ന്യൂഡൽഹി: മത്സരരംഗത്ത് സജീവമായവർ തുടരുന്നത് ശരിയല്ലെന്ന കേന്ദ്ര കായികമന്ത്രിയുടെ അഭിപ്രായത്തെ തുടർന്ന് ഒളി-മ്പിക് മെഡൽ ജേത്രിയും അഞ്ചുതവണ ലോക ചാമ്പ്യനുമായിട്ടുള്ള ബോക്സിങ് ഇതിഹാസം എം.സി. മേരികോം ദേശീയ നിരീക്ഷകസ്ഥാനം രാജിവെച്ചു. കായികമന്ത്രി രാജ്യവർധൻ സിങ് റാത്തോഡുമായി ചർച്ചചെയ്ത് 10 ദിവസം മുമ്പ് സ്ഥാനം രാജിവെച്ചതായാണ് മേരി കോം വ്യക്തമാക്കിയത്.
താൻ ചോദിച്ചുവാങ്ങിയ പദവിയല്ല ഇതെന്നും ഇങ്ങോട്ട് അഭ്യർഥിച്ചതുകൊണ്ട് മാത്രമാണ് ഏറ്റെടുത്തതെന്നും മേരികോം പറഞ്ഞു. മത്സരരംഗത്ത് സജീവമായവർ ഇത്തരം പദവികൾ ഏറ്റെടുക്കുന്നതിൽ അസാംഗത്യമുണ്ടോ എന്ന് അഭ്യർഥന മുന്നോട്ടുവെച്ച അന്നത്തെ കായിക വകുപ്പ് സെക്രട്ടറി െഎ. ശ്രീനിവാസിനോട് അന്വേഷിച്ചിരുന്നു. അതൊന്നും നോക്കാതെ സ്ഥാനം ഏറ്റെടുക്കാനായിരുന്നു കിട്ടിയ നിർദേശം -മേരികോം ചൂണ്ടിക്കാട്ടി. തനിക്ക് ചെയ്യാൻ ഏറെ കാര്യങ്ങളുണ്ടെന്നും ഇൗ പദവി ഉപേക്ഷിക്കുന്നതിൽ ഒരുതരത്തിലുള്ള വിഷമവുമില്ലെന്നും താരം ചൂണ്ടിക്കാട്ടി.
രാജ്യസഭ എം.പി കൂടിയായ മേരി കോം അടുത്തിടെ അഞ്ചാം തവണയും ഏഷ്യൻ ചാമ്പ്യനായി ചരിത്രമെഴുതിയിരുന്നു. അടുത്തവർഷം നടക്കാനിരിക്കുന്ന കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയിൽ സ്വർണം ലക്ഷ്യമിട്ടുള്ള ഒരുക്കത്തിലാണിപ്പോൾ 35കാരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.