യൂനുസ് ഖാന്‍ ഏകദിനത്തില്‍ നിന്നും വിരമിച്ചു

അബൂദബി: പാകിസ്താന്‍ വെറ്ററന്‍ ബാറ്റ്സ്മാന്‍ യൂനിസ് ഖാന്‍ ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിച്ചു. അബൂദബി ശൈഖ് സെയ്ദ് സ്റ്റേഡിയത്തില്‍ ഇംഗ്ളണ്ടിനെതിരെ നടന്ന ആദ്യ മത്സരത്തോടെയാണ് 37കാരനായ യൂനിസ് 50 ഓവര്‍ ഫോര്‍മാറ്റിനോട് വിടപറഞ്ഞത്. അവസാന ഇന്നിങ്സില്‍ ഒമ്പത് റണ്‍സെടുത്താണ് മടക്കം.

ഈവര്‍ഷം ആദ്യം നടന്ന ലോകകപ്പിനുശേഷം ടീമിലിടം കിട്ടാതിരുന്ന താരത്തിന് ഈ പരമ്പരക്കായി ടീമിലെടുത്ത് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് വിരമിക്കാനുള്ള അവസരമൊരുക്കുകയായിരുന്നു.

15 വര്‍ഷം നീണ്ട ഏകദിന കരിയറില്‍ 264 മത്സരങ്ങള്‍ താരം കളിച്ചിട്ടുണ്ട്. 7240 റണ്‍സുമായി പാക് റണ്‍ വേട്ടക്കാരില്‍ ആറാമന്‍. പാകിസ്താന്‍െറ ടെസ്റ്റ് റണ്‍ സ്കോറര്‍മാരില്‍ ഒന്നാം നമ്പര്‍ പട്ടം ഈ മാസമാദ്യമാണ് യൂനിസ് സ്വന്തമാക്കിയത്. ഏഴ് സെഞ്ച്വറിയും 48 അര്‍ധസെഞ്ച്വറിയുമാണ് ഏകദിനത്തില്‍ നേടിയത്. ഏതാനും വര്‍ഷങ്ങളായി ഈ ഏകദിനത്തില്‍ മികച്ച ഫോമിലായിരുന്നില്ല. 2008നുശേഷം ഒരേ ഒരു സെഞ്ച്വറി മാത്രമാണ് നേടിയത്. കഴിഞ്ഞ ഡിസംബറില്‍ ന്യൂസിലന്‍ഡിനെതിരെ. മുന്‍ ക്യാപ്റ്റന്‍ കൂടിയായ യൂനിസ് 2009 ലോകകപ്പില്‍ ടീമിന് കിരീടം സമ്മാനിച്ച് ട്വന്‍റി20യില്‍ നിന്ന് വിരമിച്ചിരുന്നു. ടെസ്റ്റില്‍ മികച്ച ഫോമിലാണ് താരം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.