തിരുവനന്തപുരം: അർജുന അവാർഡ് ജേതാക്കൾക്കെതിരെ നടത്തിയ ‘കാലുനക്കി’ പ്രയോഗത്തിൽ സംസ്ഥാന വോളിബാൾ അസോസിയേഷൻ സെക്രട്ടറി നാലകത്ത് ബഷീറിനോട് സംസ്ഥാന സ്പോർട്സ് കൗൺസിൽ വിശദീകരണംതേടി. വോളിബാൾ താരം ടോം ജോസഫ് കായികമന്ത്രിക്കും സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് ടി.പി. ദാസനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. വിവാദപ്രസ്താവനക്കെതിരെ തൃപ്തികരമായ മറുപടി അഞ്ച് ദിവസത്തിനുള്ളിൽ നൽകണമെന്നാണ് സ്പോർട്സ് കൗൺസിൽ സെക്രട്ടറി സഞ്ജയൻകുമാർ അയച്ച കത്തിൽ പറയുന്നത്.
മുൻ കേരളതാരം കിഷോർകുമാറിെൻറ ഫേസ്ബുക്കിലൂടെയാണ് നാലകത്ത് ബഷീർ വിവാദങ്ങൾക്ക് വെടിമരുന്നിട്ടത്. ചിലർ അസോസിയേഷൻ ഭാരവാഹികളുടെ കാലുനക്കിയാണ് അർജുന അവാർഡ് ജേതാക്കളായതെന്നായിരുന്നു ബഷീറിെൻറ ഫേസ്ബുക്ക് കമൻറ്. ഇതിനെതിരെ ടോമിെൻറ നേതൃത്വത്തിൽ അർജുന അവാർഡ് ജേതാക്കളും മറ്റ് വോളിതാരങ്ങളും രംഗത്തുവന്നു. ഇതോടെ നാലകത്ത് ബഷീർ എറണാകുളത്ത് പത്രസമ്മേളനം വിളിച്ച് ടോമിനെതിരെ വ്യക്തിപരമായ ആക്ഷേപം നടത്തുകയും ചെയ്തു. അസോസിയേഷനെതിരെ സംസാരിച്ചതിന് കാരണംകാണിക്കൽ നോട്ടീസ് നൽകുമെന്നും മറുപടി തൃപ്തികരമല്ലെങ്കിൽ അച്ചടക്കനടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.
ഇതോടെയാണ് ടോം കായികമന്ത്രി എ.സി. മൊയ്തീനും സംസ്ഥാന സ്പോർട്സ് കൗൺസിലിനും പരാതിനൽകിയത്. വിശദീകരണം തൃപ്തികരമല്ലെങ്കിൽ ബഷീറിനെ പുറത്താക്കാനാണ് സ്പോർട്സ് കൗൺസിലിെൻറ തീരുമാനം. കഴിഞ്ഞയാഴ്ച ചേർന്ന സ്പോർട്സ് കൗൺസിൽ യോഗത്തിൽ ഭൂരിഭാഗം അംഗങ്ങളും ബഷീറിനെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയായിരുന്നു.
അർജുന അവാർഡ് ജേതാക്കളെ അപമാനിച്ച സംഭവത്തിൽ വരുംദിവസങ്ങളിൽ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും കേന്ദ്രകായികമന്ത്രാലത്തിനും പരാതിനൽകുമെന്ന് ടോം ജോസഫ് ‘മാധ്യമ’ത്തോട് പറഞ്ഞു. വോളിബാളിന് വേണ്ടി ഒരുസംഭാവനയും നൽകാത്തവരാണ് അസോസിയേഷെൻറ തലപ്പത്തിരിക്കുന്നത്. താരങ്ങളെ മാനസികമായി പീഡിപ്പിക്കുന്നതല്ലാതെ ബഷീറിെൻറ ഒരുസംഭാവനയും വോളിബാളിന് ഉണ്ടായിട്ടില്ല.
വോളിബാൾ താരങ്ങളുടെ ക്ഷേമത്തിന് സ്പോർട്സ് കൗൺസിൽ മുൻകൈയെടുത്ത് അഡ്ഹോക്ക് കമ്മിറ്റി രൂപവത്കരിക്കണം. നാലകത്ത് ബഷീർ രാജിവെക്കുന്നതുവരെ തെൻറ പോരാട്ടം തുടരും. നാളിതുവരെ ബഷീറിനെതിരെ ഉയർന്നിരിക്കുന്ന അഴിമതി ആരോപണങ്ങളിൽ വിജിലൻസ് അന്വേഷണം വേണമെന്ന് കായികവകുപ്പിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ടോം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.