സൈന്യത്തിലെ മുൻനിര ഒാട്ടക്കാർക്ക് വേഗം നിയന്ത്രിക്കാനുള്ള പേസ്മേക്കർ റണ്ണറായി ഒാടി റിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയപ്പോഴേ വയനാട്ടുകാരൻ തോന്നക്കൽ വീട്ടിൽ ഗോപി ഇന്ത്യൻ അത്ലറ്റിക്സിലെ വിസ്മയമായി മാറിയിരുന്നു. റിയോയിൽ 25ാമനായാണ് ഫിനിഷ് ചെയ്തതെങ്കിലും കരിയറിലെ ഏറ്റവും മികച്ച സമയം കുറിച്ച് (2:15:25) അവൻ ഞെട്ടിച്ചു. ഉത്തരേന്ത്യൻ ഒാട്ടക്കാർ മേധാവിത്വം സ്ഥാപിച്ച മാരത്തണിൽ വയനാടൻ ചുരമിറങ്ങി വന്നവൻ ഇന്ത്യയുടെ ഒന്നാം നമ്പർ ഒാട്ടക്കാരനായി മാറിയത് ചുരുങ്ങിയ കാലത്തിനുള്ളിലായിരുന്നു.
ഇൗ നേട്ടത്തിനുള്ള ഒടുവിലത്തെ അംഗീകാരമായി ഞായറാഴ്ച രാവിലെ ചൈനയിലെ ഡോൺഗുവാനിൽ നടന്ന 16ാമത് ഏഷ്യൻ മാരത്തൺ ചാമ്പ്യൻഷിപ്പിലെ സുവർണ നേട്ടം. ജപ്പാെൻറയും കൊറിയയുടെയും ലോകതാരങ്ങളെയും ഖത്തർ, സൗദി തുടങ്ങിയ അറബ് രാജ്യങ്ങളുടെ മേൽവിലാസത്തിലിറങ്ങുന്ന ആഫ്രിക്കൻ കരുത്തരെയും അട്ടിമറിച്ചായിരുന്നു മലയാളി താരം ചൈനീസ് മണ്ണിൽ കൊടുങ്കാറ്റായി ആഞ്ഞടിച്ചത്. ഉസ്ബകിസ്താെൻറ ആന്ദ്രെ പെട്രോവ് വെള്ളിയും (2:15:51) മംഗോളിയയുടെ ബിംബാലെവ് സീവെന്ദ്രൻ വെങ്കലവും (2:16:14) നേടി. ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ പുരുഷ ഒാട്ടക്കാരനായാണ് ഗോപി സ്വർണമണിഞ്ഞത്. വനിതകളിൽ രണ്ട് ഇന്ത്യക്കാർ ഏഷ്യൻ മാരത്തൺ ചാമ്പ്യൻപട്ടമണിഞ്ഞിരുന്നു. ആഷ അഗർവാളും (1985) സുനിത ഗൊദാരയും (1992).
ചുരമിറങ്ങിവന്ന താരം
ബത്തേരിയിലെ ഈരംകൊല്ലി പണിയ കോളനിയില്‍ ജനിച്ച ഗോപി ദുരിതങ്ങളെ ഒാടിത്തോൽപിച്ചാണ് വിജയകിരീടമണിയുന്നത്. ചെറുപ്പത്തില്‍തന്നെ അച്ഛനെ നഷ്ടമായി. അമ്മ രണ്ടാം വിവാഹം കഴിച്ചതോടെ മുത്തശ്ശി വെള്ളച്ചി മാത്രമായിരുന്നു ആശ്വാസം. കാക്കവയൽ സ്കൂളിലെ പഠനകാലത്ത് കായികാധ്യാപിക വിജയി ടീച്ചറുടെ കണ്ണിൽ ഇടംപിടിക്കുന്നതോടെയാണ് ഗോപിയിലെ അത്ലറ്റ് പിറക്കുന്നത്. ഗുരു-ശിഷ്യൻ എന്നതിൽനിന്ന് അമ്മയും മകനുമായിമാറി അവർ. അമ്മച്ചിറകിനുള്ളിൽ പിടിച്ചുനിർത്താതെ ഉന്നതങ്ങളിലേക്ക് പറക്കാൻ അനുവദിച്ച വിജയി ടീച്ചർക്കു തന്നെയാണ് ഗോപി തെൻറ ഒാരോ നേട്ടവും സമർപ്പിക്കുന്നതും.
സ്കൂള്‍കാലത്ത് സംസ്ഥാനതലത്തില്‍ 5000, 10,000 മീറ്ററുകളില്‍ കഴിവ് പ്രകടമാക്കിയ ഗോപി കോതമംഗലം എം.എ കോളജിലെത്തിയതോടെ കൂടുതല്‍ തേച്ചുമിനുക്കപ്പെട്ടു. വൈകാതെ സ്പോര്‍ട്സ് ക്വോട്ടയില്‍ കരസേനയിലുമെത്തി. ഗോപിയെന്ന കായികതാരത്തിനു മുന്നില്‍ കൂടുതല്‍ അവസരങ്ങള്‍ തുറക്കുകയായിരുന്നു അവിടെ. ഇന്ത്യന്‍-സര്‍വിസസ് കോച്ചായ സുരേന്ദ്രനു കീഴിലുള്ള കഠിനപരിശീലനം പുതിയ നേട്ടങ്ങളിലേക്കുള്ള വഴികളായി. ആദ്യം ദേശീയ തലത്തിൽ ദീർഘദൂര ഇനങ്ങളിൽ സ്വർണമണിഞ്ഞു മികവ് തെളിയിച്ചു. 2015 ഡൽഹി ഹാഫ് മാരത്തണിൽ വെള്ളി നേട്ടം. അടുത്തവർഷം മുംബൈ ഫുൾ മാരത്തണിലും വെള്ളി. 2016 സാഫ് ഗെയിംസിൽ 10,000 മീറ്ററിൽ സ്വർണമണിഞ്ഞു. ബഹ്റൈനിലെ ഏഷ്യൻ ക്രോസ്കൺട്രിയിൽ നാലാം സ്ഥാനം. ഇൗ വർഷം ജൂലൈയിൽ ഒഡിഷ വേദിയായ ഏഷ്യൻ അത്ലറ്റിക്സിൽ 10,000 മീറ്ററിൽ വെള്ളി നേടി. ഏറ്റവും ഒടുവിലായി ഏഷ്യൻ മാരത്തണിൽ സ്വർണവുമണിഞ്ഞ് ചരിത്രനേട്ടത്തിലേക്ക് ഫിനിഷിങ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.