വിജയവാഡ: 78ാമത് അന്തർ സർവകലാശാല അത്ലറ്റിക് മീറ്റിൽ മാംഗ്ലൂർ കിരീടം നിലനിർത്തി. വനിത കിരീടം സ്വന്തമാക്കിയ എം.ജി ഓവറോൾ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനവും നേടിയപ്പോൾ കാലിക്കറ്റ് പുരുഷ, വനിത വിഭാഗങ്ങളിലും ഓവറോൾ ചാമ്പ്യൻഷിപ്പിലും മൂന്നാം സ്ഥാനത്തെത്തി. പോയൻറ് നില -ഓവറോൾ: മാംഗ്ലൂർ 177, എം.ജി 111.5, കാലിക്കറ്റ് 89. പുരുഷന്മാർ: മാംഗ്ലൂർ 116, പഞ്ചാബി 48, കാലിക്കറ്റ് 45. വനിത: എം.ജി 75.5, മാംഗ്ലൂർ 61, കാലിക്കറ്റ് 44.
അവസാനദിനം ഏഴു റെക്കോഡുകൾ
ആചാര്യ നാഗാർജുന സ്റ്റേഡിയത്തിൽ അഞ്ചു ദിവസമായി അരങ്ങേറിയ മീറ്റിെൻറ അവസാന ദിനമായ ശനിയാഴ്ച നടന്ന 13 ഫൈനലുകളിൽ ഏഴിലും റെക്കോഡുകൾ പിറവിയെടുത്തു. ഇതിൽ നാലും മലയാളി വനിത താരങ്ങളുടെ വകയായിരുന്നു. 1500 മീറ്ററിൽ കാലിക്കറ്റിെൻറ പി.യു. ചിത്ര, 200 മീറ്ററിൽ എം.ജിയുടെ വി.കെ. വിസ്മയ, 4x400 റിലേയിൽ എം.ജി ടീം, ഹൈജംപിൽ മാംഗ്ലൂരിെൻറ മലയാളി താരം എയ്ഞ്ചൽ പി. ദേവസ്യ എന്നിവരാണ് മലയാളി റെക്കോഡ് നേട്ടക്കാർ. പുരുഷ വിഭാഗത്തിൽ 1500 മീറ്ററിൽ പഞ്ചാബിയുടെ സച്ചേലാൽ പട്ടേൽ, 200 മീറ്ററിൽ മാംഗ്ലൂരിെൻറ എലാക്യ ദാസൻ, 4x400 റിലേയിൽ മാംഗ്ലൂർ ടീം എന്നിവരാണ് മറ്റു റെക്കോഡ് നേട്ടക്കാർ.
റെക്കോഡുകളുടെ പെരുമഴ കണ്ട പുരുഷ, വനിത 200 മീറ്ററിൽ തകർന്നത് 27ഉം 25ഉം വർഷം പഴക്കമുള്ള റെക്കോഡുകൾ. ദേശീയ റെക്കോഡുകാരൻ കൂടിയായിരുന്ന അണ്ണാമലൈയുടെ ആനന്ദ് നടരാജൻ 1990ൽ സ്ഥാപിച്ച സമയം (21.30 സെ.) എലാക്യ ദാസൻ (20.92) തിരുത്തി. മലയാളി താരങ്ങളുടെ പോരാട്ടമായ വനിതകളുടെ 200 മീറ്ററിൽ 1992ൽ ഒളിമ്പ്യൻ സെനിയ അയർറ്റം സ്ഥാപിച്ച 24.00 സെക്കൻഡ് സമയം 23.90 സെക്കൻഡിൽ ഓടിയെത്തിയാണ് എം.ജിയുടെ വി.കെ. വിസ്മയ തകർത്തത്. രണ്ടാമതെത്തിയ കാലിക്കറ്റിെൻറ ജിസ്ന മാത്യുവും (23.98 സെ.) റെക്കോഡ് മറികടന്നു.
ആവേശ റിലേ
മീറ്റിലെ അവസാന ഫൈനലായ 4 x 400 മീ. റിലേയിൽ പുരുഷ വിഭാഗത്തിൽ കേരളത്തിൽ നിന്നുള്ള സർവകലാശാലകൾ മെഡലില്ലാതെ പിന്തള്ളപ്പെട്ടപ്പോൾ വനിതകളിൽ എം.ജി, കാലിക്കറ്റ്, കേരള ടീമുകൾ ആദ്യ മൂന്നു സ്ഥാനങ്ങൾ കരസ്ഥമാക്കി. അവസാനം വരെ ഉദ്വേഗം മുറ്റിനിന്ന പോരാട്ടത്തിനൊടുവിൽ എം.ജി കാലിക്കറ്റിനെ പിന്തള്ളുകയായിരുന്നു. അനില വേണു, വി.കെ. ശാലിനി, വി.കെ. വിസ്മയ, ജെറിൻ ജോസഫ് എന്നിവരാണ് എം.ജിക്കായി ഓടിയത്.
റെക്കോഡോടെ ചിത്രയും എയ്ഞ്ചലും
1500 മീറ്ററിൽ 2004ൽ ഭാരതിദാസെൻറ എസ്. ശാന്തി സ്ഥാപിച്ച 4:26.23 സെ. സമയമാണ് കാലിക്കറ്റിെൻറ പി.യു. ചിത്ര 4:24.87 സെ. ആക്കി തിരുത്തിയത്. രണ്ടാമതെത്തിയ പഞ്ചാബിയുടെ ഹർമിലൻ ബെയിൻസ് (4:25.74 സെ.) റെക്കോഡ് മറികടന്നു. വനിത ഹൈജംപിൽ മാംഗ്ലൂരിനായി ഇറങ്ങിയ മലയാളി താരം എയ്ഞ്ചൽ ദേവസ്യ 1.82 മീറ്റർ ചാടി. വനിതകളുടെ അഞ്ചു കി.മീ. നടത്തത്തിൽ എം.ജിയുടെ മേരി മാർഗരറ്റ്, ഹെപ്റ്റാത്ലണിൽ എം.ജിയുടെ മറീന ജോർജ് എന്നിവർ വെള്ളി നേടിയപ്പോൾ പുരുഷന്മാരുടെ 1500 മീറ്ററിൽ കേരളയുടെ അഭിനന്ദ് സുന്ദരേശൻ, ഹാഫ് മാരത്തണിൽ എം.ജിയുടെ ഷെറിൻ ജോസ്, ഹെപ്റ്റാത്ലണിൽ എം.ജിയുടെ വി.ഒ. നിമ്മി എന്നിവർ വെങ്കലം കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.