ന്യൂഡല്‍ഹി: ഈ സീസണിലെ രഞ്ജി ട്രോഫിക്ക് പുതിയ ചാമ്പ്യന്മാരാകും കിരീടമുയര്‍ത്തുക. ഹാട്രിക് കിരീടമെന്ന ലക്ഷ്യവുമായി കുതിക്കുകയായിരുന്ന നിലവിലെ ചാമ്പ്യന്‍ ടീം കര്‍ണാടക ഞെട്ടിപ്പിക്കുന്ന അട്ടിമറിയില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്തായി. പുണെയില്‍ നടന്ന ഗ്രൂപ് എ മത്സരത്തില്‍ ആതിഥേയരായ മഹാരാഷ്ട്ര 53 റണ്‍സിനാണ് കര്‍ണാടകക്ക് അപ്രതീക്ഷിത അടി സമ്മാനിച്ചത്. 2012 നവംബര്‍ മുതല്‍ തുടങ്ങിയ, 37 ഫസ്റ്റ്ക്ളാസ് മത്സരങ്ങള്‍ നീണ്ട കര്‍ണാടകയുടെ അപരാജിതക്കുതിപ്പിനാണ് മഹാരാഷ്ട്ര അവസാനമിട്ടത്.
അവസാന ദിനമായിരുന്ന വെള്ളിയാഴ്ച 293 റണ്‍സ് ലക്ഷ്യം നേടേണ്ടിയിരുന്ന ചാമ്പ്യന്‍ ടീം 239ല്‍ വീണു. രണ്ടാം ഇന്നിങ്സില്‍ അഞ്ചും ഇരു ഇന്നിങ്സുകളിലുമായി എട്ടും വിക്കറ്റുകള്‍ വീഴ്ത്തി കര്‍ണാടകയുടെ വഴിമുടക്കിയ മീഡിയം പേസര്‍ നികിത് ധുമല്‍ ആണ് കളിയിലെ താരമായത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മഹാരാഷ്ട്ര ഒന്നാമിന്നിങ്സില്‍ 212 റണ്‍സെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ കര്‍ണാടക 180ന് പുറത്തായി 32 റണ്‍സ് ഒന്നാമിന്നിങ്സ് ലീഡ് വഴങ്ങി. തുടര്‍ന്ന് ആതിഥേയരുടെ രണ്ടാം ഇന്നിങ്സില്‍ 260 റണ്‍സ് പിറന്നു. ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ ജയം അനിവാര്യമായിരുന്ന കര്‍ണാടകയുടെ രണ്ടാം ഇന്നിങ്സ് തുടക്കം മുതല്‍ പാളി. റോബിന്‍ ഉത്തപ്പ അര്‍ധശതകവുമായി പിടിച്ചുനിന്നെങ്കിലും ആവശ്യമായ കൂട്ടുകെട്ടുയര്‍ത്താന്‍ പങ്കാളികളെ ലഭിച്ചില്ല.
സ്കോര്‍ 146 ല്‍ നില്‍ക്കെ ആറാമനായി ഉത്തപ്പ(61) പുറത്തായപ്പോള്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്സ്മാന്‍ ചിദംബരം ഗൗതം പ്രതീക്ഷ നല്‍കി ബാറ്റുവീശി.
എന്നാല്‍, മറുവശത്ത് നിശ്ചിത ഇടവേളകളില്‍ വിക്കറ്റുകള്‍ കൊഴിഞ്ഞതോടെ 65 റണ്‍സുമായി കീഴടങ്ങാതെ നിന്ന് തന്‍െറ ടീമിന്‍െറ തോല്‍വിക്ക് സാക്ഷ്യംവഹിക്കുകയായി ഗൗതമിന്‍െറ വിധി. 65 റണ്‍സാണ് ഗൗതം നേടിയത്. മഹാരാഷ്ട്രക്കായി അനുപം സംങ്ക്ലേച നാലു വിക്കറ്റെടുത്തു. താരം ആദ്യ ഇന്നിങ്സിലും നാലു പേരെ പുറത്താക്കിയിരുന്നു. ഇതേ ഗ്രൂപ്പില്‍ ബംഗാളിനെ സമനിലയില്‍ പിടിച്ച അസം ഡല്‍ഹിയെ പിന്തള്ളി ക്വാര്‍ട്ടറില്‍ ഇടം നേടി.
ഗ്രൂപ് എയില്‍ എ മത്സരങ്ങളില്‍നിന്ന് രണ്ട് ജയം മാത്രമാണ് കര്‍ണാടകക്ക് നേടാനായത്. അഞ്ചു മത്സരങ്ങള്‍ സമനിലയിലായിരുന്നു.
ക്വാര്‍ട്ടറില്‍ കടന്ന ടീമുകള്‍
ഗ്രൂപ് എ: വിദര്‍ഭ, ബംഗാള്‍, അസം
ഗ്രൂപ് ബി: മുംബൈ, പഞ്ചാബ്,
മധ്യപ്രദേശ്
ഗ്രൂപ് സി: സൗരാഷ്ട്ര, ഝാര്‍ഖണ്ഡ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.