?????????? ??????? ?????????????

ഐ.പി.എല്‍ വാതുവെപ്പ്: ഉന്നതബന്ധം കണ്ടത്തൊന്‍ സൈബര്‍സെല്ലിന്‍െറ സഹായംതേടി

കോഴിക്കോട്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍െറ (ഐ.പി.എല്‍) പേരില്‍ ലക്ഷങ്ങളുടെ വാതുവെപ്പ് നടത്തിയ സംഘത്തിന് ഉന്നതരുമായി ബന്ധമുണ്ടോയെന്ന് കണ്ടത്തൊന്‍ പൊലീസ് സൈബര്‍സെല്ലിന്‍െറ സഹായംതേടി.ശനിയാഴ്ച രാത്രി മിനി ബൈപാസില്‍ സെയില്‍സ് ടാക്സ് ഓഫിസിന് സമീപത്തെ സിറ്റി ഹോസ്റ്റലില്‍നിന്ന് പിടികൂടിയ നാലുപേരില്‍നിന്ന് പിടിച്ചെടുത്ത ഫോണുകളുടെ വിശദാംശങ്ങള്‍ തേടാനാണ് സൈബര്‍സെല്ലിന്‍െറ സഹായംതേടിയത്.തലക്കുളത്തൂര്‍ ഹൈഫാസ് ഹൗസില്‍ അര്‍ഷാദ് (42), നല്ലളം മോഡേണ്‍ ബസാര്‍ നിവാസി ഷംസു (45), അരീക്കാട് സ്വദേശി ഇഫ്സുല്‍ റഹ്മാന്‍ (34), പഞ്ചാബ് ഗുരുദാസപുര്‍ കാദിയയിലേക്ക് മാറിത്താമസിച്ച ചേവായൂര്‍ സ്വദേശി മുഹമ്മദ് റാഷീദ് (31) എന്നിവരാണ് പിടിയിലായത്.

വെബ്സൈറ്റിന്‍െറ സഹായത്താല്‍ കളിയുടെ മൂല്യം നിര്‍ണയിച്ചാണ് വാതുവെപ്പ് തുക നിശ്ചയിക്കുന്നത്. ഐ.പി.എല്ലില്‍ കളിക്കുന്ന ഓരോ ടീമിന്‍െറയും മൂല്യവും കളിയുടെ ഗതിയും നിരീക്ഷിച്ച് കേരളത്തിന്‍െറ പലഭാഗത്ത് നിന്നുള്ളവര്‍ ഫോണില്‍ വിളിച്ച് കളി പ്രവചിക്കും. അടുത്ത പന്ത്, അടുത്ത ഓവര്‍, കളിയുടെ ജയം ആര്‍ക്ക് തുടങ്ങി വ്യത്യസ്ത രീതിയിലാണ് പ്രവചനം. ഓണ്‍ലൈന്‍ വാതുവെപ്പായി നടത്തുന്ന ഈ പ്രവചനം വഴി കഴിഞ്ഞ കുറേ ദിവസങ്ങളായി കോഴിക്കോട്ടേക്ക് ഒഴുകിയത് ലക്ഷക്കണക്കിന് രൂപയാണ്.

അറസ്റ്റിലായ നാലുപേരും വാതുവെക്കാന്‍ വിളിക്കുന്നവരുടെ ഫോണ്‍വിളികള്‍ സ്വീകരിച്ച് പണം രേഖപ്പെടുത്തുന്നവരാണ്. ഇവര്‍ക്കുപിന്നില്‍ ആരെല്ലാം ഉണ്ടെന്നതാണ് വ്യക്തമാകാനുള്ളത്. 10,000 രൂപയാണ് വാതുവെപ്പിന്‍െറ അടിസ്ഥാന തുക. 70,000 രൂപക്ക് അടുത്ത പന്ത് ഉറപ്പിക്കുന്നവര്‍ക്ക് ഫോറാണ് കളിക്കാരന്‍ നേടുന്നതെങ്കില്‍ 74,000 രൂപയും സിക്സറാണ് നേടുന്നതെങ്കില്‍ 76,000 രൂപയും ലഭിക്കും. മറിച്ച് വിക്കറ്റ് നഷ്ടപ്പെട്ടാല്‍ വാതുവെപ്പുകാരന് 10,000 രൂപ നഷ്ടമാകും. ഫോണ്‍ സംഭാഷണമെല്ലാം റെക്കോഡ് ചെയ്യുന്നുണ്ട്. കളികഴിഞ്ഞ അടുത്തദിവസമാണ് പണമിടപാട്. ശനിയാഴ്ച അറസ്റ്റിലാകുമ്പോള്‍ കണ്ടെടുത്ത 5.02 ലക്ഷം രൂപ ഒരുദിവസത്തെ മത്സരത്തിന്‍െറ വരുമാനമാണ്.

അതേസമയം, ചൂതാട്ടം സംബന്ധിച്ച കേസില്‍ കാര്യമായ ശിക്ഷാനടപടി ഇല്ലാത്തത് അന്വേഷണത്തിന് തടസ്സമാകുന്നതായി പൊലീസ് പറയുന്നു. നിരവധിപേരുടെ ഫോണ്‍ കാളുകള്‍, ഇന്‍റര്‍നെറ്റ് ഇടപാടുകള്‍, ഇ-മെയില്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിക്കാനെടുക്കുന്ന സമയനഷ്ടം പരിഗണിക്കുമ്പോള്‍ ഇത്തരം കേസുകള്‍ക്കുള്ള ശിക്ഷ വളരെ ലളിതമാണത്രെ. ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 500 രൂപ പിഴയാണ് ഇത്തരം കേസുകള്‍ക്കുള്ളത്. ഏറെ പരിശ്രമത്തിനുശേഷം കുറ്റപത്രം സമര്‍പ്പിച്ചാല്‍ നിസ്സാര പിഴയടച്ച് പ്രതികള്‍ പുറത്തിറങ്ങുമെന്നും പൊലീസ് പറയുന്നു.എന്നാല്‍, സിറ്റി ഹോസ്റ്റലിലെ മുറി വാടകക്കെടുത്ത് വാതുവെപ്പ് സംഘടിപ്പിക്കാന്‍ ആരെങ്കിലും നേതൃത്വം നല്‍കിയിട്ടുണ്ടോ എന്നതായിരിക്കും പ്രധാനമായും അന്വേഷിക്കുക.

ഐ.പി.എല്‍ ക്രിക്കറ്റ് ആരംഭിച്ചത് മുതല്‍ വാതുവെപ്പില്‍ പങ്കെടുത്ത എല്ലാവരെയും കേസില്‍ പ്രതിചേര്‍ക്കാമെങ്കിലും തെളിയിക്കാനുള്ള സാങ്കേതിക പ്രയാസത്തിനനുസരിച്ചുള്ള ശിക്ഷാനടപടി ഇല്ലാത്തതിനാല്‍ അന്വേഷണസംഘം വിമുഖത കാണിക്കുകയാണ്. വാതുവെപ്പില്‍ പങ്കെടുത്ത് പണം നഷ്ടമായ ഒരാള്‍ നോര്‍ത് അസി. കമീഷണര്‍ കെ. അഷ്റഫിന് നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഇവര്‍ പിടിയിലായത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.