കോഹ്ലിക്കും ഡിവില്ലിയേഴ്സിനും അര്‍ധ സെഞ്ച്വറി; പുണെക്ക് ജയിക്കാന്‍ 186 

പുണെ: കടുത്ത വരള്‍ച്ചയില്‍ എരിപൊരി കൊള്ളുന്ന പുണെയില്‍ റോയല്‍ ചലഞ്ചേഴ്സ് റണ്‍സിന്‍െറ പേമാരി തീര്‍ത്തു. ഇന്ത്യയുടെ രണ്ടു ക്യാപ്റ്റന്മാര്‍ തമ്മിലെ പോരാട്ടത്തില്‍ ധോണിക്കും സംഘത്തിനും മുന്നില്‍ കോഹ്ലിയും കൂട്ടരുമുയര്‍ത്തിയത് 185 റണ്‍സിന്‍െറ മികച്ച ലക്ഷ്യം. ഒരിക്കല്‍ക്കൂടി വിരാട് കോഹ്ലിയും എബി ഡിവില്ലിയേഴ്സും ഇടിത്തീയായപ്പോള്‍ ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്സ് കുതിച്ചുയര്‍ന്നു. കോഹ്ലി 80 റണ്‍സ് നേടിയപ്പോള്‍ ഡിവില്ലിയേഴ്സ് 83 റണ്‍സെടുത്ത് ടോപ് സ്കോററായി. മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ്. 

സ്വന്തം കാണികള്‍ക്കു മുന്നില്‍ ടോസ് നേടിയ പുണെക്കായി ക്യാപ്റ്റന്‍ ധോണി ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നാലാമത്തെ ഓവറില്‍ വെറും ഏഴു റണ്ണെടുത്ത ലോകേഷ് രാഹുലിനെ തിസര പെരേരയുടെ പന്തില്‍ ഇശാന്ത് ശര്‍മ പിടിച്ച് പുറത്താകുമ്പോള്‍ ധോണി പിടിമുറുക്കിത്തുടങ്ങിയെന്ന് കരുതിയതാണ്. പക്ഷേ, ഡിവില്ലിയേഴ്സ് എത്തിയതോടെ കളിയുടെ ഗതിമാറി. പിന്നെ സിക്സറുകളുടെയും ഫോറുകളുടെയും മാലപ്പടക്കമായിരുന്നു. രണ്ടാം വിക്കറ്റില്‍ 155 റണ്‍സ് കൂട്ടിച്ചേര്‍ത്ത കോഹ്ലി-ഡിവില്ലിയേഴ്സ് സഖ്യം തിസര പെരേര എറിഞ്ഞ അവസാന ഓവറിലാണ് പുറത്തായത്.  കോഹ്ലി വീണതിന് തൊട്ടടുത്ത പന്തില്‍ ഡിവില്ലിയേഴ്സും പുറത്ത്. 46 പന്തില്‍ നാലു സിക്സറും ആറു ഫോറുമായാണ് ഡിവില്ലിയേഴ്സ് 83 റണ്‍സെടുത്തത്. കോഹ്ലി അല്‍പം മന്ദഗതിയിലായിരുന്നു. രണ്ടു സിക്സറും ഏഴു ബൗണ്ടറികളുമായി 63 പന്തില്‍ 80 റണ്‍സ്.

അവസാന ഓവറുകളിലെ കത്തിക്കയറലില്‍ സ്കോര്‍ 200 കടക്കുമെന്നു കരുതിയതാണ്. പക്ഷേ, അവസാന ഘട്ടത്തില്‍ വമ്പന്‍ അടികള്‍ക്ക് അവസരം നല്‍കാതെ കാക്കാന്‍ പുണെ ബൗളര്‍മാര്‍ക്കായതാണ് സ്കോര്‍ 185ല്‍ നിന്നത്. വീണ മൂന്നു വിക്കറ്റും ശ്രീലങ്കന്‍ താരം തിസര പെരേര സ്വന്തമാക്കി. നാല് ഓവറില്‍ ഇശാന്ത് ശര്‍മ വഴങ്ങിയത് 47 റണ്‍സ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.