ഒരു ഇന്ത്യന്‍ പ്രണോയ് കഥ

ന്യൂഡല്‍ഹി: സ്വിസ് ഓപണ്‍ ഗ്രാന്‍ഡ്പ്രീ ഗോള്‍ഡില്‍ കിരീടവുമായി ആഹ്ളാദത്തിന്‍െറ കൊടുമുടിയിലാണ് മലയാളനാടിന്‍െറ യുവ ബാഡ്മിന്‍റണ്‍ താരകം എച്ച്.എസ്. പ്രണോയ്. ബേസലില്‍ 1,20,000 ഡോളര്‍ സമ്മാനത്തുകയുള്ള ടൂര്‍ണമെന്‍റില്‍ പുരുഷ വിഭാഗം ജേതാവായി നില്‍ക്കുമ്പോള്‍ പ്രണോയിയുടെ മനസ്സുനിറയെ റിയോ ഒളിമ്പിക്സിലേക്കുള്ള ടിക്കറ്റ് എന്ന ലക്ഷ്യമാണ്. ‘ഈ കിരീടനേട്ടത്തില്‍ ഞാന്‍ അതീവസന്തുഷ്ടനാണ്. ലോക റാങ്കിങ്ങില്‍ 20ാം സ്ഥാനത്തേക്കുയരാന്‍ ഇതെന്നെ സഹായിക്കും. മേയില്‍ അവസാനിക്കുന്ന സമയപരിധിക്കുള്ളില്‍ നടക്കുന്ന അടുത്ത ടൂര്‍ണമെന്‍റുകളില്‍ നന്നായി കളിച്ച് റിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടുക എന്ന ശ്രമമായിരിക്കും ഇനി’ -പ്രണോയ് പറഞ്ഞു.

റിയോ എന്ന ലക്ഷ്യം അത്രയെളുപ്പത്തില്‍ സാധ്യമാകില്ളെന്ന ബോധവും പ്രണോയിക്കുണ്ട്. ഇക്കാലയളവില്‍ മതിയായ വിശ്രമംപോലും താരത്തിന് അന്യമാകും. ഒരാഴ്ചക്കകം ഇന്ത്യന്‍ ഓപണ്‍ സൂപ്പര്‍ സീരീസിനിറങ്ങുന്ന പ്രണോയ് തുടര്‍ന്ന് മലേഷ്യ സൂപ്പര്‍ സീരീസിലും കളത്തിലിറങ്ങും. സീനിയര്‍ നാഷനല്‍സ് ഒഴിവാക്കിയാണ് മലേഷ്യയിലേക്ക് താരം പറക്കുക. റിയോ യോഗ്യതക്ക് കൂടുതല്‍ സാധ്യതയൊരുക്കുക എന്ന ഉദ്ദേശ്യത്തിലാണ് നാഷനല്‍സ് ഒഴിവാക്കി മലേഷ്യന്‍ ടൂര്‍ണമെന്‍റ് തെരഞ്ഞെടുത്തതെന്ന് പ്രണോയ് പറഞ്ഞു. ‘ശാരീരികമായി കഠിനമായിരിക്കും ഈ ടൂര്‍ണമെന്‍റുകള്‍. എന്നാല്‍, സ്വിസ് ഓപണ്‍ ജയം എന്‍െറ ആത്മവിശ്വാസമേറ്റിയിട്ടുണ്ട്. ടൂര്‍ണമെന്‍റ് എന്നനിലയില്‍ സമീപിക്കാതെ ഒരു സമയം ഒരു മത്സരം എന്നനിലയില്‍ ശ്രദ്ധകേന്ദ്രീകരിക്കുകയാണ് ചെയ്യുക. ദൈവം എന്‍െറ സഹായത്തിനുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു’ -23കാരന്‍ കൂട്ടിച്ചേര്‍ത്തു.

2014ല്‍ ഇന്തോനേഷ്യ മാസ്റ്റേഴ്സ് ഗ്രാന്‍ഡ്പ്രീ ഗോള്‍ഡ് കിരീടം നേടിയ പ്രണോയിക്ക് പക്ഷേ, കഴിഞ്ഞ ഒരു വര്‍ഷമായി മികച്ച നേട്ടങ്ങള്‍ കൈവരിക്കാനായിരുന്നില്ല. ലോക 12ാം നമ്പര്‍ വരെ ഉയര്‍ന്ന താരം ഈ ആഴ്ച 27ാം റാങ്കിലേക്ക് കൂപ്പുകുത്തിയിരുന്നു. എന്നിരുന്നാലും ഇന്ത്യന്‍ ഓപണിലും സിംഗപ്പൂര്‍ ഓപണിലും ഡെന്മാര്‍ക്കിന്‍െറ ലോക ആറാം റാങ്കുകാരന്‍ ജാന്‍ ഒ ജോര്‍ജെന്‍സെനിനെ തോല്‍പിച്ച് ഈ തിരുവനന്തപുരംകാരന്‍ ശ്രദ്ധേയനായിരുന്നു. കാലിനേറ്റ പരിക്ക് കോര്‍ട്ടില്‍നിന്ന് പ്രണോയിയെ കഴിഞ്ഞ ആഗസ്റ്റ് വരെ അകറ്റിനിര്‍ത്തി. തിരിച്ചുവരവിലും മികവിലേക്കുയരാനായില്ല. ഇക്കാലയളവില്‍ ലിന്‍ ഡാനിനെ പോലുള്ള താരത്തെ തോല്‍പിക്കാന്‍ കഴിഞ്ഞെങ്കിലും മൊത്തത്തിലുള്ള തന്‍െറ പ്രകടനത്തില്‍ തീര്‍ത്തും നിരാശനായിരുന്നു പ്രണോയ്. ആഴ്ചകള്‍ക്കുമുമ്പ് ഓള്‍ ഇംഗ്ളണ്ട് ടൂര്‍ണമെന്‍റില്‍ ആദ്യ റൗണ്ടില്‍ പുറത്തായതുകൂടി ചേര്‍ന്നതോടെ നിരാശയേറി.

ഓള്‍ ഇംഗ്ളണ്ടിലെ വീഴ്ച ഇവിടെ ആദ്യ രണ്ടു റൗണ്ടുകളെ കൂടുതല്‍ കഠിനമാക്കിയെന്ന് പ്രണോയ് പറഞ്ഞു. എന്നാല്‍, ഒരു വിധം കടന്നുകൂടിയ ആ റൗണ്ടുകള്‍ക്കുശേഷം രാജീവ് ഒൗസേഫിനെതിരെ നേടിയ ജയത്തോടെ താളം കണ്ടത്തെുകയായിരുന്നു. മാര്‍ക് സീബ്ളറിനെതിരായ ഫൈനല്‍ മത്സരം സ്കോര്‍ലൈന്‍ സൂചിപ്പിക്കുന്നതിനപ്പുറം കടുപ്പമേറിയതായിരുന്നെന്ന് പ്രണോയ് കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് സ്വിസ് ഓപണ്‍ കിരീടം ഇന്ത്യന്‍ മണ്ണിലേക്കത്തെുന്നത്. കഴിഞ്ഞ വര്‍ഷം കിരീടം ചൂടിയ കെ. ശ്രീകാന്ത് ഇത്തവണ പിന്മാറിയതോടെ കിരീടപ്രതീക്ഷ മങ്ങിയിരുന്ന ഇന്ത്യക്ക് അപ്രതീക്ഷിത മധുരം സമ്മാനിച്ചാണ് പ്രണോയ് ചാമ്പ്യനായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.