ഐ.പി.എല്‍ വേദിമാറ്റം: ഹൈകോടതി ഉത്തരവിനെതിരെ എം.സി.എ സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: വരള്‍ച്ച രൂക്ഷമായ മഹാരാഷ്ട്രയില്‍ ഏപ്രില്‍ 30നുശേഷം ഐ.പി.എല്‍ മത്സരങ്ങള്‍ നടത്തരുതെന്ന ബോംബെ ഹൈകോടതി ഉത്തരവിനെതിരെ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ (എം.സി.എ) സുപ്രീംകോടതിയെ സമീപിച്ചു. മുന്‍ കേന്ദ്രമന്ത്രിയും മുതിര്‍ന്ന അഭിഭാഷകനുമായ കപില്‍ സിബലാണ് എം.സി.എക്കുവേണ്ടി കോടതിയില്‍ ഹാജരായത്. കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി കേസ് ഈ മാസം 25ലേക്ക് മാറ്റിയിട്ടുണ്ട്. 

ജസ്റ്റിസുമാരായ ദീപക് മിശ്ര, ശിവകീര്‍ത്തി സിങ് എന്നിവരടങ്ങിയ ബെഞ്ചിനു മുമ്പാകെയാണ് കേസ്. മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നിശ്ചയിച്ചിരുന്ന ഫൈനല്‍ അടക്കമുള്ള 13 കളികളാണ് ഏപ്രില്‍ 30നുശേഷം മഹാരാഷ്ട്രയില്‍ നടത്തരുതെന്ന് ഹൈകോടതി ഉത്തരവിട്ടത്. പിച്ചും മൈതാനവും നനക്കാന്‍ ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം വേണ്ടിവരുന്ന ഐ.പി.എല്‍ മത്സരങ്ങള്‍ കടുത്ത വരള്‍ച്ചയുടെ സാഹചര്യത്തില്‍ സംസ്ഥാനത്തിനകത്ത് നടത്താന്‍ അനുവദിക്കരുതെന്നാവശ്യപ്പെട്ട് ‘ലോക്സത്ത’ എന്ന സന്നദ്ധ സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലായിരുന്നു ഹൈകോടതിയുടെ സുപ്രധാന വിധി ഉണ്ടായത്. 

മുംബൈ വാംഖഡെ സ്റ്റേഡിയം, നാഗ്പുരിലെ വിദര്‍ഭ ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയം, പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോ. സ്റ്റേഡിയം എന്നിവിടങ്ങളിലായി നടത്താന്‍ തീരുമാനിച്ചിരുന്ന 13 മത്സരങ്ങളാണ് കോടതി വിലക്കിയത്.ഇതേതുടര്‍ന്ന് റൈസിങ് പുണെ സൂപ്പര്‍ ജയന്‍റ്സിന്‍െറ ഹോം ഗ്രൗണ്ട് വിശാഖപട്ടണത്തേക്കും മുംബൈ ഇന്ത്യന്‍സിന്‍െറ ഹോം ഗ്രൗണ്ട് രാജസ്ഥാനിലേക്കും മാറ്റിയിരുന്നു. എന്നാല്‍, കടുത്ത വരള്‍ച്ചയുടെ സാഹചര്യത്തില്‍ രാജസ്ഥാനില്‍ കളി നടത്തുന്നതിനെതിരെ ചില വിഭാഗങ്ങള്‍ രംഗത്തുവന്നിട്ടുണ്ട്. അതേസമയം, മേയ് ഒന്നിന് മുംബൈ ഇന്ത്യന്‍സും പുണെ സൂപ്പര്‍ ജയന്‍റ്സുമായി പുണെ എം.സി.എ ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ച മത്സരത്തിന് കോടതി ഇളവനുവദിച്ചിരുന്നു. മത്സരങ്ങള്‍ മഹാരാഷ്ട്രക്ക് പുറത്തേക്ക് മാറ്റിയെങ്കിലും ബി.സി.സി.ഐ ഒൗദ്യോഗികമായി പുതുക്കിയ ഷെഡ്യൂള്‍ പുറത്തിറക്കിയിട്ടില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.