നാഗ്പൂർ: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൻെറ ആദ്യ ഇന്നിങ്സിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഒന്നാം ദിനം ഇന്ത്യ 215 റൺസെടുത്ത് പുറത്തായി. സിമോൺ ഹാർമറും മോണി മോർക്കലുമാണ് ഇന്ത്യൻ ബാറ്റിങ്ങിനെ തകർത്തത്. ഹാർമർ നാലും മോർക്കൽ മൂന്നും വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെയും സ്ഥിതി അത്ര മെച്ചമല്ല. 11 റൺസെടുക്കുന്നതിനിടെ രണ്ട് വിക്കറ്റ് അവർക്ക് നഷ്ടമായി. സ്കോർ ഇന്ത്യ 215, ദക്ഷിണാഫ്രിക്ക 11/2.
40 റൺസെടുത്ത ഓപണർ മുരളി വിജയ് ആണ് ഇന്ത്യയുടെ ടോപ്സ്കോറർ. 84 പന്ത് നേരിട്ട മുരളിയെ മോണി മോർക്കലാണ് പുറത്താക്കിയത്. സഹഓപണർ ശിഖർ ധവാന് തിളങ്ങാനായില്ല. 12 റൺസെടുതത് ധവാൻ പുറത്തായി. ആറാമനായി ഇറങ്ങിയ രോഹിത് ശർമ രണ്ട് റൺസെടുത്ത് മടങ്ങി. ചേതേശ്വർ പൂജാര (21), ക്യാപ്റ്റൻ വിരാട് കോഹ് ലി (22), അജിൻക്യ രഹാനെ (13), വൃദ്ധിമാൻ സാഹ (32), രവീന്ദ്ര ജദേജ (34), ആർ അശ്വിൻ (15), അമിത് മിശ്ര (മൂന്ന്) എന്നിവരാണ് ഇന്ത്യയുടെ മറ്റ് സ്കോറർമാർ. ഹാമറിനെയും മോർക്കലിനെയും കൂടാതെ റബാഡ, എൽഗർ, ഇമ്രാൻ താഹിർ എന്നിവർ ദക്ഷിണാഫ്രിക്കക്കായി ഓരോ വിക്കറ്റ് നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കക്ക് ഓപണർ വാൻ സിൽ, നൈറ്റ് വാച്ച്മാൻ ഇമ്രാൻ താഹിർ എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. വാൻ സിൽ പൂജ്യത്തിനാണ് പുറത്തായത്. ഹാഷിം ആംലയും ഡീൻ എൽഗറുമാണ് ആദ്യ ദിവസത്തെ കളി അവസാനിക്കുമ്പോൾ ക്രീസിൽ.
നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യ 1-0ന് മുന്നിലാണ്. മൊഹാലിയിൽ നടന്ന ആദ്യ ടെസ്റ്റിലാണ് ഇന്ത്യ ജയിച്ചത്. ബംഗളൂരുവിൽ നടന്ന രണ്ടാം ടെസ്റ്റ് മഴകാരണം ഉപേക്ഷിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.