ലണ്ടൻ: വയസ്സ് 57 ആയെങ്കിലും ഇവാൻഡർ ഹോളിഫീൽഡിെൻറ അകത്തെ കനൽ അടങ്ങുന്നില്ല. റിങ്ങിലെ ഇടി നിർത്തിയിട്ട് ഒമ്പതു വർഷം കഴിഞ്ഞിട്ടും തെൻറ ചെവികടിച്ചു മുറിച്ച മൈക് ടൈസെൻറ പേര് കേട്ടപ്പോൾ ഹോളിഫീൽഡ് വീണ്ടുമൊരു പോരാട്ടത്തിന് വെല്ലുവിളിക്കുന്നു. കഴിഞ്ഞ ദിവസം ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലാണ് മുൻ ഹെവിവെയ്റ്റ് ചാമ്പ്യനായ ഹോളിഫീൽഡിെൻറ വെല്ലുവിളി. അടുത്തിടെ പുറത്തുവന്ന മൈക് ടൈസെൻറ പരിശീലന വിഡിയോകൾ ശ്രദ്ധയിൽ പെടുത്തിയപ്പോൾ വീണ്ടുമൊരു പോരാട്ടത്തിന് സജ്ജമാണെന്ന് ഹോളിഫീൽഡ് വ്യക്തമാക്കി.
ചാരിറ്റി എന്ന നിലയിൽ ടൈസനുമായി ഒരു പ്രദർശന മത്സരത്തിന് താൻ തയാറാണെന്നായിരുന്നു ഹോളിഫീൽഡിെൻറ വെളിപ്പെടുത്തൽ. ‘‘രണ്ടു തവണ തോൽപിച്ച ആളോട് ഞാൻ ചോദിച്ചാൽ അതൊരു വീമ്പുപറച്ചിലോ ഭീഷണിയോ ആവും. അദ്ദേഹംകൂടി തയാറാണെങ്കിൽ ഒരു പോരാട്ടമാവാം.’’ 57കാരനായ ഹോളിഫീൽഡിെൻറ റിങ്ങിലെ അവസാന പോരാട്ടം 2011ലായിരുന്നു. ഡെന്മാർക്കിെൻറ ബ്രയാൻ നീൽസനെതിരെ നോക്കൗട്ടിലൂടെ ജയിച്ച് കരിയറിലെ 44ാം ജയം പൂർത്തിയാക്കിയാണ് അമേരിക്കയുടെ ഇടിവീരൻ കളം വിട്ടത്.
20ാം വയസ്സിൽ ലോക ഹെവിവെയ്റ്റ് കിരീടം ചൂടി ഏറ്റവും പ്രായംകുറഞ്ഞ ചാമ്പ്യനായി മാറിയ മൈക് ടൈസൻ ഹോളിഫീൽഡിനെക്കാൾ മുേമ്പ റിങ്ങിനോട് വിടപറഞ്ഞിരുന്നു. 2005ൽ കരിയറിലെ 58ാം പോരാട്ടത്തിൽ തോൽവി വഴങ്ങിയതിനു പിന്നാലെയാണ് വിവാദങ്ങളുടെ നായകനായ ടൈസൻ റിങ്ങിനോട് വിടപറയുന്നത്. അടുത്തിടെ പരിശീലനം സജീവമാക്കിയ 53കാരനായ ടൈസൻ തിരിച്ചുവരുമെന്ന ഊഹാപോഹങ്ങളും സജീവമാണ്.
ഹോളിഫീൽഡിെൻറ വെല്ലുവിളിയോട് ടൈസൻ അനുകൂലമായി പ്രതികരിച്ചാൽ 23 വർഷത്തിനുശേഷമുള്ള ‘റൈവൽറി’യുടെ ആവർത്തനത്തിനാവും റിങ് സാക്ഷിയാവുക.
1997ലെ കുപ്രസിദ്ധമായ മത്സരത്തിെൻറ ഓർമകളും ഹോളിഫീൽഡ് പങ്കുവെച്ചു. ‘‘മൂന്നാം റൗണ്ടിൽ ടൈസൻ ചെവികടിച്ചുമുറിച്ചപ്പോൾ പകരംവീട്ടാനുള്ള തീരുമാനത്തിലായിരുന്നു ഞാൻ. അദ്ദേഹത്തിെൻറ ഭ്രാന്തൻ പെരുമാറ്റം എന്നെ ഞെട്ടിച്ചു. പകരമായി കവിൾ കടിച്ചുമുറിക്കാനായിരുന്നു എെൻറ തീരുമാനം. പക്ഷേ, ഒപ്പമുണ്ടായിരുന്നവർ പിന്തിരിപ്പിച്ചു. അവർ പിടിച്ചുനിർത്തിയത് കൊണ്ട് ഞാൻ ക്ഷമിച്ചു. അതുകൊണ്ട് ബോക്സിങ്ങും രക്ഷപ്പെട്ടു എന്ന് പറയാം’’ - ഹോളിഫീൽഡ് പറഞ്ഞു.
ടൈസെൻറ കുപ്രസിദ്ധമായ ‘കടി’
1997 ജൂൺ 28ന് അമേരിക്കയിലെ നവാഡയിലായിരുന്നു ടൈസൺ -ഹോളിഫീൽഡ് ചരിത്ര പോരാട്ടം. അതിനും ഒരുവർഷം മുമ്പ് ഇതേ വേദിയിൽ ഹെവിവെയ്റ്റ് കിരീടം നിലനിർത്താനെത്തിയ ടൈസനെ ഹോളിഫീൽഡ് തോൽപിച്ചതിെൻറ എല്ലാം വീറും വാശിയും രണ്ടാം പോരാട്ടത്തിനുണ്ടായിരുന്നു. മത്സരത്തിെൻറ മൂന്നാം റൗണ്ടിൽ ഹോളിഫീൽഡിെൻറ ഇടിയിൽ കുരുങ്ങിയ ടൈസൻ ആ ക്രൂര കൃത്യം ചെയ്തു. ഒഴിഞ്ഞുമാറാനുള്ള ശ്രമത്തിനിടെ ഹോളിഫീൽഡിെൻറ വലതു ചെവി കടിച്ചെടുത്ത് ടൈസൻ ലോകബോക്സിങ്ങിനെ ഞെട്ടിച്ചു. ചോരയൊലിച്ച് നിൽക്കുന്ന ഹോളിഫീൽഡിെൻറ ചിത്രം ടൈസൻ എന്ന ബോക്സറുടെ കരിയറും ജീവിതവും കുപ്രസിദ്ധിയിലേക്ക് വീണതിെൻറ സാക്ഷ്യമായി. ടൈസനെ അയോഗ്യനാക്കി ഹോളിഫീൽഡിനെ വിജയിയായി പ്രഖ്യാപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.