സംഗ്രൂർ (പഞ്ചാബ്): നാലുദിവസത്തെ കാത്തിരിപ്പിനൊടുവിൽ കേരളത്തെ തേടി സ്വർണമെത്തി. ദേശീയ സ്കൂൾ കായികമേളയിൽ ജൂനിയർ ആൺകുട്ടികളുടെ 4 x 100 റിലേയിലാണ് കേരളതാരങ്ങൾ സ്വർണത്തിലേക്ക് ബാറ്റൺ കൈമാറിയത്. സബ് ജൂനിയർ, ജൂനിയർ വിഭാഗം മത്സരങ്ങൾ ഞായറാഴ്ച അവസാനിക്കാനിരിക്കെ ഒരു സ്വർണവും നാലു വെള്ളിയും മൂന്നു വെങ്കലവുമായി 65.5 പോയൻറ് നേടിയ കേരളം നാലാം സ്ഥാനത്തേക്കുയർന്നു. 95 പോയൻറുള്ള ഹരിയാനയാണ് മുന്നിൽ. 88 പോയൻറുമായി ഉത്തർപ്രദേശ് രണ്ടാമതും 70.5 പോയൻറുമായി മഹാരാഷ്ട്ര മൂന്നാം സ്ഥാനത്തുമാണ്. 19 ഫൈനലുകൾ അരങ്ങേറുന്ന അവസാന ദിനം വമ്പൻ മെഡൽക്കൊയ്ത്ത് നടത്തിയില്ലെങ്കിൽ പതിറ്റാണ്ടുകളായി കുത്തകയാക്കിവെച്ച ജൂനിയർ വിഭാഗം കിരീടം മലയാളിപ്പടയുടെ കൈയിൽനിന്ന് പോകും.
ശനിയാഴ്ച ജൂനിയർ പെൺകുട്ടികളുടെ റിലേ ടീം വെള്ളി നേടി. ജൂനിയർ ആൺ പോൾവാൾട്ടിൽ എം. അക്ഷയും ജൂനിയർ പെൺ ഹാമർത്രോയിൽ ബ്ലെസി ദേവസ്യയും വെള്ളി മെഡലിന് അർഹരായി. ജൂനിയർ പെൺ 3000 മീറ്ററിൽ കെ.പി. സനികയും സബ് ജൂനിയർ ആൺ 80 മീറ്റർ ഹർഡ്ൽസിൽ വാങ്മയൂം മുകുറമും വെങ്കലം നേടി. നാലാം ദിനം അഞ്ചു റെക്കോഡുകൾ പിറവിയെടുത്തു. മീറ്റിലെ ആകെ റെക്കോഡുകൾ 12 ആയി.
സ്വർണ കൈമാറ്റം
സ്വർണം കാത്തിരുന്ന് മടുത്ത കേരള ക്യാമ്പിന് ആശ്വാസമേകുന്നതായിരുന്നു വാർ ഹീറോസ് സ്റ്റേഡിയത്തിൽ ജൂനിയർ ആൺകുട്ടികളുടെ 4x100 മീറ്റർ റിലേയിലെ പ്രകടനം. സെമിയിൽ ഒന്നാമതായ ടീം ഫൈനലിലും മികവ് ആവർത്തിച്ചു. 42.88 സെക്കൻഡിലാണ് കേരളം ഫിനിഷ് ചെയ്തത്. ആദ്യ ലാപ്പിൽ ഇരിങ്ങാലക്കുട നാഷനൽ എച്ച്.എസ്.എസിലെ വാരിഷ് ബോഗി മയൂം തുടക്കമിട്ട കുതിപ്പ് ആങ്കറായ താനൂർ ദേവദാർ ജി.എച്ച്.എസ്.എസിലെ മുഹമ്മദ് ഹനാെൻറ അതിഗംഭീരമായ സുവർണ ഫിനിഷിങ്ങിലാണ് അവസാനിച്ചത്. രണ്ടാം ലാപ്പുകാരനായ കൊല്ലം സായിയുടെ സ്റ്റാലിൻ ജോസഫും മൂന്നാമനായി ബാറ്റണേന്തിയ മലപ്പുറം കടകശ്ശേരി ഐഡിയൽ സ്കൂളിലെ മുഹമ്മദ് ഷാനും തങ്ങളുടെ റോൾ മനോഹരമാക്കി. മുഹമ്മദ് ഹനാന് 100 മീറ്റർ ഹർഡ്ൽസിെൻറ ഹീറ്റ്സ് വിജയകരമായി പൂർത്തിയാക്കി 10 മിനിറ്റിനകമാണ് റിലേയിൽ അവസാന ലാപ്പുകാരനായി ഓടേണ്ടിവന്നത്.
പെൺകുട്ടികളുടെ 4x100 മീറ്റർ റിലേയിൽ കേരള ടീം ക്യാപ്റ്റൻ അലീന വർഗീസ് (ഭരണങ്ങാനം സെൻറ് മേരീസ് സ്കൂൾ), കെ.കെ. വിദ്യ (വാണിയംകുളം ടി.ആർ.കെ.എച്ച്.എസ്), ഫിസ റഫീഖ് (സെൻറ് തെരേസാസ് കോൺവൻറ് എച്ച്.എസ്.എസ്), സാന്ദ്ര മോൾ ജോസഫ് (പൂഞ്ഞാർ എസ്.എം.വി.എച്ച്.എസ്) എന്നിവരടങ്ങിയ ടീമാണ് കേരളത്തിന് വെള്ളി നേടിക്കൊടുത്തത്.
സ്വർണനഷ്ടം
ശനിയാഴ്ച രണ്ടിനങ്ങളിലാണ് കേരളത്തിന് നിർഭാഗ്യം കാരണം സ്വർണം വഴുതിമാറിയത്. ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ടിൽ എം. അക്ഷയും ജൂനിയർ പെൺകുട്ടികളുടെ ഹാമർത്രോയിൽ ബ്ലസി ദേവസ്യയും നേരിയ വ്യത്യാസത്തിൽ പൊൻപതക്കം കൈവിട്ടു. കോതമംഗലം മാർ ബേസിൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയായ എം. അക്ഷയും മധ്യപ്രദേശിെൻറ സന്ദീപ് കുമാറും 4.10 മീറ്ററാണ് താണ്ടിയത്. എന്നാൽ, നേരത്തേയുള്ള അവസരങ്ങളിൽ കൂടുതൽ ഫൗളുകൾ വരുത്തിയത് അക്ഷയ്ക്ക് വിനയായി.
അവസാനം നടന്ന ഹാമർത്രോയിൽ 50.49 മീറ്റർ എറിഞ്ഞാണ് എറണാകുളം മാതിരപ്പിള്ളി ജി.വി.എച്ച്.എസ്.എസിലെ വിദ്യാർഥിനിയായ ബ്ലെസി വെള്ളി നേടിയത്. വെറും ഒമ്പതു സെൻറിമീറ്റർ വ്യത്യാസത്തിലാണ് ഡൽഹിയുടെ ഐശ്വര്യ സിങ് സ്വർണം നേടിയത്. കണ്ണൂർ പയ്യാവൂർ പൈസക്കരി സ്വദേശിയായ ബ്ലെസി സംസ്ഥാന മേളയിൽ 52.38 മീറ്റർ ദൂരം കുറിച്ചിരുന്നു.ജൂനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ കോഴിക്കോട് കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസിലെ കെ.പി. സനിക 10 മിനിറ്റ് 14.93 സെക്കൻഡിലാണ് വെങ്കലം നേടിയത്. 11. 17 സെക്കൻഡിലായിരുന്നു ഇരിങ്ങാലക്കുട നാഷനൽ എച്ച്.എസ്.എസിലെ താരമായ വാങ്മയൂം 80 മീറ്റർ ഹർഡ്ൽസിൽ മൂന്നാമനായത്.
ഗുണ്ടൂരിൽ നടന്ന ദേശീയ ജൂനിയർ മീറ്റിൽ പ്രായത്തട്ടിപ്പിൽ കുടുങ്ങിയ ഹരിയാന താരങ്ങൾ സംഗ്രൂരിൽ ട്രാക്കിലിറങ്ങിയതായി സൂചനയുണ്ട്. ഇക്കാര്യത്തിൽ കേരള ടീം പരാതി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.