പുണെ: ദേശീയ സ്കൂള്‍ കായികമേളയില്‍ സീനിയര്‍ വിഭാഗത്തിന്‍െറ മത്സരങ്ങള്‍ക്ക് ബാലെവാഡി ശിവഛത്രപതി സ്റ്റേഡിയത്തില്‍ ബുധനാഴ്ച ട്രാക്കുണരും. ആറു പതിറ്റാണ്ടായി ഒറ്റമേളയായി നടത്തിയിരുന്ന സീനിയര്‍, ജൂനിയര്‍, സബ്ജൂനിയര്‍ വിഭാഗങ്ങളിലെ പോരുകള്‍ മൂന്നു മേളകളായി ദേശീയ സ്കൂള്‍ ഗെയിംസ് ഫെഡറേഷന്‍ വേര്‍തിരിച്ചതോടെ നടക്കുന്ന ആദ്യ മേളയാണിത്. കേരളമുള്‍പ്പെടെ 32 ടീമുകളില്‍ നിന്നായി 1,300 അത്ലറ്റുകളാണ് നാലു ദിവസം നീളുന്ന കായിക പോരില്‍ ട്രാക്കിലിറങ്ങുക.
കല്ലടി എച്ച്.എസ്.എസിലെ സി. ബബിതയുടെ നേതൃത്വത്തില്‍ 38 പെണ്‍കുട്ടികളും കോതമംഗലം സെന്‍റ് ജോര്‍ജിലെ ഓംകാര്‍നാഥിന്‍െറ നേതൃത്വത്തില്‍ 41 ആണ്‍കുട്ടികളും അടങ്ങിയ കേരളപ്പട കിരീടപ്രതീക്ഷയിലാണ് ട്രാക്കിലും ഫീല്‍ഡിലുമിറങ്ങുന്നത്. തേഞ്ഞിപ്പലത്ത് നടന്ന സംസ്ഥാന കായിക മേളയില്‍ 1500 (4:26.58 മിനിറ്റ്), 3000 (9:37.20) മീറ്ററുകളില്‍ ദേശീയ റെക്കോഡിനെക്കാള്‍ വേഗം കുറിച്ച ബബിതയും 800 (2:07.15 ) മീറ്ററില്‍ ദേശീയ റെക്കോഡ് സമയം കടന്ന ഉഷ സ്കൂളിലെ അബിത മേരി മാനുവലും ബാലെവാഡി ട്രാക്കിലെ കേരളത്തിന്‍െറ റെക്കോഡ് പ്രതീക്ഷയാണ്. 5000, 3000, 1500 മീറ്ററുകളില്‍ മാര്‍ ബേസിലുകാരി അനുമോള്‍ തമ്പി, ട്രിപ്പിള്‍ ജംപില്‍ പുല്ലൂരാംപാറ സെന്‍റ് ജോസഫിലെ ലിസ്ബത്ത് കരോളിന്‍ ജോസഫ്, പോള്‍വാള്‍ട്ടില്‍ മാര്‍ ബേസിലിലെ ദിവ്യ മോഹന്‍, കല്ലടിയിലെ അര്‍ഷ ബാബു തുടങ്ങിയവര്‍ പെണ്‍പെടയിലെ സ്വര്‍ണപ്രതീക്ഷയാണ്. തേഞ്ഞിപ്പലത്ത് 800,1500, 5000 മീറ്ററുകളിലെ സ്വര്‍ണനേട്ടക്കാരന്‍ മാര്‍ബേസിലിലെ ബിബിന്‍ ജോര്‍ജ്, പോള്‍വാള്‍ട്ടില്‍ കല്ലടിയിലെ കെ.ജി. ജസന്‍, ഹൈജംപില്‍ തിരുവനന്തപുരം സായിയിലെ ടി. ആരോമല്‍ തുടങ്ങിയവരിലാണ് ആണ്‍കുട്ടികളിലെ മെഡല്‍ പ്രതീക്ഷകള്‍.
ആദ്യ ദിനമായ ബുധനാഴ്ച രണ്ടു ഫൈനലുകള്‍ മാത്രമാണുള്ളത്. മത്സരങ്ങളുടെ സമയക്രമം ക്രമീകരിക്കുന്നതിലെ ആശയക്കുഴപ്പങ്ങള്‍ക്കൊടുവില്‍ ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും 5000 മീറ്റര്‍ ഫൈനല്‍ ആദ്യ ദിനംതന്നെ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. കേരളത്തിനായി ആണ്‍കുട്ടികളില്‍ ബിബിന്‍ ജോര്‍ജ് (മാര്‍ ബേസില്‍), അഭിനന്ദ് സുന്ദരേശന്‍ (സായി തിരുവനന്തപുരം), പെണ്‍കുട്ടികളില്‍ അനുമോള്‍ തമ്പി (മാര്‍ ബേസില്‍), സാന്ദ്ര എസ്. നായര്‍ (സെന്‍റ് ജെറോംസ്) എന്നിവര്‍ ബുധനാഴ്ച മെഡല്‍ പ്രതീക്ഷയുമായി ട്രാക്കിലിറങ്ങും.
റിലേ അടക്കം മറ്റ് ഇനങ്ങളുടെയും സമയക്രമത്തിലുള്ള പാളിച്ചകള്‍ കായിക പരിശീലകര്‍ ചൂണ്ടിക്കാട്ടി. 400 മീറ്ററില്‍ ഒറ്റ ദിവസംതന്നെ ഹീറ്റ്സും സെമിയും ഫൈനലും നടത്താന്‍ തീരുമാനിച്ചതാണ് പിഴവുകളിലൊന്ന്. ബുധനാഴ്ച ഉച്ചക്ക് 12ന് ടീം മാനേജര്‍മാരുടെ യോഗത്തിനുശേഷം സമയക്രമത്തില്‍ ആവശ്യമായ മാറ്റംവരുത്തിയേക്കുമെന്ന് മേളയുമായി ബന്ധപ്പെട്ടവര്‍ പറഞ്ഞു. ജിജി ജോണ്‍ ആണ് കേരളത്തിന്‍െറ ടീം ജനറല്‍ മാനേജര്‍. എന്‍.എസ്. സിജിന്‍, എച്ച്. നന്ദഗോപന്‍, ഷിബി മാത്യു എന്നിവരാണ് കേരളത്തിന്‍െറ മുഖ്യ പരിശീലകര്‍. വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഉന്നത വിദ്യാഭ്യാസമന്ത്രി വിനോദ് താവ്ഡെ ഉദ്ഘാടനം നിര്‍വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.