ടോക്യോ: ശതകോടികൾ ചെലവിട്ട് ഒരുക്കം പൂർത്തിയാക്കിയ ഒളിമ്പിക്സ് ഒടുവിൽ നീട്ട ിവെക്കുന്നു. കോവിഡ് ഭീതിയിൽ താരങ്ങളെ പങ്കെടുപ്പിക്കാനാവില്ലെന്ന് കാനഡ വ്യക്തമാക്കിയതിനു പിന്നാലെയാണ് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ മറ്റു വഴികൾ അടയുകയാണെന്നും ഒളിമ്പിക്സ് നീട്ടിവെക്കേണ്ടിവരുമെന്നും സമ്മതിച്ചത്. ലോക രാജ്യങ്ങളും അത്ലറ്റുകളുമുൾപ്പെടെ ശക്തമായി രംഗത്തുവന്നിട്ടും, നാലുമാസം ബാക്കിയുള്ളതിനാൽ ഇപ്പോഴേ തീരുമാനമെടുക്കേണ്ടതില്ലെന്നായിരുന്നു നേരത്തേ ജപ്പാെൻറ നിലപാട്. എന്നാൽ, എല്ലാ സാധ്യതകളും പരിശോധിച്ചുവരുകയാണെന്നും അന്തിമ തീരുമാനം നാലാഴ്ചക്കുള്ളിൽ ഉണ്ടാകുമെന്നും രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അറിയിച്ചു.
താരങ്ങളെ അയക്കില്ലെന്ന് കാനഡ
ഒളിമ്പിക്സിൽ താരങ്ങളെ പങ്കെടുപ്പിക്കാനാവില്ലെന്ന് കാനഡ ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റികളാണ് തീരുമാനമെടുത്തത്. സർക്കാർ, താരങ്ങൾ, കായിക സംഘടനകൾ എന്നിവയുമായി ചർച്ചക്കുശേഷമായിരുന്നു തീരുമാനം. ഒളിമ്പിക്സ് ഒരു വർഷത്തേക്ക് നീട്ടിവെക്കണമെന്നും കാനഡ ആവശ്യപ്പെട്ടിട്ടുണ്ട്. നീട്ടിവെക്കുന്നതു മൂലമുള്ള നഷ്ടം കനത്തതാണെന്ന് അറിയാമെന്നും പക്ഷേ, താരങ്ങളുടെ ആരോഗ്യം അതിലേറെ വലുതാണെന്നും വാർത്തക്കുറിപ്പ് പറയുന്നു. ‘ഇന്ന് നീട്ടിവെക്കാം. നാളെയെ ജയിക്കാം’- കാനഡക്കാർ കൂട്ടമായി ട്വീറ്റ് ചെയ്തു.
2021ലെ ഒളിമ്പിക്സിന് ഒരുങ്ങുക- ആസ്ട്രേലിയ
നീട്ടിവെക്കൽ ഔദ്യോഗികമായി തീരുമാനമായിട്ടില്ലെങ്കിലും ആസ്ട്രേലിയ സ്വന്തം താരങ്ങൾക്ക് അടുത്ത വർഷത്തെ ഒളിമ്പിക്സിന് തയാറാകാൻ പുതിയ നിർദേശം നൽകികഴിഞ്ഞു. അത്ലറ്റുകൾക്ക് ഒളിമ്പിക്സ് പൂർത്തിയാക്കി പിന്നെയും കുടുംബങ്ങളിലേക്ക് മടങ്ങാനുള്ളതിനാൽ ആരോഗ്യത്തിന് മുൻഗണന നൽകുകയാണ്. ‘കോവിഡ് ഭീതിയിൽ ഒറ്റപ്പെട്ടുപോയവർക്ക് ഒരു ടീമായി വീണ്ടും മത്സരത്തിനിറങ്ങൽ എളുപ്പമാകില്ല. വിദേശത്തുള്ള പരിശീലനം, നിരവധി പേർ ഒന്നിച്ച് പരിശീലിക്കൽ തുടങ്ങിയവ നിലച്ചിട്ടുണ്ട്- ഇതു പരിഗണിക്കണം- ആസ്ട്രേലിയൻ ഒളിമ്പിക് കമ്മിറ്റി വ്യക്തമാക്കി.
‘നീട്ടൽതന്നെ വഴി’- ആബെ
ലോകം മുഴുെക്ക സമ്മർദവുമായി എത്തിയതോടെ നീട്ടാതെ തരമില്ലെന്ന് ആദ്യമായി ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ. സമ്പൂർണ ഗെയിംസ് ആണ് ലക്ഷ്യമെന്നും നിർബന്ധിത സാഹചര്യം വന്നാൽ നീട്ടിവെക്കുമെന്നും ജപ്പാൻ പാർലമെൻറിലായിരുന്നു ആബെയുടെ പ്രഖ്യാപനം. വൈറസ് വ്യാപനത്തിെൻറ പശ്ചാത്തലത്തിൽ ജൂലൈ 24ന് ആരംഭിക്കാൻ താരങ്ങൾക്ക് സാധ്യമാകില്ലെന്നും എല്ലാ രാജ്യങ്ങൾക്കും പൂർണാർഥത്തിൽ പങ്കെടുക്കാൻ സാധ്യമാകണമെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാനിൽ ആയിരത്തിലേറെ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 41 പേർ ഇതിനകം മരണത്തിന് കീഴടങ്ങി.
തീരുമാനം നാലാഴ്ചക്കകം: ഐ.ഒ.സി
നിരവധി കളികൾ, അത്ലറ്റുകൾ, ലോകം മുഴുക്കെയുള്ള മാധ്യമങ്ങൾ, സ്പോൺസർമാർ, പിന്നെ പലതും പങ്കാളികളായ ഒളിമ്പിക്സ് ഉപേക്ഷിക്കൽ അത്ര എളുപ്പമല്ല. നീട്ടിവെക്കാവുന്നതേയുള്ളൂ. ഒരു മാസത്തിനകം വിഷയത്തിൽ തീരുമാനമുണ്ടാകും- രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി ചീഫ് എക്സിക്യുട്ടിവ് മാറ്റ് കരോൾ പറഞ്ഞു.
നീട്ടണം- ലോക അത്ലറ്റിക്സ് മേധാവി കോ
ലണ്ടൻ: ജൂലൈയിൽ ഒളിമ്പിക്സ് നടത്തുന്നത് നിലവിലെ സാഹചര്യത്തിൽ സാധ്യമല്ലെന്നും അനുയോജ്യമല്ലെന്നും ലോക അത്ലറ്റിക്സ് മേധാവി സെബാസ്റ്റ്യൻ കോ. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറ് തോമസ് ബാഹിന് അയച്ച കത്തിലാണ് നിർദേശം.
നീട്ടിവെക്കുന്നത് ആർക്കും ഇഷ്ടമായ വിഷയമല്ലെങ്കിലും മൂന്നു കാര്യങ്ങൾ പരിഗണിക്കണമെന്ന് കത്തിൽ വിശദീകരിക്കുന്നു.
പരിശീലനം പാതിവഴിയിൽ മുടങ്ങിയ സാഹചര്യത്തിൽ മികച്ച പ്രകടനം പുറത്തെടുക്കാനാവില്ല. അവർ നിലവാരം സൂക്ഷിക്കാൻ തന്നാലാവുന്നതിലും കൂടുതൽ കഠിനാധ്വാനം ചെയ്യുന്നത് പരിക്കിന് കാരണമാകും. താരങ്ങളിലുണ്ടാക്കുന്ന മാനസിക പ്രയാസങ്ങൾ നാം തിരിച്ചറിയണം- ഈ മൂന്നു വിഷയങ്ങൾ പരിഗണിച്ച് നീട്ടിവെക്കണം- കത്തിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.