രമണക്കും വിജയക്കും ആഹ്ലാദനിമിഷം

ഹൈദരാബാദ്: എട്ടു മാസമായി അവധിയെടുത്ത് മകളുടെ ഒളിമ്പിക്സ് തയാറെടുപ്പുകള്‍ക്ക് സകല പിന്തുണയുമേകുകയായിരുന്നു പി.വി. സിന്ധുവിന്‍െറ പിതാവ് പി.വി. രമണ. മകളുടെ ബാഡ്മിന്‍റണ്‍ ഫൈനല്‍ പ്രവേശത്തില്‍  ഏറെ സന്തോഷവാനായിരുന്നു രമണ. രമണയും ഭാര്യ വിജയയും ബന്ധുക്കളും സുഹൃത്തുക്കളും ഗച്ചിബൗളിയിലെ ഗോപീചന്ദ് ബാഡ്മിന്‍റണ്‍ അക്കാദമിയിലെ ബിഗ് സ്ക്രീനിന് മുന്നിലിരുന്നാണ് മകളുടെ വീരോചിതമായ പോരാട്ടം കണ്ടത്. സിന്ധുവിനെ വെള്ളിനേട്ടത്തിലേക്കുയര്‍ത്തിയ ഗോപീചന്ദിനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ടെന്ന് വിജയ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഇന്ത്യയിലെ മുഴുവന്‍ ജനങ്ങളുടെ പ്രാര്‍ഥനകള്‍ക്കും അവര്‍ നന്ദി പറഞ്ഞു. മുന്‍ ഇന്ത്യന്‍ വോളിബാള്‍ ടീമംഗവും അര്‍ജുന, ദ്രോണാചാര്യ അവാര്‍ഡ് ജേതാവുമായ രമണ എട്ടു മാസമായി ജോലിക്ക് പോയിട്ടില്ല.

റെയില്‍വേ ഉദ്യോഗസ്ഥനായ രമണ രാവിലെ നാലുമണിക്ക് മകളെ ഗോപീചന്ദ് അക്കാദമിയില്‍ പരിശീലനത്തിന് കൊണ്ടുപോകലായിരുന്നു പതിവ്. റിയോ ഒളിമ്പിക്സ് കഴിഞ്ഞിട്ട് കര്‍മനിരതനാകാമെന്ന രമണയുടെ തീരുമാനം തെറ്റിയില്ല. മകള്‍ റിയോയില്‍ ചരിത്രമെഴുതിക്കഴിഞ്ഞു. തമിഴ്നാടിന്‍െറയും റെയില്‍വേയുടെയും ഇന്ത്യയുടെയും വോളിതാരമായിരുന്ന രമണയും  ചെറുപ്പത്തിലേ മകളെ ഷട്ടില്‍ തട്ടാന്‍ പരിശീലിപ്പിച്ചിരുന്നു. അമ്മ വിജയയും വോളി താരമായിരുന്നതിനാല്‍ രക്തത്തില്‍ സ്പോര്‍ട്സ് അലിഞ്ഞു ചേര്‍ന്നിരുന്നു. 2001ലെ ഓള്‍ ഇംഗ്ളണ്ട് ഓപണ്‍ ജേതാവ് ഗോപീചന്ദിന്‍െറ മികവിനാല്‍ ഹൈദരാബാദില്‍ ബാഡ്മിന്‍റണിന് ഏറെ പ്രീതിയുള്ള കാലമായിരുന്നു അത്.


സെക്കന്തരാബാദിലെ ഇന്ത്യന്‍ റെയില്‍വേയുടെ കോര്‍ട്ടില്‍ മെഹബൂബ് അലിയായിരുന്നു ആദ്യ പരിശീലകന്‍. പിന്നീട് ഗോപീചന്ദ് അക്കാദമിയില്‍ ചേര്‍ന്നതോടെയാണ് സിന്ധുവിനെ ലോകമറിഞ്ഞത്. 2009ലെ സബ് ജൂനിയര്‍ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം സ്വന്തമാക്കിയതോടെയാണ് സിന്ധു ശ്രദ്ധേയയാകുന്നത്. പിന്നീട് പല സൂപ്പര്‍ സീരീസുകളിലും ജേത്രിയായി സിന്ധുവിന്‍െറ മുന്നേറ്റം റിയോയിലത്തെി നില്‍ക്കുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.