ഒറ്റലാപ്പിലെ ഇന്ത്യൻ ജീനിയസ് മിൽഖ സിങ് എന്ന ‘പറക്കും സിങ്ങിെൻറ’ പിൻഗാമിയായി മാറിയിരിക്കുന്നു കൊല്ലം നിലമേലിെൻറ പുത്രൻ മുഹമ്മദ് അനസ്. ഒാരോ ഒാട്ടത്തിലും 400 മീറ്ററിൽ ദേശീയ റെക്കോഡുകൾ തിരുത്തി പടിപടിയായി ആരാധകരുടെ മനസ്സിൽ അടിയുറപ്പിച്ചവൻ ഒടുവിൽ ആ സ്വപ്നനേട്ടവും സ്വന്തമാക്കി. ഏഷ്യൻ ഗെയിംസിലെ വെള്ളിനേട്ടം. ജകാർത്തയിലെ ട്രാക്കിൽ ഹീറ്റ്സിലും (45.63 സെ), സെമിഫൈനലിലും (45.30 സെ) ഏറ്റവും മികച്ച സമയം കുറിച്ചാണ് അനസ് ഫൈനലിന് യോഗ്യത നേടിയത്. ഞായറാഴ്ച വൈകീട്ട് നടന്ന ഫൈനലിൽ ഖത്തറിെൻറ സുഡാൻകാരനായ അബ്ദുല്ല ഹാറൂൺ, ബഹ്റൈെൻറ അബ്ബാസ് അബ്ബാസ്, ഖാമിസ് അലി എന്നിവരിൽനിന്നുള്ള വെല്ലുവിളി പ്രതീക്ഷിച്ചാണ് ട്രാക്കിലിറങ്ങിയത്.
പോരാട്ടത്തിന് വെടിമുഴങ്ങിയപ്പോൾ അനസിെൻറ ബൂട്ടിലെ പൊൻകാലുകളിലേക്ക് അഗ്നി പ്രവഹിച്ചു. ആഫ്രിക്കൻകരുത്തുമായി കുതിച്ച് തുടക്കത്തിൽതന്നെ ലീഡ് നേടിയ ഹസൻ അബ്ദുല്ല സ്വർണമുറപ്പിച്ചാണ് പാഞ്ഞത്. തൊട്ടുപിന്നിൽ വെള്ളിക്കായി അനസ് മിന്നിൽപ്പിണർ വേഗത്തിൽ ഒാടി. ബഹ്റൈെൻറ താരങ്ങളെ പിന്നിലാക്കി കുതിച്ച അനസ് മനോഹരമായി ഫിനിഷ് ചെയ്ത് വെള്ളിയിലെത്തി (45.69 സെ). ലോക ചാമ്പ്യൻഷിപ്പിൽ വെങ്കലവും ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണവും നേടിയ അബ്ദുല്ല ഹാറൂൺ (44.89 സെ) സ്വർണം നേടിയപ്പോൾ, ബഹ്റൈെൻറ അലി ഖാമിസിനാണ് (45.70 സെ) വെങ്കലം. 1982ൽ ഇതേ ഇനത്തിൽ വെള്ളി നേടിയ കെ.കെ പ്രേമചന്ദ്രനു ശേഷം മെഡൽ നേടുന്ന ആദ്യ മലയാളിയാണ് അനസ്.
നിലമേലിെൻറ പുത്രൻ
കഴിഞ്ഞ മൂന്നു വർഷമായി ട്രാക്കിലെ പോരാട്ടത്തിനിടെ പാകപ്പെടുകയായിരുന്നു അനസ്. നിലമേൽ മാട്ടപ്പള്ളി സ്കൂൾ വിദ്യാർഥിയായിരിക്കെ ബി. അൻസാർ എന്ന പരിശീലകനാണ് അനസിലെ അത്ലറ്റിനെ തിരിച്ചറിയുന്നത്. കോച്ചിെൻറ ഉപദേശത്തെ തുടർന്ന് കോതമംഗലം മാർബേസിലിലെത്തിയതോടെ അനസ് എന്ന അത്ലറ്റിെൻറ വളർച്ച തുടങ്ങി. 2013ൽ കേരള സ്പോർട്സ് കൗൺസിൽ എലൈറ്റ് പരിശീലകൻ പി.ബി. ജയകുമാറിെൻറ ശിഷ്യനായി മാറിയതോടെയാണ് അനസിെൻറ കുതിപ്പ് ശരിയായ ട്രാക്കിലാവുന്നത്. ശേഷം അഞ്ചുവർഷത്തിനുള്ളിൽ അനസ് നേടിയ നേട്ടങ്ങളിലെല്ലാം ജയകുമാറിെൻറ കൈയൊപ്പുണ്ട്. നാവികസേനയിൽ ജോലിനേടി സർവിസസിെൻറ ഭാഗമായതോടെ ഇന്ത്യയുടെ മുൻനിര ഒാട്ടക്കാരിൽ ഒരാളായി അനസ് മാറി. സർവിസസിൽ ഇന്ത്യൻ കോച്ച് മുഹമ്മദ് കുഞ്ഞിക്കു കീഴിലായിരുന്നു ദീർഘകാലം. റിയോ ഒളിമ്പിക്സ്, കോമൺവെൽത്ത് ഗെയിംസ് എന്നിവയിൽ ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചശേഷമാണ് ജകാർത്തയിലൂടെ സുപ്രധാന മെഡൽ പിറക്കുന്നത്.
റെക്കോഡ് മാൻ
400 മീറ്ററിൽ മൂന്നു മാസത്തിനിടെ രണ്ടു ദേശീയ റെക്കോഡുകൾ. രണ്ടു വർഷത്തിനിടെ ഇത് അഞ്ചുവട്ടം തിരുത്തിയെഴുതി. ഒറ്റലാപ്പ് ഒാട്ടത്തിൽ രാജ്യത്തിെൻറ വേഗ താരമായിമാറിയ ഇൗ മലയാളിയെ മിൽഖയുടെ പിൻഗാമിയെന്ന് വിളിക്കാൻ ഇതൊക്കെതന്നെ ധാരാളം.
ഏഷ്യൻ ഗെയിംസ് ഒരുക്കത്തിനിടെ പ്രാഗിലെ ഇൻവിറ്റേഷൻ മീറ്റിൽ 45.24 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് അനസ് അഞ്ചാം വട്ടം റെക്കോഡ് കുറിച്ചത്. കോമൺവെൽത്ത് ഗെയിംസിൽ ഫൈനലിൽ പ്രവേശിച്ച അനസ്, മിൽഖ സിങ്ങിനുശേഷം 50 വർഷത്തിനിടെ ഇൗ നേട്ടം സ്വന്തമാക്കുന്ന ആദ്യ താരമായി. ഫൈനലിൽ മെഡലിലെത്താനായില്ലെങ്കിലും വിസ്മയക്കുതിപ്പിലൂടെ നാലാമനായി (45.31 സെ) റെക്കോഡ് കുറിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.