സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഫൈനലില്‍ വീണ്ടും കേരളം

ചെന്നൈ: ദേശീയ സീനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളത്തിന്‍െറ പുരുഷ , വനിതാ ടീമുകള്‍ ഫൈനലില്‍ ഇടം നേടി. ഇരുവരും നേരിടുന്നത് ഇന്ത്യന്‍ റെയില്‍വെയാണ്. കേരളാ പുരുഷ ടീം തമിഴ്നാടിനെയും വനിതകള്‍ മഹാരാഷ്ട്രയെയും തോല്‍പ്പിച്ചാണ് ഫൈനലില്‍ എത്തിയത്. വനിതകളുടെ മത്സരത്തില്‍ ഒന്‍പതാം വര്‍ഷമാണ് കേരളം , റെയില്‍വെ പോരാട്ടം നടക്കുന്നതെന്ന പ്രത്യേകത ഉണ്ട്.  എട്ട് വര്‍ഷവും കേരളം റണ്ണറപ്പായിരുന്നു. കേരളാ പുരുഷ ടീം കഴിഞ്ഞ വര്‍ഷം ഫൈനലില്‍ റെയില്‍വെയോടാണ് തോറ്റത്. ചെന്നൈ ജവഹര്‍ലാല്‍ നെഹ്റു ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച്ചയാണ് നാലുമണിക്ക് വനിതകളുടെയും ആറുമണിക്ക്  പുരുഷന്‍മാരുടേതും മത്സരം നടക്കും.  വ്യാഴാഴ്ച്ച നടന്ന വാശിയേറിയ സെമിഫൈനല്‍ മത്സരത്തില്‍ കേരളത്തിന്‍െറ പുരുഷ , വനിതാ ടീമുകള്‍ 3-1 നോടാണ് എതിരാളികളുടെ മേല്‍ ആധിപത്യം സ്ഥാപിച്ചത്.  പുരുഷന്‍മാരുടെ മത്സരത്തില്‍ തമിഴ്നാട് ആദ്യ സെറ്റ് കൈക്കലാക്കി കേരളത്തെ ഞെട്ടിച്ചു. സ്കോര്‍-  19-25, 25- 19, 25-23, 25-16.

വാശിയേറിയ സെമിഫൈനല്‍ മത്സരത്തില്‍ കേരളാ വനിതകള്‍ 3-1നാണ് മഹാരാഷ്ട്രയെ പിന്നിലാക്കിയത്. സ്കോര്‍ 25-18, 21-25, 25-21, 25-14. കേരളത്തിന്‍െറ സെറ്റര്‍മാരാണ് കളി നിര്‍ണയിച്ചത്. ഒന്നാംസെറ്റ് നേടിയ കേരളം രണ്ടാം സെറ്റില്‍ വിയര്‍ക്കുന്നതാണ് കണ്ടത്. എടുത്തുപറയത്തക്ക എതിരാളികളല്ലാത്ത മഹാരാഷ്യ്രുടെ ചില നീക്കങ്ങളില്‍ വനിതകള്‍ വിഷമിച്ചു. എന്നാല്‍ മൂന്നാം സെറ്റില്‍ താളം കണ്ടത്തെി നാലാം സെറ്റില്‍ മികച്ച പ്രകടനമാണ് കേരളം കാഴ്ച്ചവെച്ചത്. ഫസ്റ്റ് പാസിലെയും ബ്ളോക്കിലെയും പരാജയമാണ് രണ്ടാംസെറ്റില്‍ മഹാരാഷ്ട്രയുമായുള്ള കളിയില്‍ രണ്ടാം സെറ്റ് നഷ്ടപ്പെടുത്തിയത്. ക്യാപ്റ്റന്‍ ടിജി രാജുവിന്‍െറ അഭാവത്തില്‍ വൈസ് ക്യാപ്റ്റന്‍ കണ്ണൂര്‍ സ്വദേശി പി.പി രേഷ്മയുടെ നേതൃത്വത്തിലാണ് ടീം ഇറങ്ങിയത്. അറ്റാക്കിങ് പൊസിഷനിലുണ്ടായിരുന്ന രേഷ്മ ശക്തമായ സ്മാഷുകളാണ് മഹാരാഷ്ട്ര മേല്‍ ഉതിര്‍ത്തത്. ഒരു ഘട്ടത്തില്‍ സെറ്റര്‍ ജിനിയാണ് മത്സരം തിരിച്ചുപിടിച്ചു. ഫാത്തിമ റുക്സാനയുടെ ബാക്ക്വേഡ് പ്രതിരോധങ്ങളും ടീമിനെ കരകയറ്റി.  ജി. അഞ്ജുമോള്‍ മഹാരാഷ്ട്രയുടെ നിരവധി ആക്രമണങ്ങളെ തടുത്തിട്ടു. ലിബറോ ആരതിയും സനീഷയും കളം നിറഞ്ഞ് ടീമിനൊപ്പം കൂടിയപ്പോള്‍ കേരളം സെമി കടന്നു. എതിരാളികളായ മഹാരാഷ്ട്ര ടീമിലെ ആറ് മലയാളികളാണ് കേരത്തെ ഇടക്ക് വെള്ളം കുടിപ്പിച്ചത്. മലയാളിയായ ആതിരയുടെ നേതൃത്വത്തിലാണ് മഹാരാഷ്ട്ര ടീം ഇറങ്ങിയത്. ആതിരയുടെയും അഖിലയുടെയും ശക്തമായ സ്മാഷുകളാണ് രണ്ടാം സെറ്റ് കേരളത്തിന് നഷ്ടപ്പെടുത്തിയത്. ബ്ളോക്കേഴ്സായ അശ്വിനിയും ശില്‍പാ സ്കറിയയും കേരളത്തിന്‍െറ ആക്രമണങ്ങളെ തടുത്തിട്ട് പോയിന്‍റ് വ്യത്യാസം കുറച്ചു. സെറ്റര്‍ ഭാഗ്യലക്ഷ്മിയും ലിബറോ ബിന്‍സിയും കേരളത്തിന് ഭീഷണി സൃഷ്ടിച്ചു.

ഇന്ത്യന്‍ റെയില്‍വെക്കെതിരെ ടിജിയുടെ നേതൃത്വത്തിലാണ് ടീം ഇറങ്ങുക. റെയില്‍വെ ടീമിലും അഞ്ച് മലയാളികളുണ്ട്.

Tags:    
News Summary - senior vollyball

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.