ദോഹ: കായികലോകത്തിനു മുന്നിൽ മരൂഭൂമിയിലെ അത്ഭുതവിളക്ക് തെളിയിച്ച് ദോഹ 17ാമത് ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് വിടചൊല്ലി. സാങ്കേതിക മേന്മയിലും നടത്തിപ്പിലും പ്രകടനമികവിലും വിസ്മയംതീർത്താണ് ഖത്തർ 10 ദിനം നീണ്ട ലോകമേളക്ക് യാത്രയയപ്പ് നൽകിയത്. വെല്ലുവിളികളൊന്നുമില്ലാതെ അമേരിക്കതന്നെ അത്ലറ്റിക് ലോകത്തെ സൂപ്പർപവർ പട്ടമണിഞ്ഞു. 17ാമത് മീറ്റീൽ 13 തവണയും അമേരിക്കതന്നെ ലോകജേതാക്കളായി. ട്രാക്കിലും ഫീൽഡിലും ഒരുപോലെ മേധാവിത്വം പ്രകടിപ്പിച്ചവർ സ്വർണമെഡൽ നേട്ടത്തിലും കുതിപ്പ് നടത്തി. 2017 ലണ്ടനിൽ 10 സ്വർണവും 11 വെള്ളിയും ഒമ്പത് വെങ്കലവും നേടിയ അമേരിക്ക ദോഹയിൽ 14 സ്വർണവും 11വെള്ളിയും നാല് വെങ്കലവുമാണ് പോക്കറ്റിലാക്കിയത്. 2007നുശേഷം ആദ്യമായി അമേരിക്കൻ സ്വർണനേട്ടം 14ലെത്തി. 2015 ബെയ്ജിങ്ങിൽ ആറ് സ്വർണംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്ന അമേരിക്കയുടെ ശക്തമായ തിരിച്ചുവരവിന് കൂടിയാണ് ദോഹ സാക്ഷിയായത്.
അവസാന ദിനത്തിൽ മൂന്ന് സ്വർണം കൂടി അമേരിക്കൻ അത്ലറ്റുകൾ പോക്കറ്റിലാക്കി. 100മീറ്റർ ഹർഡ്ൽസിൽ നിയ അലി, 4x400 മീറ്റർ റിലേയിൽ പുരുഷ-വനിത വിഭാഗം എന്നിവയിലായിരുന്നു സ്വർണങ്ങൾ.
പത്തരമാറ്റ് ദോഹ
തൂണിലും തുരുമ്പിലും കാരണം കണ്ടെത്തി വിമർശനങ്ങൾ അഴിച്ചുവിട്ട യൂറോപ്യൻ മാധ്യമങ്ങളുടെ പരാതികൾക്കിടയിലും ലോക അത്ലറ്റിക്സ് ഫെഡറേഷൻ പ്രസിഡൻറ് സെബാസ്റ്റ്യൻ കോ ദോഹക്ക് ഫുൾമാർക്ക് നൽകുന്നു. അത്ലറ്റുകളുടെ പ്രകടനത്തിലും മത്സരങ്ങളുടെ നിലവാരത്തിലും ഏറ്റവും മികച്ച ലോകചാമ്പ്യൻഷിപ്പെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ആറ് ചാമ്പ്യൻഷിപ് റെക്കോഡിനും രണ്ട് ലോകറെക്കോഡിനും ദോഹ വേദിയായി. പുതിയ ഇനമായ മിക്സഡ് റിലേയിൽ അമേരിക്കൻടീമും വനിതകളുടെ 400 മീറ്ററിൽ ഡലില മുഹമ്മദുമാണ് പുതിയ ലോക റെക്കോഡിന് ഉടമകൾ. 43 രാജ്യങ്ങൾ മെഡൽ പട്ടികയിൽ ഇടം നേടി.
63 രാജ്യങ്ങൾ പല ഇനങ്ങളിലായി അവസാന എട്ടുപേരിൽ ഒരാളായെങ്കിലും ഇടംപിടിച്ചു. 21 വൻകര റെക്കോഡുകളും 86 ദേശീയ റെക്കോഡുകളുമാണ് ട്രാക്കിലും ഫീൽഡിലുമായി ദോഹ സമ്മാനിച്ചത്.
‘ചാമ്പ്യൻഷിപ് ചരിത്രത്തിലെ ഏറ്റവും മികച്ച മേളയായിരുന്നു ദോഹയിലേത്. പ്രകടന നിലവാരവും മികവും അതിന് അടിവരയിടുന്നു. ആതിഥേയരുടെ സംഘാടനത്തിെൻറ കൂടി മികവാണിത്’ -വിമർശനങ്ങളുടെ മുനയൊടിച്ചുകൊണ്ട് സെബ് കോ സമാപന ചടങ്ങിൽ വ്യക്തമാക്കി.
ചൂടിെൻറയും ആളൊഴിഞ്ഞ ഗാലറിയുടെയും പേരിൽ യൂറോപ്യൻ മാധ്യമങ്ങൾ ഉന്നയിച്ച കടുത്ത ആക്ഷേപങ്ങളെ മറികടന്നാണ് ദോഹയിലെ കൊടിയിറക്കം. ശീതികരണ സംവിധാനമൊരുക്കിയ സ്റ്റേഡിയത്തിലൂടെ ചൂടിെൻറ വെല്ലുവിളിയെ മറികടന്നു. സ്റ്റേഡിയത്തിനു പുറത്ത് നടത്തേണ്ട മാരത്തൺ, നടത്ത മത്സരങ്ങളാണ് ചൂട് ഭീഷണി നേരിട്ട ഇനം. അർധരാത്രിയിൽ മത്സരം നടത്തിയിട്ടും ഹുമിഡിറ്റിയും ചൂടും ഈ രണ്ട് ഇനങ്ങളിലും പങ്കെടുത്ത അത്ലറ്റുകൾക്ക് ക്ഷീണമായി. ആദ്യ ദിനത്തിൽ നടന്ന 50 കി.മീ നടത്തത്തിൽനിന്ന് നിരവധി പേരാണ് പാതിവഴിയിൽ പിൻവാങ്ങിയത്. ഗാലറിയിലെ കാണികളുടെ കുറവിനെ അവസാന നാളുകളിൽ കൂടുതൽ പേരെ എത്തിച്ച് പരിഹരിക്കാനും കഴിഞ്ഞു. സമാപന ദിനത്തിൽ 40,000ത്തിനടുത്ത് ആളുകൾ സ്റ്റേഡിയത്തിലെത്തിയിരുന്നു.
2010 ലോകകപ്പ് ഫുട്ബാളിനെ ദക്ഷിണാഫ്രിക്കയിലെത്തിച്ച് ഫിഫ തുടക്കമിട്ട പരിഷ്കരണം പോലെയാണ് ദോഹ ലോകമീറ്റ്. പരമ്പരാഗതമായി യൂറോപ്പിൽ കറങ്ങിത്തിരിയുന്ന അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിന് പുതിയ വേദികള്‍ തേടുന്നതിന് ദോഹ പ്രേചാദനമാകും. ഇക്കാര്യം സെബാസ്റ്റ്യന്‍ കോ കഴിഞ്ഞ ദിവസം വ്യക്തമാക്കുകയും ചെയ്തു. ഇതുവരെയും ചാമ്പ്യൻഷിപ്പിന് ആതിഥ്യം വഹിച്ചിട്ടില്ലാത്ത ജമൈക്ക, കെനിയ, ഇത്യോപ്യ ഉള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്കും അതിനുള്ള അവസരം കിട്ടാൻ ദോഹ ചവിട്ടുപടിയാകും.
കെനിയ, ഇത്യോപ്യ: ആഫ്രിക്കൻ കരുത്ത്
ട്രാക്കിലും ഫീൽഡിലും പതിവുപോലെ തന്നെ കരുത്തുകാട്ടാൻ ആഫ്രിക്കൻ രാജ്യങ്ങളും മറന്നില്ല. കഴിഞ്ഞ തവണ റണ്ണർ അപ്പായ കെനിയതന്നെ ദോഹയിലും രണ്ടാമതായി. അതേസമയം, ലണ്ടനിൽ ഒരു സ്വർണത്തിലേക്കൊതുങ്ങി 15ാമതായ കരീബിയൻ സംഘം ജമൈക്ക ഇക്കുറി മൂന്ന് സ്വർണവുമായി മൂന്നാം സ്ഥാനത്തെത്തി. ചൈന, ഇത്യോപ രാജ്യങ്ങൾ ആദ്യ അഞ്ചിലുണ്ട്.
വിലക്ക് നേരിട്ടതിനാൽ രാജ്യമായി മത്സരിക്കാനാവാതെ എത്തിയ റഷ്യക്കാർ അത്ലറ്റിക്സ് ഫെഡറേഷൻ കൊടിക്കീഴിൽ പോരാടി രണ്ട് സ്വർണവും മൂന്നു വെള്ളിയും ഒരു വെങ്കലവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.