ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു വി. സാംസണും ജെ.പി. ഡുമിനിക്കും അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ മുംബൈ ബാറ്റിങ് നിരയില്‍ ആളില്ലാതായപ്പോള്‍ രാഹുല്‍ ദ്രാവിഡ് പരിശീലിപ്പിക്കുന്ന ഡല്‍ഹി ഡെയര്‍ഡെവിള്‍സിന് ഐ.പി.എലില്‍ 10 റണ്‍സിന്‍െറ മിന്നുന്ന ജയം. സ്കോര്‍: ഡല്‍ഹി 20 ഓവറില്‍ നാലു വിക്കറ്റിന് 164. മുംബൈ 20 ഓവറില്‍ ഏഴിന് 154.
ഐ.പി.എല്ലില്‍ ആദ്യം ബാറ്റുചെയ്യുന്നത് അപകടമാണെന്ന തിരിച്ചറിവില്‍ ടോസ് ലഭിച്ച മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഡല്‍ഹിയെ ബാറ്റിങ്ങിനയച്ചു. 48 പന്തില്‍ 60 റണ്‍സെടുത്ത സഞ്ജുവും 31 പന്തില്‍ പുറത്താകാതെ 49 റണ്‍സെടുത്ത ജെ.പി. ഡുമിനിയും ഭേദപ്പെട്ട ടോട്ടലാണ് തലസ്ഥാന നഗരിക്ക് നല്‍കിയത്. എങ്കിലും കൂറ്റനടിക്കാരുടെ നിരയുള്ള മുംബൈ വിജയലക്ഷ്യം എത്തിപ്പിടിക്കുമെന്ന ആരാധകരുടെ പ്രതീക്ഷ അച്ചടക്കമുള്ള ഡല്‍ഹി ബൗളിങ് നിര കാറ്റില്‍പറത്തി. മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (65) പൊരുതിയെങ്കിലും വിജയം കണ്ടില്ല. ആറു മത്സരങ്ങളില്‍നിന്ന് മുബൈയുടെ നാലാം തോല്‍വിയായിരുന്നു ഇത്.
അവസാന രണ്ടോവറില്‍ 32 റണ്‍സായിരുന്നു മുംബൈക്ക് ആവശ്യം.
ക്രീസില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും കീറണ്‍ പൊള്ളാര്‍ഡും. ആരാധകര്‍ പെരുവിരലില്‍ നിന്ന സമയം. 19ാം ഓവര്‍ എറിഞ്ഞ ക്യാപ്റ്റന്‍ സഹീര്‍ ഖാന്‍ 11 റണ്‍സ് വഴങ്ങി പൊള്ളാര്‍ഡിനെ മടക്കിയതോടെ പ്രതീക്ഷ രോഹിതിന്‍െറ ചുമലില്‍. അവസാന ഓവറിലെ രണ്ടാം പന്തില്‍ സിക്സര്‍ പറത്തി രോഹിത് പ്രതീക്ഷ നല്‍കിയെങ്കിലും അടുത്ത പന്തില്‍ റണ്ണൗട്ടായതോടെ മുംബൈയുടെ പ്രതീക്ഷകള്‍ അവസാനിച്ചു. മുംബൈ നിരയില്‍ രോഹിത് ശര്‍മ (48 പന്തില്‍ 65), കൃനാല്‍ പാണ്ഡ്യ (36), അമ്പാട്ടി റായുഡു (25) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്.
തകര്‍ച്ചയോടെയായിരുന്നു ഡല്‍ഹിയുടെ തുടക്കം. സ്കോര്‍ 11ല്‍ നില്‍ക്കെ ക്വിന്‍റണ്‍ ഡി കോക്കിനെ (9) ഹാര്‍ദിക് പാണ്ഡ്യയുടെ കൈകളിലത്തെിച്ച് മിച്ചല്‍ മക്ളെനാഗന്‍ മുംബൈക്ക് മോഹിച്ച തുടക്കം നല്‍കി. ശ്രേയസ് അയ്യരും സഞ്ജുവും ഇന്നിങ്സ് മുന്നോട്ടുകൊണ്ടുപോകുന്നതിനിടെ ഏഴാം ഓവറിലെ അവസാന പന്തില്‍ ശ്രേയസിനെ ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. കരുണ്‍ നായര്‍ (5) വന്നയുടനെ മക്ളെനാഗന്‍ മടക്കി. പിന്നീടായിരുന്നു വഴിത്തിരിവായ കൂട്ടുകെട്ട് പിറന്നത്. 54ല്‍ ഒത്തുചേര്‍ന്ന സഞ്ജുവും ഡുമിനിയും വേര്‍പിരിയുന്നത് സ്കോര്‍ 125ല്‍ എത്തിയപ്പോഴാണ്. അവസാന ഓവറുകളില്‍ ഡുമിനി ആളിക്കത്തിയത് സ്കോര്‍ ഉയരാന്‍ സഹായിച്ചു.
പവന്‍ നേഗി 10 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. മുംബൈ നിരയില്‍ മക്ളെനാഗന്‍ രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഹര്‍ഭജന്‍ സിങ്, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. നാല് ഓവര്‍ എറിഞ്ഞ ജസ്പ്രീത് ബുംറ 42 റണ്‍സ് വഴങ്ങി. അച്ചടക്കമുള്ള ബൗളിങ് നിരയാണ് ഡല്‍ഹിക്ക് ജയം സമ്മാനിച്ചത്. സ്പിന്നര്‍ അമിത് മിശ്ര നാലോവറില്‍ 24 റണ്‍സിന് രണ്ടു പേരെ പുറത്താക്കിയപ്പോള്‍ ക്രിസ് മോറിസ് 27 റണ്‍സിനും സഹീര്‍ ഖാന്‍ 30 റണ്‍സിനും ഓരോ വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് ഷമി മൂന്നോവറില്‍ 24 റണ്‍സ് വഴങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.