഡൽ പ്രതീക്ഷയുമായ മുഹമ്മദ് അനസ് പറഞ്ഞു.
അനസിെൻറ സ്വദേശമായ നിലമേൽ സ്ഥിതിചെയ്യുന്ന കൊല്ലം ജില്ലയെ പ്രളയം അതിരൂക്ഷമായ രീതിയിൽ ബാധിച്ചിരുന്നില്ല. ഇടുക്കിയിലെ രാജാക്കാട് വെച്ച് കാണാതായ തെൻറ മുത്തച്ഛനെയും അമ്മാവനെയും കണ്ടെത്തിയതിനാൽ കന്നി ഏഷ്യൻ ഗെയിംസിൽ മാറ്റുരക്കാനെത്തിയ ലോങ് ജംപ് താരം എം. ശ്രീശങ്കർ ആശ്വാസത്തിലാണ്. ഇനി ധൈര്യമായി മത്സരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാമെന്നാണ് ശ്രീയുടെ പക്ഷം. കായികലോകത്തുനിന്നടക്കം ശക്തമായ പിന്തുണയും സഹായ വാഗ്ദാനങ്ങളുമാണ് സംസ്ഥാനത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.