പാലാ: കരിമ്പാറയുടെ കരുത്തുമായി പുല്ലൂരാംപാറ സെൻറ് ജോസഫ്സ് ഹയർ സെക്കൻഡറി സ്കൂൾ സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ശ്രദ്ധേയ സാന്നിധ്യമായി. 64 പോയൻറുമായി സ്കൂളുകളിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയാണ് മലയോരത്തിെൻറ കുട്ടികൾ അഭിമാനതാരങ്ങളായത്. തിരുവമ്പാടി മലബാർ സ്പോർട്സ് അക്കാദമിയിൽ പരിശീലിക്കുന്ന 32 പേരാണ് പാലായിൽ ചരിത്രമെഴുതിയത്.
കോഴിക്കോടിന് എക്കാലത്തും കരുത്തായിരുന്ന ഉഷ സ്കൂളിലെ താരങ്ങൾ നിറം മങ്ങിയപ്പോൾ പുല്ലൂരാംപാറയാണ് മാനം കാത്തത്. ഏഴു സ്വർണവും ഒമ്പതു വെള്ളിയും രണ്ടു വെങ്കലവുമാണ് പുല്ലൂരാംപാറക്കാർ സ്വന്തമാക്കിയത്. സീനിയർ പെൺകുട്ടികളിൽ വ്യക്തിഗത ചാമ്പ്യനായ അപർണ റോയ് മൂന്നു സ്വർണം ഓടിയെടുത്തു. 100, 200 മീറ്റർ ഓട്ടത്തിലും 100 മീറ്റർ ഹർഡിൽസിലുമായിരുന്നു അപർണയുടെ സുവർണ നേട്ടം. സീനിയർ പെൺകുട്ടികളുടെ ട്രിപ്പിൾ ജമ്പിലും ലോങ് ജമ്പിലും ജേത്രിയായ ലിസ്ബത്ത് കരോളിൻ പുല്ലൂരാംപാറയുടെ അക്കൗണ്ടിലേക്ക് രണ്ടു സ്വർണമാണ് എത്തിച്ചത്. അർജുൻ തങ്കച്ചനും തലീത്ത കുമ്മി സുനിലുമാണ് മറ്റ് സ്വർണവേട്ടക്കാർ.
കഴിഞ്ഞ വർഷം തേഞ്ഞിപ്പലത്ത് അഞ്ചാം സ്ഥാനത്ത് മാത്രമായിരുന്നു പുല്ലൂരാംപാറ. ചിട്ടയായ പരിശീലനവും അച്ചടക്കവും ടീമിനു കരുത്തേകുകയായിരുന്നു. ചാമ്പ്യൻ സ്കൂൾ പട്ടം സ്വന്തമാക്കാൻ ഇതര സംസ്ഥാനത്തുനിന്നുള്ള താരങ്ങളെവരെ ഇറക്കുമതി ചെയ്യുന്ന വിദ്യലയങ്ങളിൽനിന്ന് വ്യത്യസ്തമാണ് പുല്ലൂരാംപാറ ടീം. ആ ഗ്രാമത്തിലെ കുട്ടികൾ മാത്രമാണ് പുല്ലൂരാംപാറയുടെ കാതൽ. മലബാർ സ്പോർട്സ് അക്കാദമിയിൽ ടോമി ചെറിയാനാണ് മുഖ്യപരിശീലകൻ. ബിനീഷ് ജേക്കബ്, സി.കെ. സത്യൻ, മനോജ് പെരിയപ്പുറം, സുനിൽ ജോൺ, ജോൺസൺ പുളിമൂട്ടിൽ, ജോസഫ് ജോൺ, സ്കൂളിലെ കായികാധ്യാപികയായ ജോളി തോമസ് എന്നിവരാണ് മറ്റ് പരിശീലകർ. കോഴിക്കോട് ജില്ലയിൽ വർഷങ്ങളായി ജേതാക്കളായ പുല്ലൂരാംപാറക്ക് സംസ്ഥാനതലത്തിലെ രണ്ടാം സ്ഥാനം ഏറെ മധുരതരമാണ്. വരും വർഷങ്ങളിൽ ചാമ്പ്യൻ സ്കൂളാകുന്നതിെൻറ തുടക്കമാണ് ഈ രണ്ടാം സ്ഥാനമെന്ന് മുഖ്യപരിശീലകൻ ടോമി ചെറിയാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.