തേഞ്ഞിപ്പലം: സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 600 മീറ്ററില്‍ ആതിഥേയതാരം എം.പി. ലിജ്ന ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുമ്പോള്‍ വേലിക്ക് പുറത്തുനിന്ന് കായികാധ്യാപിക തസ്നി ശരീഫ് കൈയടിക്കുന്നുണ്ടായിരുന്നു. സംസ്ഥാന സ്കൂള്‍ കായികോത്സവത്തിന്‍െറ മൂന്നാം ദിനവും തീരാനിരിക്കെയാണ് മലപ്പുറത്തുനിന്നൊരു പെണ്‍കൊടി പൊന്നണിയുന്നത്. വിജയിയെ മാധ്യമപ്രവര്‍ത്തകര്‍ പൊതിയവെ ഒന്നരപ്പതിറ്റാണ്ട് മുമ്പ് നടന്ന സംസ്ഥാന മീറ്റിലെ സ്വര്‍ണമെഡലുകാരി കണ്ണുനിറയെ നോക്കി നിന്നു.
പത്ത് വര്‍ഷമായി കടകശ്ശേരി ഐഡിയല്‍ ഇ.എച്ച്.എസ്.എസില്‍ കുട്ടികള്‍ക്ക് കായികപരിശീലനം നല്‍കിവരുന്നു തസ്നി. സ്കൂള്‍ പഠനകാലത്ത് ത്രോ ആയിരുന്നു തസ്നിയുടെ ഇനം. ഡിസ്കസ് ത്രോയും ഷോട്ട് പുട്ടും ഹാമര്‍ ത്രോയും നന്നായി വഴങ്ങും. 1999ല്‍ ചാലക്കുടിയില്‍ നടന്ന സംസ്ഥാന സ്കൂള്‍ കായികമേളയില്‍ താനൂര്‍ ദേവധാര്‍ എച്ച്.എസിലെ പത്താം ക്ളാസുകാരി ഡിസ്കസ് എറിഞ്ഞത് സ്വര്‍ണത്തിലേക്കായിരുന്നു. കൂട്ടായി എം.എം.എം എച്ച്.എസിലായിരുന്നു പ്ളസ് ടു വിദ്യാഭ്യാസം. തുടര്‍ന്ന് ഹയര്‍ സെക്കന്‍ഡറി വിഭാഗം കായികമേളകളിലും പങ്കെടുത്തു. സംസ്ഥാനതലത്തില്‍ വെങ്കല മെഡലും കിട്ടി. കോഴിക്കോട് ഈസ്റ്റ് ഹില്‍ ഫിസിക്കല്‍ എജുക്കേഷന്‍ സെന്‍ററിലെ കായിക പഠനത്തിന് ശേഷം ഐഡിയലില്‍ അധ്യാപികയായി.
ഐഡിയല്‍ സ്കൂളിനായി 400 മീറ്ററില്‍ വെള്ളി നേടിയ ലിജ്നയുടെ രണ്ടാം മെഡലാണിത്. മത്സ്യത്തൊഴിലാളിയായ താനൂര്‍ പുതിയ കടപ്പുറം മോയിനാന്‍െറ പുരക്കല്‍ ലത്തീഫിന്‍െറയും ശരീഫയുടെയും മകളാണ് ഈ എട്ടാം ക്ളാസ് വിദ്യാര്‍ഥിനി. ലിജ്നയുടെ അയല്‍പ്രദേശമായ മീനടത്തൂരാണ് തസ്നിയുടെ സ്വദേശം. ഭര്‍ത്താവ് ശരീഫ് ഖത്തറില്‍ ജോലി ചെയ്യുന്നു. മകന്‍ മുഹമ്മദ് സിലാഷ് രണ്ടാം ക്ളാസ് വിദ്യാര്‍ഥിയാണ്. കുടുംബത്തില്‍നിന്ന് ലഭിക്കുന്ന പിന്തുണയാണ് തന്‍െറ ശക്തിയെന്ന് തസ്നി പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.