മലപ്പുറം: സ്കൂൾ ഗെയിംസ് മത്സരാർഥികളെ തരംതിരിക്കാൻ വയസ്സ് മാനദണ്ഡമാക്കിയത് പൊതുവെ സ്വാഗതം ചെയ്യപ്പെടുമ്പോഴും അവസരം നഷ്ടമാകുമെന്ന ആശങ്കയിൽ ഹൈസ്കൂൾ വിദ്യാർഥികൾ. ഇതുവരെ ക്ലാസ് അടിസ്ഥാനമാക്കിയാണ് സീനിയർ, ജൂനിയർ വിഭാഗങ്ങളാക്കി തിരിച്ചിരുന്നത്. ഈ വർഷം മുതൽ വയസ്സാണ് മാനദണ്ഡം. ഇതനുസരിച്ച് 2004 ജനുവരി ഒന്നിന് മുമ്പ് ജനിച്ചവരാണ് ജനന തീയതി പ്രകാരം മേൽപ്പറഞ്ഞ രണ്ട് വിഭാഗങ്ങളിൽ ഉൾപ്പെടുക. സംസ്ഥാനത്ത് സബ് ജൂനിയർ മത്സരങ്ങൾ നടത്താറില്ലെന്നതും വിദ്യാർഥികൾക്ക് തിരിച്ചടിയാവും.
1999 ജനുവരി ഒന്നിനും 2000 ഡിസംബർ 31നും ഇടയിൽ ജനിച്ചവരാണ് ഇനി സീനിയർ. 2001 മുതൽ 2003 വരെയുള്ളവരെ ജൂനിയറിലും ഉൾപ്പെടും. 2004 ജനുവരി ഒന്നിനോ ശേഷമോ ജനിച്ചവർ സബ് ജൂനിയറുമാണ്. ഇതുവരെ ഹയർ സെക്കൻഡറിക്കാർ സീനിയറും ഒമ്പത്, പത്ത് ക്ലാസുകളിലുള്ളവർ ജൂനിയറുമായിരുന്നു. പുതിയ മാനദണ്ഡം ഏറ്റവും അധികം ഗുണം ചെയ്യുക പ്ലസ് വൺ, പ്ലസ് ടു വിദ്യാർഥികൾക്കാണ്. സീനിയറിലും ജൂനിയറിലും ഹയർ സെക്കൻഡറി താരങ്ങൾക്ക് പങ്കെടുക്കാം. വയസ്സ് കുറഞ്ഞവർക്ക് ഹയർ ഓപ്ഷൻ നൽകി മുതിർന്നവരുടെ വിഭാഗത്തിൽ മത്സരിക്കാമെങ്കിലും വേണ്ടത്ര അവസരം ലഭിക്കില്ല.ഹൈസ്കൂൾ വിദ്യാർഥികളാണ് ഗെയിംസും അത്ലറ്റിക് മീറ്റുകളും കാര്യമായെടുക്കുന്നത്. ഹയർ സെക്കൻഡറിക്കാർക്ക് കായികാധ്യാപകരില്ല. സ്പോർട്സ് േക്വാട്ട അഡ്മിഷൻ, ഗ്രേസ് മാർക്ക് തുടങ്ങിയവ ലഭിക്കാൻ ഹൈസ്കൂൾ താരങ്ങൾ ഇനി പ്രയാസപ്പെടും.
സബ് ജൂനിയർ ഗെയിംസ് മത്സരങ്ങൾ നടത്തി പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് സംയുക്ത കായികാധ്യാപക സംഘടന ആവശ്യപ്പെടുന്നത്. ദേശീയ സ്കൂൾ ഗെയിംസിൽ ഈ വിഭാഗം ഉണ്ടെങ്കിലും കേരളത്തിൽനിന്ന് ആരും പങ്കെടുക്കാറില്ല. അത്ലറ്റിക് മീറ്റിലാവട്ടെ സ്കൂൾ തലം മുതൽ സബ് ജൂനിയർ മത്സരങ്ങൾ നടത്തുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.