റോഹ്തക് (ഹരിയാന): ഫയൽവാന്മാരുടെ നാട്ടിൽ കേരളത്തിെൻറ ജയഭേരി. ദേശീയ സീനിയർ സ്കൂൾ മീറ്റിൽ കേരളത്തിന് വീണ്ടും പൊൻകിരീടം. ഒമ്പത് വീതം സ്വർണവും െവള്ളിയും ഏഴ് വെങ്കലവും ഉൾപ്പെടെ 88 പോയൻറുകളുമായാണ് മലയാളി സംഘം കിരീടം നിലനിർത്തിയത്. സ്കൂൾ മീറ്റിനെ മൂന്നായി വിഭജിച്ചതിനുശേഷമുള്ള തുടർച്ചയായ രണ്ടാം മീറ്റിലും ചാമ്പ്യന്മാരായ കേരളത്തിേൻറത്, ദേശീയ സ്കൂൾ മീറ്റിലെ തുടർച്ചയായ 20ാം കിരീടനേട്ടം. ആൺകുട്ടികളുടെയും (39 പോയൻറ്) പെൺകുട്ടികളുടെയും (49) വിഭാഗത്തിലും കേരളം തന്നെയാണ് ജേതാക്കൾ. പെൺകുട്ടികൾ അഞ്ചും ആൺസംഘം മൂന്ന് സ്വർണവും സ്വന്തമാക്കി. യഥാക്രമം മൂന്ന്, ആറ് എന്നിങ്ങനെയാണ് വെള്ളിസമ്പാദ്യം. ഇരുവിഭാഗത്തിലും ഹരിയാനയാണ് രണ്ടാമത്.
കഴിഞ്ഞ മീറ്റിൽ 11 സ്വർണമടക്കം 114 പോയൻറായിരുന്നു കേരളം നേടിയത്. ഇത്തവണ ഇതിനടുത്ത് എത്താൻ ചാമ്പ്യൻ ടീമിനായില്ല. എങ്കിലും തണുപ്പിനെയും ആതിഥേയരായ ഹരിയാനയുടെ കുതന്ത്രങ്ങളെയും അതിജീവിച്ച് അവരുടെ മണ്ണിൽ നേടിയ വിജയത്തിന് ഇരട്ടിമധുരം. ദേശീയ ജൂനിയർ മീറ്റിൽ പിന്നിലാക്കിയതിനുള്ള മധുരപ്രതികാരം കൂടിയായി വിജയം. ഒപ്പം മലയാളനാടിനുള്ള ക്രിസ്മസ് സമ്മാനവും. ആൺകുട്ടികളുടെ വിഭാഗത്തിൽ പഞ്ചാബിെൻറ ദംനീത് സിങ്ങും (ഹാമർ ത്രോ) പെൺകുട്ടികളുടെ വിഭാഗത്തിൽ ബംഗാളിെൻറ രാജശ്രീ പ്രസാദും (100 മീ) മികച്ചതാരങ്ങളായി.
മിന്നും പ്രകടനവുമായി കിരീടത്തിലേക്ക്
കിരീടം എത്തിപ്പിടിക്കാൻ സമാപനദിവസം കേരളം പുറത്തെടുത്തത് മിന്നും പ്രകടനം. കിരീടപ്പോരിൽ റിലേ നിർണായകമാകുമെന്നായിരുന്നു കണക്കുകൂട്ടലെങ്കിലും രാവിലെ നടന്ന 1500 മീറ്ററിൽ ഇരട്ടസ്വർണവും ഒരുെവള്ളിയും സ്വന്തമാക്കിയതോടെ കിരീടം ഉറപ്പിച്ചു. ഇതിൽ ഹരിയാന താരങ്ങൾ പിന്തള്ളപ്പെടുകയും ചെയ്തതോടെ വെല്ലുവിളി അകന്നു. 200 മീറ്ററിൽ വെള്ളിയും എത്തിയതോടെ ആശങ്കകൾ ഒഴിഞ്ഞു. തുടർന്ന് നടന്ന ആൺകുട്ടികളുെട 4X100 മീറ്റർ റിലേയിൽ വെള്ളിയും നേടിയതോടെ കിരീടാഘോഷത്തിലായി ക്യാമ്പ്.
സുവർണമണിഞ്ഞ് അനുമോൾ
കേരള ടീമിനെ നയിച്ച അനുമോൾ തമ്പി സ്വർണനേട്ടത്തോടെ സ്കൂൾ മീറ്റിൽനിന്ന് വിടവാങ്ങി. വെള്ളിയാഴ്ച നടന്ന പെൺകുട്ടികളുടെ 1500 മീറ്ററിലായിരുന്നു അനുമോളിെൻറ സ്വർണം (4:46.28). കോതമംഗലം മാർ ബേസിൽ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അനുമോൾ ഇടുക്കി പാറത്തോട് സ്വദേശിയാണ്. ഇതിൽ കട്ടിപ്പാറ ഹോളി ഫാമിലി എച്ച്.എസ്.എസിലെ കെ.ആർ. ആതിര (4:48.69) വെള്ളി സ്വന്തമാക്കി. നേരത്തെ 5000, 3000 മീറ്ററുകളിൽ അനുമോൾ തമ്പി വെള്ളിയും കെ.ആർ. ആതിര വെങ്കലവും നേടിയിരുന്നു.
ആൺകുട്ടികളുെട 1500 മീറ്ററിൽ കോതമംഗലം മാർ ബേസിൽ സ്കൂളിലെ ആദർശ് ഗോപിയും സ്വർണം (3:58.25) നേടി. കണ്ണൂർ അങ്ങാടിക്കടവ് സ്വദേശിയായ ഇൗ പ്ലസ് വൺകാരൻ 800 മീറ്ററിൽ വെള്ളി നേടിയിരുന്നു. 200 മീറ്ററിൽ തൃശൂർ മണ്ണുത്തി ഡോൺബോസ്കോ ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടു വിദ്യാർഥിയായ അശ്വിൻ ബി. ശങ്കർ െവള്ളി സ്വന്തമാക്കി. 4X400 മീറ്റർ റിലേയിൽ കേരള പോരാട്ടം െവള്ളിയിലൊതുങ്ങി. കെ.വി. ദീപക് (മണീട് സ്കൂൾ), മുഹമ്മദ് മുർഷിദ് ( കല്ലടി എച്ച്.എസ്), മുഹമ്മദ് ഫായിസ്(സായി, തിരുവനന്തപുരം), അനന്തു വിജയൻ (ഇരവിപേരൂർ സെൻറ് ജോൺസ്) എന്നിവരടങ്ങിയതായിരുന്നു കേരള ടീം.
ഹരിയാനയെ അയോഗ്യരാക്കി
പെൺകുട്ടികളുടെ 4X400 മീറ്റർ റിലേയിൽ ഹരിയാനയുടെ ഫൗൾപ്ലേ. റിലേയുടെ ഹീറ്റ്സിൽ സർവകലാശാല താരത്തെ ഉൾപ്പെടുത്തിയായിരുന്നു ആതിഥേയ തട്ടിപ്പ്. ഗുണ്ടൂർ സർവകലാശാല മീറ്റിൽ മത്സരിച്ച താരത്തെയാണ് ഇവർ ടീമിൽ ഉൾപ്പെടുത്തിയത്. ഹീറ്റ്സിൽ മത്സരിച്ച് ഫൈനലിലെത്തിയതിനു പിന്നാലെയാണ് കേരള പരിശീലകൾ പ്രതിഷേധം ഉയർത്തുകയും പരാതി നൽകുകയും ചെയ്തത്. ഇതോടെ ഇൗ താരത്തെ ഒഴിവാക്കിയായി ഫൈനൽ. ഹരിയാന രണ്ടാമതെത്തിയതോടെ പിന്നിലെത്തിയ കേരളം അടക്കമുള്ളവർ പരാതിയുമായി രംഗത്തെത്തി. ഹീറ്റ്സിൽ സർവകലാശാല താരത്തെ ഒാടിച്ച ടീമിനെ അയോഗ്യനാക്കണമെന്നായിരുന്നു ആവശ്യം. തുടർന്ന് സംഘടകർ ഹരിയാനയെ അയോഗ്യരാക്കി പ്രഖ്യാപിച്ചു. ഇതോടെ നാലാം സ്ഥാനത്തായിരുന്ന കേരളം മൂന്നാംസ്ഥാനത്തേക്ക് ഉയർന്നു. ടി.ജെ. ജംഷീല, സോന ബെന്നി, വി.എ. അനഘ, ജി. േരഷ്മ എന്നിവരായിരുന്നു മത്സരിച്ചത്.
ഡൽഹിയിൽ ആഘോഷം
ശനിയാഴ്ച വിജയസംഘത്തിന് ഡൽഹിയിൽ ആഘോഷദിനം. ഞായറാഴ്ച ടീം കേരളത്തിലേക്ക് മടങ്ങും. ഇതിനു മുന്നോടിയായി ടീം അംഗങ്ങൾ ശനിയാഴ്ച ഡൽഹിയിലെ പ്രധാന സ്ഥലങ്ങൾ സന്ദർശിക്കും. ഇതിനുള്ള മുഴുവൻ ചെലവും ഒാൾ ഇന്ത്യ മലയാളി അസോസിയേഷൻ വഹിക്കും. തുക അസോസിയേഷൻ ഭാരവാഹികൾ ൈകമാറി. ഞായറാഴ്ച മംഗള എക്സ്പ്രസിലാണ് മടക്കം. പകുതി ടിക്കറ്റുകൾ മാത്രമേ കൺഫോം ആയിട്ടുള്ളൂ. ബാക്കി ടിക്കറ്റുകളും ശരിയാകുമെന്ന പ്രതീക്ഷയിലാണ് ഒഫീഷ്യലുകൾ. വിജയിച്ച ടീമിനെ മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.