ഭുവനേശ്വർ: ‘‘രാജ്യത്തിനുവേണ്ടി ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയാണ് ഞങ്ങൾ തിരിച്ചുവന്നിരിക്കുന്നത്. മുമ്പ് ചോദിച്ചത് ആവർത്തിക്കുകയാണ്. ഒരു ജോലി തന്നിരുന്നെങ്കിൽ നാഷനൽ ഓപൺ മീറ്റിൽ ഞങ്ങളിറങ്ങുക കേരളത്തിനുവേണ്ടിയാകുമായിരുന്നു. ഏറെ സന്തോഷം നൽകുന്നതും അതുതന്നെയായിരിക്കും’’ -പറയുന്നത് വി. നീനയും പി.യു. ചിത്രയുമാണ്. ബുധനാഴ്ച റെയിൽവേസിനുവേണ്ടി മത്സരിക്കുകയാണിവർ. മെഡൽ നേടിയപ്പോൾ കായികമന്ത്രിയുൾപ്പെടെ വിളിച്ച് അഭിനന്ദിച്ചുവെന്നല്ലാതെ കേരളത്തിെൻറ താരങ്ങളായി ഇവരെ സംരക്ഷിക്കാൻ ഒരു നീക്കവുമുണ്ടായില്ലെന്ന് വാക്കുകളിൽ വ്യക്തം.
ഏഴു വർഷം മുമ്പാണ് നീന റെയിൽവേസിലെത്തുന്നത്. കഴിഞ്ഞ ദിവസം ചിത്രയും. ഇന്ന് വനിതകളുടെ ലോങ്ജംപിൽ നീനയും 1500 മീറ്ററിൽ ചിത്രയും മത്സരിക്കും. ഏഷ്യൻ ഗെയിംസിൽ യഥാക്രമം വെള്ളിയും വെങ്കലവുമായിരുന്നു ഇവരുടെ നേട്ടം. മെഡൽ നേടിയപ്പോൾ മന്ത്രി ഇ.പി. ജയരാജൻ വിളിച്ചിരുന്നു. എല്ലാം ശരിയാക്കാമെന്ന് ചിത്രയോട് പറഞ്ഞിരുന്നെങ്കിലും റെയിൽവേ ബഹുദൂരം മുന്നിലോടി. എം.ബി. രാജേഷ് എം.പിയുൾപ്പെടെ ജോലിക്കാര്യത്തെക്കുറിച്ച് സംസാരിച്ചിരുന്നതായി ചിത്ര പറയുന്നു. പാലക്കാട് ഡിവിഷനിൽ സീനിയർ ക്ലർക്കായാണ് ചിത്ര ജോലിക്കു കയറിയത്. എ.സി. മൊയ്തീൻ കായികമന്ത്രിയായിരിക്കെ ജോലിക്ക് അപേക്ഷ നൽകിയിരുന്നെങ്കിലും നടപടിയുണ്ടായില്ല.
2015ലെ ദേശീയ ഗെയിംസിൽ സ്വർണം നേടുമ്പോൾ റെയിൽവേയിൽ ക്ലാസ് ഫോർ ജീവനക്കാരിയായിരുന്നു നീന. ദുരനുഭവങ്ങൾ മാത്രമാണ് തനിക്കുണ്ടായതെന്ന് താരം പറയുന്നു. സ്വർണമെഡൽ ജേതാക്കളായ പലർക്കും കേരള സർക്കാർ ഗസറ്റഡ് റാങ്കിൽ ജോലി നൽകിയപ്പോൾ റെയിൽവേയിലെ ഉദ്യോഗം ചൂണ്ടിക്കാട്ടി നീനയെ തഴഞ്ഞു. ആ സമയത്ത് വീടില്ലായിരുന്നു. ജോലിയുണ്ടെന്ന് പറഞ്ഞ് വീടും നൽകിയില്ല. കോമൺവെൽത്ത് ഗെയിംസ് കഴിഞ്ഞ് വന്ന സമയത്തുപോലും വിശ്രമിക്കാൻ സമ്മതിക്കാതെ റെയിൽവേയിൽ ഡ്യൂട്ടിയെടുപ്പിച്ചു. രാജ്കോട്ട് ഡിവിഷനിൽ സീനിയർ ടി.ടി.ഇയാണിപ്പോൾ. ഒട്ടും സംതൃപ്തിയോടെയല്ല അവിടെ തുടരുന്നത്. ഭർത്താവ് പിേൻറാ മാത്യുവും റെയിൽവേസിലുണ്ട്.
ഏഷ്യൻ ഗെയിംസ് മെഡൽ ജേതാക്കൾക്ക് മറ്റു പല സംസ്ഥാനങ്ങളും വലിയ അംഗീകാരങ്ങളും സമ്മാനങ്ങളുമാണ് നൽകുന്നത്. സ്വർണത്തിന് മൂന്നു കോടി, വെള്ളിക്ക് 1.5 കോടി, വെങ്കലത്തിന് 75 ലക്ഷം എന്നിങ്ങനെയാണ് ഹരിയാന പ്രഖ്യാപിച്ചത്. കൂടാതെ, മികച്ച റാങ്കിൽ ജോലിയും. കേരളത്തിെൻറ അഭിമാനമുയർത്തി ഏഷ്യൻ ഗെയിംസിലും മെഡലോടെ തിരിച്ചുവന്ന നീനയും ചിത്രയും ആഗ്രഹിക്കുന്നത് സംസ്ഥാനത്തൊരു ജോലിയാണ്. വെറുമൊരു ജോലി പോരാ. അത് റെയിൽവേ ഇതിനകം നൽകിയിട്ടുണ്ട്. വൻകര മീറ്റിൽ മെഡൽ നേടിയവരെന്ന പരിഗണനവെച്ച് മികച്ച റാങ്കിലൊരു ഉദ്യോഗം കാത്തിരിക്കുകയാണ് നീനയും ചിത്രയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.