കോയമ്പത്തൂര്‍: തമിഴ്നാടിന് അഭിമാന നേട്ടമെന്ന് പത്മശ്രീ അവാര്‍ഡ് ജേതാവ് മാരിയപ്പന്‍ തങ്കവേലു. പത്മശ്രീ നേട്ടമറിഞ്ഞയുടന്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു. അവാര്‍ഡ് മറ്റുള്ളവര്‍ക്ക് പ്രചോദനമാവുമെന്നും മാരിയപ്പന്‍ അഭിപ്രായപ്പെട്ടു. ജന്മദേശമായ സേലം ജില്ലയിലെ ഓമല്ലൂരിനടുത്ത പെരിയവടക്കംപട്ടി ഗ്രാമം ഉത്സവാന്തരീക്ഷത്തിലാണ്. പ്രഖ്യാപനമറിഞ്ഞ് മാരിയപ്പന്‍െറ വീട്ടിലും പരിസരത്തും ആബാലവൃദ്ധം ജനങ്ങള്‍ തടിച്ചുകൂടി.
രാഷ്ട്രീയനേതാക്കളും ഗ്രാമമുഖ്യരും വീട്ടിലത്തെി ആശംസകള്‍ കൈമാറുന്നു. റിയോ പാരാലിമ്പിക്സില്‍ സ്വര്‍ണപ്പതക്കം നേടിയാണ് മാരിയപ്പന്‍ രാജ്യത്തിന്‍െറ അഭിമാനതാരമായത്. നേട്ടത്തെ തുടര്‍ന്ന് സംസ്ഥാന സര്‍ക്കാറില്‍നിന്ന് രണ്ട് കോടി രൂപയും കേന്ദ്ര സര്‍ക്കാറില്‍നിന്ന് 75 ലക്ഷം രൂപയും ലഭിച്ചിരുന്നു. ഇതില്‍ 30 ലക്ഷം രൂപ താന്‍ പഠിച്ച സര്‍ക്കാര്‍ സ്കൂളിലെ സ്പോര്‍ട്സ് വികസനത്തിനായി സംഭാവന നല്‍കി നേട്ടത്തിന്‍െറ തിളക്കം കൂട്ടിയിരുന്നു ഈ മാതൃകാതാരം.
തങ്കവേലു-സരോജ ദമ്പതികളുടെ മൂത്തമകനായ മാരിയപ്പന്‍ ശാരീരിക വൈകല്യങ്ങളെ ആത്മവിശ്വാസത്തിലൂടെ അതിജീവിച്ചാണ് ജീവിതനേട്ടം കൈവരിച്ചത്. 1995 ജൂണ്‍ 28നാണ് ജനനം. അഞ്ച് വയസ്സുള്ളപ്പോഴാണ് ബസപകടത്തില്‍ വലത് കാലിന് ഗുരുതരമായി പരിക്കേറ്റത്. സ്കൂളിലേക്ക് പോകവെ നിയന്ത്രണംവിട്ട ബസിടിക്കുകയായിരുന്നു. തുടര്‍ന്ന് കാല്‍മുട്ടിന് താഴെ വളര്‍ച്ച മുരടിക്കുകയായിരുന്നു. ഓമല്ലൂര്‍ ഗവ. സ്കൂളില്‍ പഠിക്കവെ വോളിബാളിലാണ് മാരിയപ്പന്‍ താല്‍പര്യം കാണിച്ചിരുന്നത്. എന്നാല്‍, ആറാം ക്ളാസില്‍ പഠിക്കവെ കായികാധ്യാപകനായ രാജേന്ദ്രനാണ് ഹൈജംപിലുള്ള കഴിവ് ആദ്യം തിരിച്ചറിഞ്ഞത്. പിന്നീട് വിദ്യാഭ്യാസ കാലയളവില്‍ ജില്ല-സംസ്ഥാനതലങ്ങളില്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി.
അമ്മ സരോജക്ക് പച്ചക്കറി വ്യാപാരത്തിലൂടെ ലഭിക്കുന്ന തുച്ഛമായ വരുമാനം ഉപയോഗിച്ചാണ് കുടുംബം പോറ്റിയിരുന്നത്. കടുത്ത സാമ്പത്തിക പരാധീനതകള്‍ക്കിടയിലും സേലത്തെ സ്വകാര്യകോളജില്‍ ബി.ബി.എ പൂര്‍ത്തിയാക്കി. 2013ലെ ദേശീയ പാര അത്ലറ്റിക് ചാമ്പ്യന്‍ഷിപ്പാണ് മാരിയപ്പന്‍െറ ജീവിതത്തില്‍ വഴിത്തിരിവായത്.
പിന്നീട് ബംഗളൂരുവിലെ ഇന്ത്യന്‍ പാരാലിമ്പിക്സ് കമ്മിറ്റി അക്കാദമിയിലെ കോച്ച് സത്യനാരായണയുടെ കീഴിലായി പരിശീലനം. മൂന്നുവര്‍ഷത്തെ കടുത്ത പരിശീലനംവഴി ദേശീയ- അന്താരാഷ്ട്രതല ചാമ്പ്യന്‍ഷിപ്പുകളില്‍ മാരിയപ്പന് തിളങ്ങാനായി. 2016 മാര്‍ച്ചില്‍ തുണീഷ്യയില്‍ നടന്ന ഐ.പി.എല്‍ ഗ്രാന്‍ഡ്പ്രിക്സ് ഹൈജംപില്‍ 1.78 മീറ്റര്‍ ഉയരം ചാടിയാണ് റിയോ പാരാലിമ്പിക്സില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയത്. റിയോവിലെ നേട്ടത്തോടെ പാരാലിമ്പിക്സ് മത്സരങ്ങളില്‍ സ്വര്‍ണം നേടുന്ന മൂന്നാമത്തെ ഇന്ത്യക്കാരനായി മാരിയപ്പന്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.