സംസ്ഥാന സ്കൂള്‍ കായികോത്സവം: സമ്മാനക്കുടിശ്ശിക കാത്ത് താരങ്ങള്‍ 

കോഴിക്കോട്: വജ്രജൂബിലിയാഘോഷിക്കുന്ന സംസ്ഥാന സ്കൂള്‍ കായികമേള കായികോത്സവമെന്ന് പേരുമാറ്റിയെങ്കിലും കൗമാരതാരങ്ങളുടെ മനസ്സില്‍ ഉത്സവമില്ല. ദേശീയ സ്കൂള്‍ കായികമേളയിലെ വിജയികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്ന കാഷ് അവാര്‍ഡുകള്‍ക്ക് മൂന്നുവര്‍ഷമായി കാത്തിരിക്കുകയാണ് പതക്ക വിജയികള്‍. 2013 ഫെബ്രുവരിയില്‍ നടന്ന ഇറ്റാവ മീറ്റിനുശേഷം വിദ്യാഭ്യാസ വകുപ്പ് ഇക്കാര്യത്തില്‍ പിന്നോട്ടോടുകയാണ്. സ്വര്‍ണത്തിന് 30,000, വെള്ളിക്ക് 25,000, വെങ്കലത്തിന് 20,000 എന്നിങ്ങനെയാണ് ദേശീയ മേളയിലെ മെഡല്‍ ജേതാക്കള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച തുക. ഈ പ്രോത്സാഹനം മുടങ്ങിയതോടെ രണ്ടുലക്ഷത്തിലേറെ രൂപ കിട്ടാനുള്ള മിടുക്കന്മാരും മിടുക്കികളുമുണ്ട്. പലരും സ്കൂള്‍ തലവും കഴിഞ്ഞ് മുന്നേറിയവരാണ്. സംസ്ഥാനമേളയില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ സ്വര്‍ണത്തിന് 1500ഉം വെള്ളിക്ക് 1250ഉം വെങ്കലത്തിന് 1000വുമാണ് പ്രതിഫലം. മെഡല്‍ദാന ചടങ്ങില്‍തന്നെ ഈ തുക വിതരണം ചെയ്യാറാണ് പതിവ്. സംസ്ഥാന മേളയില്‍ മീറ്റ് റെക്കോഡ് ഭേദിക്കുന്നവര്‍ക്കും ദേശീയ റെക്കോഡ് പ്രകടനം മറികടക്കുന്നവര്‍ക്കും 4000 രൂപ വീതം കൈമാറുന്നുണ്ട്. 

എന്നാല്‍, മലയാളക്കരയുടെ അഭിമാനമുയര്‍ത്തുന്ന ദേശീയതലത്തിലെ വിജയികളുടെ കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് പിശുക്ക് തുടരുകയാണ്. ഇറ്റാവ മീറ്റില്‍ കേരളത്തിന്‍െറ മിന്നും പ്രകടനത്തെ തുടര്‍ന്ന് അന്നത്തെ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍റ് പത്മിനി തോമസും കായിക വകുപ്പിന്‍െറ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍കൈയെടുത്ത് കുഞ്ഞുതാരങ്ങള്‍ക്ക് കാഷ് അവാര്‍ഡ് നല്‍കിയിരുന്നു. അന്നും ശേഷവും വിദ്യാഭ്യാസവകുപ്പ് അവഗണന തുടരുകയായിരുന്നു. 

സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ ആവേശം ഒരു വര്‍ഷംകൊണ്ട് അവസാനിക്കുകയും ചെയ്തു. ഒഫീഷ്യലുകള്‍ക്കും അകമ്പടി ഉദ്യോഗസ്ഥര്‍ക്കും അധ്വാനത്തിന്‍െറ പ്രതിഫലം കൈയോടെ നല്‍കുമ്പോഴാണ് യശസ്സുയര്‍ത്തുന്ന കുട്ടികളെ അവഗണിക്കുന്നത്. തുര്‍ക്കിയില്‍ നടന്ന ലോക സ്കൂള്‍ ഒളിമ്പിക്സിലെ മെഡല്‍ ജേതാക്കളായ പി.എന്‍. അജിത്ത്, അഭിഷേക് മാത്യു, നിവ്യ ആന്‍റണി എന്നീ താരങ്ങളെയും സര്‍ക്കാര്‍ അവഗണിച്ചതായി പരാതിയുണ്ട്. മൂന്നുപേര്‍ക്കും കിട്ടിയത് സര്‍ക്കാറിന്‍െറ അനുമോദന ട്രോഫി മാത്രം. കാഷ് അവാര്‍ഡ് നല്‍കാമെന്ന് മുന്‍ കായികമന്ത്രി ഇ.പി. ജയരാജന്‍ ഉറപ്പുനല്‍കിയിരുന്നെങ്കിലും മറ്റൊരുവകുപ്പ് അപ്രതീക്ഷിതമായി ഇടങ്കോലിട്ടതായാണ് പരാതി. സ്കൂള്‍ ഒളിമ്പിക്സില്‍ അഭിഷേക് മാത്യുവിനൊപ്പം റിലേയില്‍ ഓടിയ തമിഴ്നാട് താരത്തിന് ജയലളിത സര്‍ക്കാര്‍ അഞ്ചുലക്ഷം രൂപ സമ്മാനിച്ചതും ശ്രദ്ധേയമാണ്. ചാമ്പ്യന്‍ സ്കൂളിനുള്ള സമ്മാനം പത്ത് ലക്ഷമാക്കണമെന്നും ആവശ്യമുയരുന്നുണ്ട്. നിലവില്‍ 220,000 രൂപയാണ് ചാമ്പ്യന്‍ സ്കൂളിനുള്ള സമ്മാനം.

 സ്കൂള്‍ മീറ്റില്‍തന്നെ മത്സരിക്കാനൊരുങ്ങുന്ന ദേശീയ ജൂനിയര്‍ മീറ്റിലെ മെഡല്‍ ജേതാക്കള്‍ക്കും സമ്മാനക്കുടിശ്ശികയുണ്ട്. തേഞ്ഞിപ്പലത്ത് ശനിയാഴ്ച ട്രാക്കുണരുമ്പോള്‍ കൗമാരതാരങ്ങളുടെ തേങ്ങലുകള്‍ വിദ്യാഭ്യാസമന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് കേള്‍ക്കേണ്ടതുണ്ട്. കായികമേളയെ കായികോത്സവമെന്ന് പേരുമാറ്റി വിളിച്ച മന്ത്രിക്ക് ‘ഉത്സവത്തിടമ്പേറ്റുന്ന’ തങ്ങളുടെ പരാതി പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ.
 
Tags:    
News Summary - state school sports meet

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.