സീനിയര്‍ ഗേള്‍സ് ഷോട്ട്പുട്ടില്‍ മത്സരിപ്പിക്കണമെന്ന ആവശ്യത്തിന് ഹൈകോടതില്‍നിന്ന് അനുകൂലവിധി നേടിയ താരത്തിന് അധികൃതര്‍ അനുമതി നല്‍കിയില്ല. സ്പോര്‍ട്സ് കൗണ്‍സില്‍ താരമായ തൃശൂര്‍ ഇരിങ്ങാലക്കുട ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ മരിയ തോമസാണ് കോടതി ഉത്തരവുമായി എത്തിയത്. നവംബര്‍ 23ന് റവന്യൂ ജില്ല അത്ലറ്റിക് മീറ്റ് ഷോട്ട്പുട്ട് മത്സരം നടക്കുമ്പോള്‍ സംസ്ഥാന സ്കൂള്‍ വോളിബാള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുകയായിരുന്നു മരിയ. ഇക്കാര്യം അധികൃതരെ മുന്‍കൂട്ടി അറിയിച്ചിരുന്നതായും താരം പറയുന്നു. ശനിയാഴ്ച നടന്ന ഡിസ്കസ് ത്രോയില്‍ വെങ്കലം സ്വന്തമാക്കിയ മരിയ ഞായറാഴ്ച ജാവലിന്‍ ത്രോയിലും മത്സരിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് സംസ്ഥാന മീറ്റുകളില്‍ കോഴിക്കോട് പുല്ലൂരാംപാറ എച്ച്.എസിനുവേണ്ടി ഷോട്ട്പുട്ടില്‍ വെള്ളി മെഡല്‍ നേടിയയാളാണ് മരിയ. ഈ ഇനത്തില്‍ ഇക്കുറിയും പങ്കെടുക്കാനുള്ള താല്‍പര്യം എ.ഇ.ഒയെയും റവന്യൂ ജില്ല സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് അധികൃതരെയും അറിയിച്ചു. തുടര്‍ന്ന് ട്രയല്‍സും നടത്തി. ജില്ല മീറ്റിലെ ഒന്നാം സ്ഥാനക്കാരി 8.24 മീറ്റര്‍ മാത്രമാണ് എറിഞ്ഞതെങ്കില്‍ 10.32 ആയിരുന്നു ട്രയല്‍സില്‍ മരിയയുടെ പ്രകടനം. എന്നാല്‍, ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്ക് ഇതിനകം പ്രവേശനം നല്‍കിയെന്നുപറഞ്ഞ് താരത്തിന് അവസരം നിഷേധിക്കപ്പെട്ടു. 29ന് ഡി.ഡി.ഇക്ക് നല്‍കിയ അപ്പീലും തള്ളി. തുടര്‍ന്നാണ് കോടതിയെ സമീപിക്കുന്നത്. നാലുതാരങ്ങളുടെയും പ്രകടനം നോക്കി അര്‍ഹതയുള്ളവര്‍ക്ക്് പ്രവേശനം നല്‍കണമെന്നായിരുന്നു ഡിസംബര്‍ ഒന്നിലെ ഹൈകോടതി ഉത്തരവ്. ആണ്‍കുട്ടികളുടെ വോളിബാളില്‍ പങ്കെടുത്തതുമൂലം ജില്ല മീറ്റ് നഷ്ടമായ തൃശൂരുകാരനായ താരത്തിന് സംസ്ഥാന മീറ്റിലെ ഷോട്ട്പുട്ടില്‍ അവസരം ലഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.