മക്കല്ലം പടിയിറങ്ങുന്നു

വെലിങ്ടണ്‍: ആദം ഗില്‍ക്രിസ്റ്റിനുശേഷം ലോകം കണ്ട മികച്ച വിക്കറ്റ് കീപ്പര്‍-ബാറ്റ്സ്മാന്മാരില്‍ പ്രധാനിയായ ന്യൂസിലന്‍ഡുകാരന്‍ ബ്രണ്ടന്‍ മക്കല്ലം പാഡഴിക്കുന്നു. അടുത്ത വര്‍ഷം ഫെബ്രുവരി 20ന് ആസ്ട്രേലിയക്കെതിരെയുള്ള രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് തന്‍െറ അവസാന അന്താരാഷ്ട്ര മത്സരമായിരിക്കുമെന്ന് 34കാരനായ മക്കല്ലം അറിയിച്ചു. ഇതോടെ അതിവേഗ സ്കോറിങ്ങിന്‍െറ മറ്റൊരു പര്യായവും ക്രിക്കറ്റ് പിച്ചില്‍നിന്ന് ഇല്ലാതാവുകയാണ്. കിവി ടീമില്‍ കളിക്കാന്‍ സാധിച്ചതും ക്യാപ്റ്റനായതും താന്‍ ഇഷ്ടപ്പെടുന്ന നിമിഷങ്ങളായിരുന്നു. പക്ഷേ, ഇപ്പോള്‍ അവസാനിപ്പിക്കാന്‍ സമയമായിരിക്കുന്നു -വിരമിക്കല്‍ പ്രഖ്യാപനത്തില്‍ മക്കല്ലം പറഞ്ഞു. ന്യൂസിലന്‍ഡിന്‍െറ ടെസ്റ്റ് റണ്‍വേട്ടക്കാരില്‍ രണ്ടാമനാണ് മക്കല്ലം. 99 മത്സരങ്ങളില്‍നിന്നായി 11 സെഞ്ച്വറിയോടെ 38.42 ശരാശരിയില്‍ 6273 റണ്‍സാണ് നിലവിലെ സമ്പാദ്യം. 254 ഏകദിന മത്സരങ്ങളില്‍നിന്നായി അഞ്ച് സെഞ്ച്വറിയുള്‍പ്പെടെ 30.03 ശരാശരിയില്‍ 5909 റണ്‍സ് അടിച്ചുകൂട്ടി. 71 ട്വന്‍റി20 മത്സരങ്ങളില്‍ രണ്ട് സെഞ്ച്വറിയടക്കം 2140 റണ്‍സ് നേടി. ടെസ്റ്റില്‍ 194 ക്യാച്ചെടുത്തും 11 പേരെ സ്റ്റംപ് ചെയ്തും പുറത്താക്കിയപ്പോള്‍ ഏകദിനത്തില്‍ 258 ഇരകള്‍ ഗ്ളൗസിലൊതുങ്ങി. 15 പേരെ സ്റ്റംപ് ചെയ്തും പുറത്താക്കി.

2002ല്‍ ആസ്ട്രേലിക്കെതിരെയുള്ള ഏകദിനത്തിലാണ് അരങ്ങേറ്റം. പിന്നീട് ന്യൂസിലന്‍ഡ് ക്രിക്കറ്റിനെ നിയന്ത്രിക്കുന്നതില്‍ പ്രധാനിയായി.  രണ്ടു വര്‍ഷത്തിനുശേഷം 2004ല്‍ ദക്ഷിണാഫ്രിക്കക്കെതിരെയാണ് മക്കല്ലത്തിന്‍െറ ടെസ്റ്റ് അരങ്ങേറ്റം. 2013ലാണ് ടീമിന്‍െറ ക്യാപ്റ്റന്‍ സ്ഥാനം ലഭിക്കുന്നത്. ഐ.പി.എല്‍ ആദ്യ സീസണിന്‍െറ ഉദ്ഘാടന മത്സരത്തില്‍ ട്വന്‍റി20 ക്രിക്കറ്റിന്‍െറ സ്ഫോടനാത്മകത കാണിച്ചുകൊടുത്തത് മക്കല്ലമായിരുന്നു. കൊല്‍ക്കത്ത നൈറ്റ്റൈഡേഴ്സിനുവേണ്ടി ഓപണറായ മക്കല്ലം നേടിയ 158 റണ്‍സ് പിന്നീട് പലരും മാതൃകയാക്കി.

ആസ്ട്രേലിയക്കെതിരെ ആദ്യ ടെസ്റ്റ് കളിക്കുന്നതോടെ 100 ടെസ്റ്റ് മത്സരങ്ങള്‍ പൂര്‍ത്തിയാക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ ട്രിപ്ള്‍ സെഞ്ച്വറി നേടിയ ഏക ബാറ്റ്സ്മാനും മക്കല്ലം തന്നെ. ഏകദിന ലോകകപ്പില്‍ ന്യൂസിലന്‍ഡ് ആദ്യമായി ഫൈനലില്‍ പ്രവേശിച്ചതും മക്കല്ലത്തിന്‍െറ കീഴിലാണ്. മക്കല്ലത്തിന്‍െറ ക്യാപ്റ്റന്‍സിയില്‍ കളിച്ച 29 മത്സരങ്ങളില്‍ 11ലും വിജയം കണ്ടു. വിജയ ശരാശരിയില്‍ മക്കല്ലമാണ് മുന്നില്‍.
മക്കല്ലം വിരമിച്ചതോടെ മാര്‍ച്ചില്‍ നടക്കുന്ന ട്വന്‍റി20 ക്രിക്കറ്റ് ലോകകപ്പില്‍ ലോക ഒന്നാംനമ്പര്‍ ബാറ്റ്സ്മാനായ കെയ്ന്‍ വില്യംസണ്‍ ടീമിനെ നയിച്ചേക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.