കോഴിക്കോട്: മലയാളക്കരയിലേക്ക് വലിയ നേട്ടങ്ങള്‍ എത്തിച്ച കുഞ്ഞുതാരങ്ങളോട് വാക്കുപാലിക്കാതെ വിദ്യാഭ്യാസ മന്ത്രി. ദേശീയ സ്കൂള്‍ കായികമേളകളില്‍ വിജയികളായ കേരള താരങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കാനുള്ള കാഷ് അവാര്‍ഡുകള്‍ കഴിഞ്ഞ അധ്യയന വര്‍ഷം തന്നെ വിതരണം ചെയ്യുമെന്ന ഉറപ്പ് വെറുതെയായി. 2013നുശേഷമുള്ള സമ്മാനക്കുടിശ്ശിക ഉടന്‍ വിതരണം ചെയ്യുമെന്ന് തേഞ്ഞിപ്പലത്ത് സംസ്ഥാന സ്കൂള്‍ കായികോത്സവം ഉദ്ഘാടനം ചെയ്യുന്നതിനിടെയാണ് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിച്ചത്. കാഷ് അവാര്‍ഡ് വിതരണം മുടങ്ങിയെന്ന ‘മാധ്യമം’ വാര്‍ത്ത ശ്രദ്ധയില്‍പെട്ടതിനെത്തുടര്‍ന്നായിരുന്നു മന്ത്രി പൊതുവേദിയില്‍ പ്രഖ്യാപനം നടത്തിയത്. 2.4 കോടി രൂപ വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി. മോഹന്‍കുമാറും പറഞ്ഞിരുന്നു.
ഈ വര്‍ഷത്തെ മീറ്റിലെ മെഡല്‍ ജേതാക്കള്‍ക്ക് കൊടുക്കാനുള്ള തുകക്ക് പുറമേയാണിത്. എന്നാല്‍, പുതിയ അധ്യയന വര്‍ഷം തുടങ്ങാനായിട്ടും സമ്മാനക്കുടിശ്ശികയുടെ കാര്യത്തില്‍ കാത്തിരിപ്പ് തുടരുകയാണ്. സ്വര്‍ണത്തിന് 30000 രൂപ, വെള്ളിക്ക് 25000, വെങ്കലത്തിന് 20000 എന്നിങ്ങനെയാണ് ദേശീയ മേളയിലെ മെഡല്‍ ജേതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക. ചില മിടുക്കികള്‍ക്കും മിടുക്കന്മാര്‍ക്കും മൂന്നു ലക്ഷത്തിലേറെ കിട്ടാനുണ്ടെന്ന് പരിശീലകര്‍ സാക്ഷ്യപ്പെടുത്തുന്നു. പരിശീലനത്തിനും മറ്റും ഏറെ ഉപകാരപ്രദമാകുന്ന പണമാണ് വിദ്യാഭ്യാസ വകുപ്പ് പിടിച്ചുവെക്കുന്നത്.
പണം കിട്ടാനുള്ളവരിൽ പി.യു. ചിത്രയെയും ജിസ്ന മാത്യുവിനെയുംപോലുള്ള ഇന്ത്യന്‍ സീനിയര്‍ താരങ്ങളും സ്കൂള്‍ ഒളിമ്പിക്സിൽ തിളങ്ങിയ അനുമോള്‍ തമ്പി, പി.എന്‍. അജിത്ത്, നിവ്യ ആൻറണി തുടങ്ങിയ താരങ്ങളുമുണ്ട്. 2013ല്‍ യു.പിയിലെ ഇറ്റാവയില്‍ നടന്ന മീറ്റിനുശേഷമാണ് താരങ്ങള്‍ക്ക് പാരിതോഷികം കിട്ടാതായത്. ഇറ്റാവ മീറ്റില്‍തന്നെ കേരളത്തിെൻറ മികച്ച പ്രകടനം കണക്കിലെടുത്ത് സ്പോർട്സ് കൗണ്‍സില്‍ മുന്‍കൈയെടുത്താണ് സമ്മാനം നല്‍കിയത്. കഴിഞ്ഞ വർഷം തുര്‍ക്കിയില്‍ നടന്ന സ്കൂള്‍ ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ പി.എൻ. അജിത്ത്, അഭിഷേക് മാത്യു, നിവ്യ ആൻറണി എന്നീ താരങ്ങൾക്ക് അനുമോദനചടങ്ങ് സംഘടിപ്പിക്കാതെ പാരിതോഷികം ബാങ്ക് അക്കൗണ്ടിലിടുകയായിരുന്നു.
വിദ്യാഭ്യാസ വകുപ്പ് സ്കൂള്‍ താരങ്ങളില്‍നിന്ന് ‘ഓടിയകലുമ്പോള്‍’ കായിക വകുപ്പ് പ്രോത്സാഹനവുമായി രംഗത്തുണ്ട്. 2013 മുതല്‍ 2016 വരെ ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടി രാജ്യത്തിനഭിമാനമായ മുഴുവൻ കേരള താരങ്ങള്‍ക്കും പാരിതോഷികം നല്‍കാനൊരുങ്ങുകയാണ് സ്പോര്‍ട്സ് കൗണ്‍സിൽ. ഈ മാസം 29ന് തിരുവനന്തപുരം വെള്ളയമ്പലത്തെ ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ കേന്ദ്ര കായിക മന്ത്രി വി.കെ. ഗോയല്‍ ഈ ചടങ്ങിനെത്തുന്നുണ്ട്.
അത്ലറ്റിക്സ്, ഫുട്ബാൾ, വോളിബാൾ, ബാസ്കറ്റ്ബാൾ തുടങ്ങി മുഴുവൻ കായിക ഇനങ്ങളിലും മെഡൽ നേടിയ സീനിയർ-ജൂനിയർ താരങ്ങളെയാണ് സ്പോർട്സ് കൗൺസിൽ കാഷ് അവാർഡ് നൽകി ആദരിക്കുന്നത്. ദേശീയ സ്കൂൾ കായികമേളകളിൽ സമ്മാനക്കുടിശ്ശികയുള്ള താരങ്ങളിൽ പലരും ദേശീയ ജൂനിയർ അത്ലറ്റിക് മീറ്റിലെ ജേതാക്കളെന്ന നിലയിൽ സ്പോർട്സ് കൗൺസിലിെൻറ കാഷ് അവാർഡ് വാങ്ങാനെത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.