പാലാ: മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ് നടത്തിയത് നഗരസഭയുടെ അനുമതിയോടെ അല്ലെന്ന് പാലാ നഗരസഭ. ശനിയാഴ്ച ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ ചെയര്പേഴ്സൻ ബിജി ജോജോ കുടക്കച്ചിറയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
സ്റ്റേഡിയത്തില്‍ അനധികൃതമായി കായികമേള നടത്തിയ സംഘാടകര്‍ക്കെതിരെ കര്‍ശന നിയമനടപടിക്ക് ശിപാര്‍ശ ചെയ്യാനും തീരുമാനിച്ചു. കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസിന് കത്തുനല്‍കും.
ബി.ജെ.പി പ്രതിനിധി അഡ്വ. ബിനു പുളിക്കക്കണ്ടമാണ് വിഷയം ഉന്നയിച്ചത്. വളൻറിയറായി സേവനമനുഷ്ഠിച്ച വിദ്യാർഥിക്ക് പരിക്കേറ്റിട്ടും മേള നിർത്തിവെക്കാൻ തയാറാകാതിരുന്ന സംഘാടകരുടെ നടപടിക്കെതിരെയും രൂക്ഷവിമർശനമുയർന്നു.
കായികമേള സംഘാടകര്‍ അപേക്ഷ നല്‍കിയെങ്കിലും മീറ്റിന് അനുമതി കൊടുത്തില്ലെന്ന് ചെയര്പേഴ്സൻ ബിജി ജോജോ പറഞ്ഞു. സ്റ്റേഡിയം അനധികൃതമായി കൈയേറി മേള നടത്തിയ സംഘാടകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കൗൺസിലർമാർ ആവശ്യപ്പെട്ടു.
കായികമേള മാറ്റിവെച്ചു; സംഘാടകരെ ഇന്ന് അറസ്റ്റ് ചെയ്തേക്കും
പാലാ: പാലാ സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍വീണ് വിദ്യാർഥിക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ സംഘാടകരെ അറസ്റ്റ് ചെയ്തേക്കും. സംഘാടകരെ ഞായറാഴ്ച വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തും. ഇതിനുശേഷം അറസ്റ്റ് അടക്കം തീരുമാനിക്കുമെന്ന് പൊലീസ് പറഞ്ഞു. ചോദ്യംചെയ്യലിന് ഹാജരാകാന്‍ ആറ് സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.
മേള നടത്തിപ്പില്‍ സംഘാടകര്‍ക്ക് ഗുരുതരവീഴ്ച സംഭവിച്ചെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. കുറ്റകരമായ അനാസ്ഥക്ക് 338ാം വകുപ്പ് പ്രകാരമാണ് സംഘാടകര്‍ക്കെതിരെ കേസെടുത്തത്. ദാരുണാപകടത്തെത്തുടർന്ന് സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ് മാറ്റിെവച്ചു.
അഫീലിന് അഞ്ചുലക്ഷം ധനസഹായം
പാല: പരിക്കേറ്റ വിദ്യാർഥിയുടെ കുടുംബത്തിന് നഗരസഭയുടെ ഫണ്ടില്‍നിന്ന് അഞ്ചുലക്ഷം രൂപ നല്കാൻ നഗരസഭ കൗണ്‍സില്‍ തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.