റോഹ്തക് (ഹരിയാന): മരംകോച്ചുന്ന തണുപ്പിനെ തോൽപിക്കാൻ വലിയ തണുപ്പ് കുപ്പായത്തിനുള്ളിൽ അഭയം തേടിയായിരുന്നു റോഹ്തകിലെ പകലിലേക്ക് കേരളത്തിെൻറ കൗമാര കായികതാരങ്ങൾ ഉണർന്നത്. അർധരാത്രിയിൽ ആറ് ഡിഗ്രിവരെ താഴുന്ന തണുപ്പ്. പക്ഷേ, മടിപിടിച്ചിരിക്കാൻ സമയമില്ലാതെ തണുപ്പിനെ പോരാട്ടച്ചൂടുകൊണ്ട് ആവിയാക്കി അവർ ട്രാക്കിലിറങ്ങി. ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സിൽ കിരീടം നിലനിർത്താനായി മൂന്ന് പകലും രണ്ടും രാത്രിയും നീണ്ട തീവണ്ടിയാത്രയും കഴിഞ്ഞ് വെള്ളിയാഴ്ച രാത്രി ഹരിയാനയിലെ റോഹ്തകിലെത്തിയ കേരളസംഘം ശനിയാഴ്ചതന്നെ പരിശീലനച്ചൂടിലായി. ഞായറാഴ്ച കൂടി പരിശീലനം കഴിഞ്ഞ് തിങ്കളാഴ്ച പോരാട്ടത്തിന് ട്രാക്കുണരും.
ഹരിയാനയുടെ തലയെടുപ്പായ രാജീവ്ഗാന്ധി സ്പോർട്സ് കോംപ്ലക്സിലാണ് മത്സരവും താമസവും പരിശീലനവുമെല്ലാം. ശനിയാഴ്ച ഉച്ചവരെ വിശ്രമിച്ച അത്ലറ്റുകൾ, കടുത്ത തണുപ്പ് പ്രകടനത്തെയും ബാധിക്കുമോയെന്ന ആശങ്കയിലായിരുന്നു. പക്ഷേ, വൈകുന്നേരം പരിശീലനത്തിനിറങ്ങിയതോടെ പേടിമാറി, ശരീരവും മനസ്സും പോരാട്ടച്ചൂടിലായി. ആതിഥേയരെയും കാലാവസ്ഥയെയും അതിജീവിച്ച് കിരീടനേട്ടം ആവർത്തിക്കാനാകുമെന്ന പ്രതീക്ഷയിലാണ് മാനേജ്മെൻറ്. 37 ആൺകുട്ടികളും 35 പെൺകുട്ടികളും ഉൾപ്പെടെ 72 അത്ലറ്റുകളും 12 പരിശീലകരുമടങ്ങിയതാണ് കേരള ടീം.
കോതമംഗലം മാർ ബേസിൽ സ്കൂളിലെ അനുമോൾ തമ്പിയാണ് കേരള ക്യാപ്റ്റൻ. ആൺകുട്ടികളെ പാലക്കാട് പറളി സ്കൂളിലെ പി.എൻ. അജിത്തും പെൺകുട്ടികളെ കല്ലടി കുമരംപുത്തൂർ സ്കൂളിലെ നിവ്യ ആൻറണിയും നയിക്കും. ജോസ് ജോണാണ് ടീം മാനേജർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.