കോട്ടയം: കാൽമുട്ടിന് പരിക്കേറ്റ് ചികിത്സയിലുള്ള ദേശീയ ട്രിപ്പിൾ ജമ്പ് താരം ഒളിമ്പ്യൻ രഞ്ജിത് മഹേശ്വരിക്ക് അധികൃതരുെട അവഗണന. ഫെഡറേഷൻ കപ്പ് മത്സരത്തിനിടെ പരിക്കേറ്റ രഞ്ജിത്ത് ശസ്ത്രക്രിയക്കുശേഷം കോട്ടയം ചാന്നാനിക്കാട്ടുള്ള വീട്ടിൽ വിശ്രമത്തിലാണ്. എന്നാൽ, ചികിത്സവിവരം തിരക്കാൻപോലും സായ്, സംസ്ഥാന സ്പോർട്സ് കൗൺസിൽ അധികൃതർ തയാറായിട്ടില്ല.
ലക്ഷങ്ങൾ ചെലവിട്ട് സ്വന്തം നിലയിലാണ് ചികിത്സ. ശസ്ത്രക്രിയക്ക് മാത്രം മൂന്നരലക്ഷം രൂപ ചെലവായെന്നും കായിക ഏജൻസികളൊന്നും സാമ്പത്തികമായി സഹായിച്ചില്ലെന്നും രഞ്ജിത് മഹേശ്വരി പറയുന്നു. ഫോൺ വിളിച്ച് അന്വേഷിക്കാൻപോലും സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ തയാറായില്ല. മെഡലിനായി മുറവിളി ഉയർത്തുേമ്പാഴും സ്പോർട്സ് കൗൺസിൽ ഭാരവാഹികൾ കായികതാരങ്ങളുടെ വീഴ്ചയിൽ തിരിഞ്ഞ് നോക്കാറില്ലെന്ന് രഞ്ജിത്ത് കുറ്റപ്പെടുത്തി.
കോമൺെവൽത്ത് ഗെയിസിന് യോഗ്യത നേടാനുള്ള ശ്രമത്തിനിടെ ഫെഡറേഷൻ കപ്പിൽ 16.51 മീറ്റർ ചാടി ഒന്നാമത് നിൽക്കെയാണ് കാൽമുട്ടിന് പരിക്കേറ്റത്. മാംസപേശികളെ മുട്ടുചിരട്ടയുമായി ബന്ധിപ്പിക്കുന്ന ഭാഗത്തെ ഞരമ്പുകൾക്കടക്കം പരിക്ക് പറ്റി. ഇടതുകൈയിലെ ചൂണ്ടുവിരൽ ഉളുക്കി. ഉടൻ പാട്യാലയിൽനിന്ന് ഡൽഹി അൻറ്ലാൻഡ മെഡിവേൾഡ് ആശുപത്രിയിൽ എത്തിച്ച് ശസ്ത്രക്രിയ നടത്തി. ഇതിനുശേഷം രണ്ടാഴ്ചയായി കോട്ടയം ചാന്നാനിക്കാട് പടിഞ്ഞാറെകരോട്ട് വീട്ടിൽ വിശ്രമത്തിലാണ്. ആറാഴ്ച പൂർണ വിശ്രമമാണ് ഡോക്ടർമാർ നിർദേശിച്ചിരിക്കുന്നത്. തുടർന്ന് ചെെന്നെയിൽ ഫിസിയോതെറപ്പി അടക്കം ചികിത്സകൾ നടത്തണം. ആഗസ്റ്റിൽ മാത്രമേ ഇനി പരിശീലനത്തിനായി ഗ്രൗണ്ടിൽ ഇറങ്ങാൻ കഴിയൂ. തുടർചികിത്സക്കായി ലക്ഷങ്ങൾ ഇനിയും വേണം.
റെയിൽവേയുെട താരമായ രഞ്ജിത്തിനെ അവരും സഹായിട്ടില്ല. അവധി തീരുന്നതിനാൽ ഇനി വേതനമില്ലാത്ത അവധിയിൽ പ്രവേശിക്കേണ്ട അവസ്ഥയിലുമാണ് മൂന്നു ഒളിമ്പിക്സിൽ പെങ്കടുത്തിട്ടുള്ള ഇൗ താരം. 2010 കോമൺവെൽത്തിൽ വെങ്കലം, 2007 ഏഷ്യാഡിൽ സ്വർണം, 2013 ഏഷ്യാഡിൽ വെള്ളി, 2010 ലോകകപ്പിൽ ഏഴാം സ്ഥാനം, ഏഷ്യൻ ഗ്രാൻഡ് പ്രിക്സ് മത്സരത്തിൽ സ്വർണം, 2016 ഏഷ്യൻ ഇൻഡോർ ചാമ്പ്യൻഷിപ്പിൽ വെള്ളി എന്നീ നേട്ടങ്ങൾ സ്വന്തമാക്കിയിട്ടുള്ള ദേശീയ ചാമ്പ്യനാണ് അധികൃതരുടെ സഹായത്തിനായി കാത്തിരിക്കുന്നത്.
കഴിഞ്ഞദിവസം മികച്ച ചികിത്സയും മറ്റ് സഹായവും അടിയന്തരമായി ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് സി.പി.എം കോട്ടയം ജില്ലസെക്രട്ടറി വി.എൻ. വാസവൻ കായിക മന്ത്രി എ.സി. മൊയ്തീന് നിവേദനം നൽകിയിരുന്നു. വ്യാഴാഴ്ച തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയും രഞ്ജിത്തിനെ സന്ദർശിച്ചു. രഞ്ജിത്ത് മഹേശ്വരിക്ക് ഗസറ്റഡ് റാങ്കിൽ സംസ്ഥാന സർക്കാർ ജോലി നൽകണമെന്നും ട്രാക്കിൽ തിരികെ എത്താൻ ചികിത്സ സൗകര്യം ഒരുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കായികവകുപ്പിന് പരിക്കേറ്റവരെ സഹായിക്കാൻ പദ്ധതികൾ ഉണ്ടെന്നും വിഷയം സർക്കാറിെൻറയും സ്പോർട്സ് കൗൺസിലിെൻറയും ശ്രദ്ധയിൽപെടുത്തിയതായും മുൻകായികമന്ത്രി കൂടിയായ തിരുവഞ്ചൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.