വഡോദര: മെഡലുകൾ പെയ്തിറങ്ങിയ മൂന്നാം ദിനത്തിൽ മാഞ്ചൽപ്പൂരിനെ ത്രസിപ്പിച്ച് കേരളം ദേശീയ ജൂനിയർ സ്കൂൾ അത്ലറ്റിക് ചാമ്പ്യൻപട്ടത്തിലേക്ക്. 100 മീറ്റർ ഹർഡിൽസിൽ അപർണ റോയിയും ലോങ്ജംപിൽ ആൻസി സോജനും 1500 മീറ്ററിൽ സി. ചാന്ദ്നിയും സ്വർണമണിഞ്ഞ് കേരളത്തിെൻറ നേട്ടം ഏഴായി ഉയർത്തി. മൂന്ന് സ്വർണം, രണ്ട് വെള്ളി, മൂന്ന് വെങ്കലം എന്നിങ്ങനെയാണ് കേരളം ഫീൽഡിലും ട്രാക്കിലുമായി ബുധനാഴ്ച സ്വന്തമാക്കിയത്. 400 മീറ്ററിൽ ഗൗരി നന്ദനയും ലോങ്ജംപിൽ അപർണ റോയിയും (വെള്ളി) ആൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ വി.കെ. മുഹമ്മദ് ലിസാനും (13.94 സെ), 1500 മീറ്ററിൽ ആദർശ് ഗോപിയും പെൺകുട്ടികളുടെ 100 മീറ്റർ ഹർഡിൽസിൽ അജിനി അശോകനുമാണ് വെങ്കലം നേടിയത്. കേരളത്തിെൻറ മൊത്തം മെഡൽ നേട്ടം 17 ആയി. രണ്ടാം സ്ഥാനത്തുള്ള ഹരിയാനക്ക് നാലു സ്വർണവും മൂന്നാം സ്ഥാനത്തുള്ള ഡൽഹിക്ക് മൂന്ന് സ്വർണവുമാണുള്ളത്.
പൊന്നാണ് അപർണ 100 മീറ്ററിൽ അഞ്ചാമതായതിെൻറ പ്രായശ്ചിത്തമായി 100 മീറ്റർ ഹർഡിൽസിലും ലോങ്ജംപിലും കേരള ക്യാപ്റ്റൻ അപർണ റോയിയുടെ മിന്നും പ്രകടനം. ഹർഡിൽസിൽ റെക്കോഡ് നേട്ടത്തോടെ സ്വർണം നേടിയ അപർണ, ഹൈജംപിൽ വെള്ളിയും നേടി മീറ്റിെൻറ മൂന്നാം ദിനം സ്വന്തമാക്കി. വെടിമുഴങ്ങിയതിനൊപ്പം അസ്ത്രംപോലെ കുതിച്ച അപർണ ഹർഡിലുകൾക്ക് മീതെ പറക്കുകയായിരുന്നു. ഒരു ഹർഡിലിൽ പോലും സ്പർശിക്കാതെ ഫിനിഷ് ചെയ്തപ്പോഴും എതിരാളികൾ വാരകൾ അകലെ. കഴിഞ്ഞ ദേശീയ മീറ്റിൽ സ്ഥാപിച്ച 14.49 സെക്കൻഡ് 14.41 ആക്കി മാറ്റിയാണ് പൊന്നണിഞ്ഞത്. ഹർഡിൽ ഫൈനലിനുശേഷം ഒരുമണിക്കൂർ പോലും തികയുന്നതിനുമുമ്പ ജംപിങ് പിറ്റിലിറങ്ങിയാണ് അപർണ വെള്ളി നേട്ടം സ്വന്തമാക്കിയത്. 5.55 മീറ്ററാണ് ചാടിയത്. കോഴിക്കോട് പുല്ലൂരാം പാറ സെൻറ് ജോസഫ്സ് സ്കൂൾ താരമായ അപർണ ടോമി ചെറിയാെൻറ കീഴിൽ മലബാർ സ്പോർട്സ് അക്കാദമിയിലാണ് പരിശീലനം നടത്തുന്നത്. കോഴിക്കോട് കൂടരഞ്ഞി ഓവേലിൽ റോയി–ടീന ദമ്പതികളുടെ മകളാണ്.
പെൺകുട്ടികളുടെ 1500 മീറ്ററിൽ സ്വർണം നേടിയ സി-. ചാന്ദിനി സ്പൈക്കുമായി പ്രാർഥനയിൽ
ഗോൾഡൻ ആൻസി പെൺകുട്ടികളുടെ ലോങ് ജംപിൽ സ്വർണം നേടിയ ആൻസി ഈ സീസണിലിറങ്ങിയ നാല് മീറ്റുകളിലും പൊന്നായിമാറി. ഇൻറർക്ലബ് അത്ലറ്റിക് മീറ്റ്, ദേശീയ ജൂനിയർ മീറ്റ്, ഖേലോ ഇന്ത്യ ദേശീയ മീറ്റ് എന്നിവിടങ്ങളിലും സുവർണ പ്രകടനമാണ് ആൻസി കാഴ്ചവെച്ചത്. മഞ്ചൽപൂരിൽ അഞ്ചാം ചാട്ടത്തിൽ 5.69 മീറ്റർ താണ്ടിയതോടെ സ്വർണത്തിലേക്കുള്ള കാൽവെപ്പായി അതു മാറി. തൃശൂർ നാട്ടിക ഗവ. ഫിഷറീസ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസുകാരി, ഇടപ്പിള്ളിയിലെ ഇ.ടി. സോജെൻറയും ജാൻസിയുടെയും മകളാണ്.
ചാന്ദ്നിക്ക് ഡബിൾ അവസാന മത്സരം പെൺകുട്ടികളുടെ 1500 മീറ്ററായിരുന്നു. മത്സരം പാതി പിന്നിട്ടപ്പോഴും കടുത്ത പോരാട്ടമായിരുന്നു. എന്നാൽ, അവസാന ലാപ്പിൽ കുതിച്ചുകയറിയ ചാന്ദ്നി വ്യക്തമായ ആധിപത്യത്തോടെ മത്സരം വരുതിയിലാക്കി. 4:38:90 മിനിറ്റിലാണ് ചാന്ദ്നി സ്വർണം നേടിയത്. മീറ്റിൽ ചാന്ദ്നിയുടെ രണ്ടാം സ്വർണമാണിത്. പെൺകുട്ടികളുടെ 400 മീറ്റർ ഓട്ടത്തിൽ മഹാരാഷ്ട്രയുടെ തായ് ബമാനേയോട് പരാജയപ്പെട്ടാണ് കേരളത്തിെൻറ ഗൗരിനന്ദന (57.99) വെള്ളിയിലൊതുങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.