തൃശൂർ: ഒളിമ്പിക്സിൽ മെഡൽ എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ആസൂത്രണം ചെയ്യുന്ന ‘ഓപറേഷൻ ഒളിമ്പിയ’ പദ്ധതിക്ക് തുടക്കമായി. മന്ത്രി എ.സി. മൊയ്തീൻ ഉദ്ഘാടനം ചെയ്തു. രാജ്യത്തിന് നേട്ടമുണ്ടാക്കാൻ കേരളം തയാറെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
14 ജില്ലകളിലും സ്പോർട്സ് കോംപ്ലക്സ് സ്ഥാപിക്കും. സ്ഥലം ലഭ്യമായ ഏഴ് ജില്ലകളിൽ 40 കോടി രൂപയുടെ വിശദമായ പ്രോജക്ട് തയാറാക്കിക്കഴിഞ്ഞു. കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നവർക്കെല്ലാം ഇൻഷുറൻസ് ഏർപ്പെടുത്തുന്ന പദ്ധതിയും തുടങ്ങും. കായികരംഗത്ത് നേട്ടമുണ്ടാക്കിയ 68 താരങ്ങൾക്ക് ഒരു മാസത്തിനകം ജോലി നൽകുമെന്ന് മന്ത്രി അറിയിച്ചു.ഫുട്ബാൾ താരം സി.കെ. വിനീതിന് കേന്ദ്രസർക്കാർ ജോലി തിരികെ ലഭിച്ചില്ലെങ്കിൽ സംസ്ഥാനം ജോലി നൽകും. ഓപറേഷൻ ഒളിമ്പിയ ദീപം തെളിക്കലും ബ്രോഷർ പ്രകാശനവും മന്ത്രി നിർവഹിച്ചു. മന്ത്രി വി.എസ്. സുനിൽകുമാർ അധ്യക്ഷത വഹിച്ചു.
13 ജില്ലകളിലായി മെഡൽ സാധ്യതയുള്ള 11 ഇനങ്ങളിൽ 250 കായികതാരങ്ങൾക്കാണ് വിദഗ്ധ പരിശീലനം നൽകുക. 440 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. 17 വിദേശകോച്ചുമാരും 28 ദേശീയ കോച്ചുമാരും അടങ്ങുന്ന സംഘമാണ് പരിശീലനം നൽകുക. അമേരിക്ക, ദക്ഷിണകൊറിയ, ഇന്തോനേഷ്യ, കസാഖ്സ്താൻ, ആസ്ട്രേലിയ, ബ്രിട്ടൺ എന്നീ രാജ്യങ്ങളുടെ സഹായം പദ്ധതിക്കുണ്ട്. ഒാപറേഷൻ ഒളിമ്പിയ പദ്ധതിക്ക് തുടക്കമിട്ട് നാലിനങ്ങളിലായി ഏഴ് കായികതാരങ്ങൾക്ക് സ്പോർട്സ് കിറ്റ് വിതരണം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.