സംഗ്രൂർ (പഞ്ചാബ്): ദേശീയ സ്കൂൾ കായികമേളയിൽ സബ് ജൂനിയർ, ജൂനിയർ വിഭാഗങ്ങളിലെ മെഡൽ വരൾച്ചയുടെ ക്ഷീണം തീർക്കാൻ സീനിയർ ടീം ഇന്നിറങ്ങുന്നു. അഞ്ചുദിവസം നീളുന്ന സീനിയർ വിഭാഗം മത്സരങ്ങളുടെ ആദ്യ ദിനത്തിൽ നാലു ഫൈനലുകൾ അരങ്ങേറും. സംഗ്രൂരിലെ വാർ ഹീറോസ് സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് ആൺകുട്ടികളുടെ 3000 മീറ്റർ ഫൈനലോടെയാണ് മത്സരങ്ങൾക്ക് തുടക്കമാകുന്നത്.
ആൺകുട്ടികളുടെ ഡിസ്കസ് ത്രോയിലും പെൺകുട്ടികളുടെ വിഭാഗത്തിൽ 3000 മീറ്ററിലും ഹൈജംപിലും ആദ്യ ദിനത്തിൽ മെഡൽ ജേതാക്കളെ നിശ്ചയിക്കും. ആകെ 40 ഫൈനലുകളാണ് സീനിയർ വിഭാഗത്തിൽ അരങ്ങേറുന്നത്. തകർപ്പൻ പ്രകടനം പുറത്തെടുക്കാനാകുമെന്ന പ്രതീക്ഷയിൽ കേരള ടീം കഴിഞ്ഞ ദിവസം രാത്രി സംഗ്രൂരിലെത്തി.
35 വീതം ആൺകുട്ടികളും പെൺകുട്ടികളുമായി 70 അംഗ സംഘമാണ് കേരളത്തിനായി കച്ചമുറുക്കുന്നത്. 800, 1500 മീറ്ററിലും 4x400 മീറ്റർ റിലേയിലും മത്സരിക്കുന്ന കോതമംഗലം മാർ ബേസിൽ എച്ച്.എസ്.എസിലെ അഭിഷേക് മാത്യുവാണ് കേരള ടീം ക്യാപ്റ്റൻ. തിരുവനന്തപുരം സായിയുടെ പ്രിസ്കില്ല ഡാനിയലാണ് വൈസ് ക്യാപ്റ്റൻ. കേരളം തമ്പടിച്ച ബദ്റു ഖാൻ സ്കൂളിൽ തിങ്കളാഴ്ച രാത്രിയെത്തിയ സീനിയർ ടീം ചൊവ്വാഴ്ച രാവിലെ 11.30ഓടെ പരിശീലനത്തിനും രജിസ്ട്രേഷനുമായി വാർ ഹീറോസ് സ്റ്റേഡിയത്തിലെത്തി.
കൊടുംതണുപ്പില്ലാത്തതിനാൽ വിജയം കൊയ്യാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കേരള സംഘം. അഭിഷേക് മാത്യു, സൂര്യജിത്ത്, അലക്സ് ജോസഫ്, ആകാശ് എം. വർഗീസ്, ആൻസി സോജൻ, പി.എസ്. പ്രഭാവതി, പ്രിസ്കില്ല ഡാനിയൽ, കെസിയ മറിയം ബെന്നി, എ.എസ്. സാന്ദ്ര, ഗൗരി നന്ദന തുടങ്ങിയ താരങ്ങളാണ് പ്രതീക്ഷകൾ.
4x100 മീറ്റർ, 4x400 മീറ്റർ റിലേയിലും സ്വർണം നേടാൻ ഉറച്ചുതന്നെയാണ് കേരള സംഘമെത്തിയത്. ടോമി ചെറിയാൻ, പി.ജി. മനോജ്, എൻ.എസ്. സിജിൻ, അജയരാജ്, ജാഫർ ബാബു, വി.ടി. മിനീഷ്, അനീഷ് തോമസ്, ഷിബി മാത്യു, മിനിമോൾ, നിർമല എന്നീ പരിശീലകരും ടീമിനൊപ്പമുണ്ട്.
മരുന്നടി വ്യാപകം
സംഗ്രൂർ (പഞ്ചാബ്): ദേശീയ ഉത്തേജക വിരുദ്ധ സമിതി (നാഡ) പരിശോധനയുടെ അഭാവം മുതലെടുത്ത് ദേശീയ സ്കൂൾ കായികമേളയിൽ വ്യാപകമായ മരുന്നടി. മത്സരം നടക്കുന്ന സംഗ്രൂരിലെ വാർ ഹീറോസ് സ്റ്റേഡിയത്തിലെ ബാത്ത്റൂമുകളിലും വാംഅപ്പ് ഏരിയകളിലും സിറിഞ്ചുകളും നിരോധിത മരുന്നുകളും കണ്ടെടുത്തു.
ലോക ഉത്തേജക വിരുദ്ധ സമിതി (വാഡ) നിരോധിച്ച മരുന്നുകളാണ് ഉത്തരേന്ത്യൻ താരങ്ങളടക്കം ഉപയോഗിക്കുന്നത്. റഷ്യൻ നിർമിത മരുന്നുകളും വാഡ നിരോധിച്ച വേദനസംഹാരി കുത്തിവെപ്പ് മരുന്നുകളും സ്റ്റേഡിയത്തിലും പരിസരത്തുമായി വ്യാപകമായി ഉപയോഗിക്കുകയാണ്. ശസ്ത്രക്രിയക്കുമുമ്പ് മയക്കാൻ ഉപയോഗിക്കുന്ന പെൻറാസോസിൻ എന്ന ഇൻജക്ഷൻ മരുന്നുകൾ സ്റ്റേഡിയത്തിലെ ബാത്ത്റൂമുകളിൽ പലയിടത്തായി കുത്തിവെപ്പിനുശേഷം വലിച്ചെറിഞ്ഞ നിലയിൽ കാണാം.
നാർകോട്ടിക്സ് അനാൽജസിക്സ് എന്ന ഗണത്തിൽപെടുത്തി വാഡ നിരോധിച്ച മരുന്നാണിതെന്ന് നാഡയുടെ ഉത്തേജക വിരുദ്ധ അച്ചടക്ക സമിതി അംഗമായ ഡോ. പി.എസ്.എം. ചന്ദ്രൻ പറഞ്ഞു. ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന മരുന്നുകൂടിയാണിത്. കൗമാര കായികതാരങ്ങൾ ഇത്തരം മരുന്നുകളുപയോഗിക്കുന്നത് പരിക്കിനെ തുടർന്നുള്ള വേദന ഇല്ലാതാക്കാനാണെന്നും അദ്ദേഹം പറഞ്ഞു.
മരുന്നടി പിടികൂടാൻ നാഡയുടെ സംഘം ദേശീയ സ്കൂൾ കായികമേളയിൽ എത്താറുണ്ടെങ്കിലും ഇത്തവണ തിരിഞ്ഞുനോക്കിയിട്ടില്ല. പ്രായത്തട്ടിപ്പ് ആരോപണങ്ങളുയരുന്നതിനിടെയാണ് ഇതര സംസ്ഥാനങ്ങളിലെ താരങ്ങൾ സധൈര്യം മരുന്നടിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.