തിരുവനന്തപുരം: ഒളിമ്പിക്സ് മെഡൽ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ടെന്നും ആ ലക്ഷ്യത്തിലേക്ക് ഒന്നിച്ചു നീങ്ങണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
ജകാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളി കായിക താരങ്ങൾക്ക് സെക്രേട്ടറിയറ്റ് ദർബാർ ഹാളിൽ നടന്ന ചടങ്ങിൽ കാഷ് അവാർഡ് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജിൻസൺ ജോൺസൻ, വി.കെ വിസ്മയ, വി. നീന, വൈ. മുഹമ്മദ് അനസ്, കുഞ്ഞുമുഹമ്മദ്, ജിത്തു ബേബി, പി.യു. ചിത്ര എന്നിവർ മുഖ്യമന്ത്രിയിൽനിന്ന് കാഷ് അവാർഡും ഉപഹാരങ്ങളും ഏറ്റുവാങ്ങി. ദീപിക പള്ളിക്കൽ, സുനൈന കുരുവിള, ശ്രീജേഷ് എന്നിവരുടെ അവാർഡ് രക്ഷാകർത്താക്കൾ ഏറ്റുവാങ്ങി.
സ്വർണ മെഡൽ നേടിയവർക്ക് 20ഉം വെള്ളി നേടിയവർക്ക് 15ഉം വെങ്കലം നേടിയവർക്ക് 10ഉം ലക്ഷം രൂപയാണ് നൽകിയത്. 14 മെഡലുകളാണ് 10 താരങ്ങൾ നേടിയത്. മികച്ച പരിശീലകരെയും ആദരിച്ചു. ധ്യാൻചന്ദ് പുരസ്കാരം നേടിയ മുൻ താരം ബോബി അലോഷ്യസിനെ ചടങ്ങിൽ ആദരിച്ചു. മന്ത്രി ഇ.പി. ജയരാജൻ അധ്യക്ഷതവഹിച്ചു. ഒ. രാജഗോപാൽ എം.എൽ.എ, സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസൻ, കായിക വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ. ജയതിലക്, സ്പോർട്സ് കൗൺസിൽ അഡ്മിനിസ്ട്രേറ്റിവ് ബോർഡ് അംഗങ്ങളായ എം.ആർ. രഞ്ജിത്ത്, ഡി. വിജയകുമാർ, ഒ. കെ. വിനീഷ്, സെക്രട്ടറി സഞ്ജയൻ കുമാർ, ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ഡി. മോഹനൻ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.