കോഴിക്കോട്: ആദ്യ സീസണിൽ വൻവിജയമായിരുന്ന പ്രോ വോളി ലീഗിന് ബാല്യത്തിൽതന്നെ മരണം. ന ടത്തിപ്പുകാരായ ബേസ്ലൈൻ വെഞ്ചേഴ്സുമായുള്ള കരാർ അവസാനിപ്പിക്കാൻ വോളിബാൾ ഫെഡറേഷൻ ഓഫ് ഇന്ത്യ (വി.എഫ്.ഐ) തീരുമാനിച്ചതോടെയാണ് പ്രോ വോളി ലീഗിന് അവസാനമാകുന്നത്. തർക്കങ്ങൾ പരിഹരിച്ച് ഫെബ്രുവരിയിൽ രണ്ടാം സീസൺ തുടങ്ങാനിരിക്കേയാണ് ജയ്പൂരിൽ ചേർന്ന വി.എഫ്.ഐ ജനറൽ ബോഡി യോഗത്തിൽ അപ്രതീക്ഷിത നീക്കങ്ങളുണ്ടായത്.
ഇന്ത്യൻ വോളി ലീഗ് അല്ലെങ്കിൽ ദേശീയ വോളിബാൾ ലീഗ് എന്ന പേരിൽ ഫെബ്രുവരി 25 മുതൽ സ്വന്തം നിലയിൽ തുടങ്ങാനാണ് തീരുമാനം. തികച്ചും പ്രഫഷനലായി മത്സരങ്ങൾ നടത്തുന്ന, പരിചയസമ്പന്നരായ ബേസ് ലൈനെ തഴഞ്ഞത് ദുരൂഹമാണ്. വി.എഫ്.ഐ സെക്രട്ടറി രാം അവതാർ സിങ് ഝക്കറിെൻറ വ്യക്തിപരമായ അജണ്ടയാണ് തീരുമാനത്തിനു പിന്നിലെന്ന് ബേസ് ലൈൻ എം.ഡിയും സഹസ്ഥാപകനുമായ തുഹിൻ മിശ്ര പറഞ്ഞു. ‘കരാർ റദ്ദാക്കണമെന്ന് പറയുന്നതിന് കാരണമെന്തെന്ന് അറിയില്ല. ഇക്കാര്യം ഞങ്ങളെ അറിയിച്ചിട്ടില്ല. പത്രത്തിൽ വായിച്ചതാണ്. കഴിഞ്ഞ ദിവസം വരെ കാര്യങ്ങൾ ഭംഗിയായി പോയതാണ്. വി.എഫ്.ഐ സെക്രട്ടറിയുടെ വ്യക്തിപരമായ അജണ്ട തന്നെയാണിത് ’- തുഹിൻ പറഞ്ഞു. വർഷങ്ങളോളമുള്ള കരാർ എളുപ്പം റദ്ദ് ചെയ്യാനാവില്ലെന്നും വി.എഫ്.ഐയിൽനിന്ന് ഔദ്യോഗികമായി വിവരം ലഭിച്ച ശേഷം കൂടുതൽ പ്രതികരിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അടുത്ത ജനുവരിയിൽ താരലേലവും ഫെബ്രുവരിയോടെ ലീഗും തുടങ്ങാനായിരുന്നു പദ്ധതി. വി.എഫ്.ഐയും ബേസ്ലൈനും തമ്മിൽ ലാഭവിഹിതം കൈമാറുന്നതിൽ തർക്കമുണ്ടായിരുന്നു. ഓരോ സീസണിലും ലാഭവിഹിതത്തിെൻറ 50 ശതമാനം വി.എഫ്.ഐക്ക് നൽകണമെന്നായിരുന്നു കരാർ. എന്നാൽ, ആദ്യ സീസണിൽ 2.6 കോടി രൂപ നഷ്ടമുണ്ടായെന്നായിരുന്നു ബേസ്ലൈൻ പറഞ്ഞത്. എന്നാൽ, ഇത് കള്ളക്കണക്കാണെന്ന നിലപാടായിരുന്നു വി.എഫ്.ഐക്ക്. മൂന്നരക്കോടി രൂപ വി.എഫ്.ഐക്ക് ബേസ്ലൈൻ നേരത്തേ നൽകിയിരുന്നു. പ്രശ്നം വഷളായതോടെയാണ് അന്താരാഷ്ട്ര വോളി ഫെഡറേഷൻ ഇടപെട്ടത്. തുടർന്ന് വി.എഫ്.ഐയും ബേസ്ലൈനും ടീം ഉടമകളും ചർച്ച നടത്തി പ്രശ്നങ്ങൾ ഏറക്കുറെ പരിഹരിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.